ലോകമാനവിക ചരിത്രം ക്രിസ്തീയസഭകള്‍ നടത്തിയ കൊടും ക്രൂരതകളുടെ ചോരപ്പാടുകളുണങ്ങാത്തതാണ്...
നാലാം നൂറ്റാണ്ടില്‍ ക്രിസ്തുമതം പ്രഖ്യാപിതമായപ്പോള്‍ മുതല്‍ തന്നെ യേശുക്രിസ്തുവുമായോ അദ്ദേഹത്തിന്റെ ദര്‍ശനങ്ങളുമായോ അതിനൊരു ബന്ധവുമുണ്ടായിരുന്നില്ല എന്നതാണ് സത്യം.
"പത്രോസേ നീ പാറയാകുന്നു...അതിന്‍ മേല്‍ എന്റെ പള്ളി പണിയും" എന്നു പറഞ്ഞതിലൂടെ ക്രിസ്തു ഈ ദീര്‍ഘദര്‍ശിത്വം വെളുപ്പെടുത്തിയതായിരുന്നുവോ?.. ..
നവോത്ഥാന കാലഘട്ടത്തിന് മുമ്പ് നടന്ന കുരിശുയുദ്ധങ്ങളുടെ പാരമ്പര്യമാണ് ഇന്നും ക്രിസ്തീയ സഭകള്‍ക്ക് ചേരുക. അന്നും അവര്‍ കുരിശും ക്രിസ്തുവിന്റെ ക്രൂശിതരൂപമുദ്രയും ഉപയോഗിച്ചു കൊണ്ടായിരുന്നു ഈ പാതകങ്ങളൊക്കെ ചെയ്തു കൂട്ടിയത്.
നവോത്ഥാന കാലത്ത് ക്രിസ്തുമതത്തിന്റെ അധിനിവേശ സ്വഭാവത്തില്‍ അയവു വരുകയും വ്യക്തിപരമായ വിശ്വാസങ്ങളിലേയ്ക്ക് ക്രിസ്തീയത ചുരുങ്ങുകയും ചെയ്തത് മത മേധാവികള്‍ നല്ല പിള്ളമാരായി മാറിയതു കൊണ്ടായിരുന്നില്ല. മറിച്ച് ജനങ്ങള്‍ ശാസ്ത്രത്തിന്റെയും സംസ്കാരത്തിന്റെയും മാനവികതയുടെയും തലത്തില്‍ മുന്നോട്ടു പോയതു കൊണ്ടായിരുന്നു. ഇതിന്‍റെ ഫലമായി സഭകള്‍ക്ക് പള്ളികളിലേക്ക് ഒതുങ്ങേണ്ടി വന്നു. ഇന്നും യൂറോപ്യന്‍ രാജ്യങ്ങളില്‍ പാതിരിമാര്‍ക്ക് ഇവിടെയുള്ളതു പോലെയുള്ള മാടമ്പിത്തരം ഇല്ലാത്തത് ഇതിന്റെ തുടര്‍ച്ചയായിട്ടാണ്.
ഇന്ത്യ ബ്രിട്ടീഷ് കോളനിയായിരുന്ന കാലത്ത് അവരുടെ സഹായത്തോടെയായിരുന്നു മിഷിണറിമാര്‍ ഇന്ത്യയിലെങ്ങും സഞ്ചരിച്ചത്. . തിലകന്റെ കാലം മുതല്‍ സ്വാതന്ത്ര്യ സമരത്തിന് ഭഗവദ്ഗീത പോലും ആവേശമായിരുന്നു. എന്നാല്‍ മിഷിണറിമാര്‍ നടത്തിയ മത പ്രചാരണത്തിലൂടെ ആത്മീയ പരിവേഷത്തിനുള്ളില്‍ ഭൗതിക നേട്ടങ്ങളുടെ അപ്പക്കഷണങ്ങള്‍ പകരം വെച്ചു നീട്ടിക്കൊണ്ട് ദേശീയ വിമോചനപ്പോരാട്ടങ്ങള്‍ക്ക് തുരങ്കം വെയ്ക്കുകയായിരുന്നു അവര്‍ ചെയ്തത്.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ മലയാളക്കരയില്‍ കേരളം രൂപീകരിക്കപ്പെടുന്നതിന് മുമ്പേ തന്നെ ക്രിസ്തീയ സഭ തങ്ങളുടെ വിദ്യാഭ്യാസ-ആശുപത്രി സ്ഥാപനങ്ങളുടെ പണികള്‍ മറ്റു മതങ്ങളുമായി മല്‍സരിച്ച് ആരംഭിച്ചിരുന്നു. ഇവയൊക്കെ വിതച്ചാല്‍ കൊയ്തു ലാഭമുണ്ടാക്കി ക്രിസ്തീയസഭകളുടെ ആസ്തി കൂട്ടാമെന്നും കേരളത്തില്‍ അതിന് വളക്കൂറുള്ള മണ്ണാണുള്ളതെന്നും സഭാ മേധാവികള്‍ അന്നേ തിരിച്ചറിഞ്ഞിരുന്നു.
നവോത്ഥാനത്തിലൂടെയും ഇടതു പുരോഗമന ജനാധിപത്യ മുന്നേറ്റങ്ങളിലൂടെയും കേരളത്തിലെ ജനങ്ങള്‍ നേടിയെടുത്തവയെ അപ്പാടെ പിന്നോട്ടടിച്ചു കൊണ്ട് 1959ല്‍ കേരളചരിത്രത്തിലെ നാണംകെട്ട അദ്ധ്യായമായി മാറിയ വിമോചനസമരത്തിന് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്‍റെ ഒറ്റുകാശ് മേടിച്ചു കൊണ്ട് കൂട്ടുനിന്നത് കത്തോലിക്കാ സഭയിലെ മേധാവികളായിരുന്നു. കമ്മ്യൂണിസ്റ്റുകാരെ കൊലക്കത്തികള്ക്കിരയാക്കിക്കൊ ണ്ട് തെരുവില്‍ പള്ളിക്കാരുടെ ഗുണ്ടകള്‍ അഴിഞ്ഞാടുകയായിരുന്നു.
എന്നാല്‍ അതിന് ശേഷം 1960ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് 1957നേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ജനങ്ങള്‍ നല്‍കി. അതേ സമയം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാകട്ടെ, ഇ ജനപിന്തുണ ഉപയോഗപ്പെടുത്തി മതമേധാവികളെ രാഷ്ട്രീയമായി നിശ്ശബ്ദമാക്കുന്നതിന് പകരം അവരെ വളര്‍ന്നു പന്തലിയ്ക്കാന്‍ സഹായകമായ ഭൗതിക സാഹചര്യങ്ങളെ നിഷേധിക്കാതിരിക്കുകയാണ് ചെയ്തത്. ഭൂപരിഷ്കരണത്തില്‍ നിന്ന് പള്ളികളുടെ തോട്ടങ്ങളെ ഒഴിവാക്കി. വിദ്യാഭ്യാസ നയമാകട്ടെ പള്ളിക്കാരന് കൈക്കൂലി മേടിച്ച് അദ്ധ്യാപകരെ നിയമിക്കാനും ശമ്പളം സര്‍ക്കാരില്‍ നിന്ന് ലഭ്യമാക്കാനും സൗകര്യമൊരുക്കി കൊടുത്തു. ഈ തകരാറുകള്‍ പരിഹരിക്കാന്‍ പില്‍ക്കാലത്ത് ഒരു നീക്കവും നടന്നില്ല.
ഇതിന്റെയൊക്കെ ഫലമായി കേരളത്തിലെ ഭൂമിയുടെ നല്ലൊരു ഭാഗവും പ്രൊഫഷണല്‍ കോളോജുകളടക്കം നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങളും ഭൂരിഭാഗം ആശുപത്രികളും കേരളത്തിലെ ജനസംഖ്യയുടെ 19 ശതമാനം മാത്രം വരുന്ന ക്രിസ്ത്യാനികളില്‍ പെടുന്ന ന്യൂനപക്ഷ ധനിക വിഭാഗങ്ങളുടെയും പള്ളിയുടെയും കൈകളിലായിത്തീര്‍ന്നു.
1960കളിലും 70കളിലും വരെ കേരളത്തിലങ്ങളോളമിങ്ങോളം കിഴക്കന്‍ പ്രദേശത്തേയ്ക്ക് കുടിയേറിയ ജനത മലമ്പനിയോടും കാട്ടുമൃഗങ്ങളോടും പോരാടി കൃഷി തുടങ്ങി ഉപജീവനം നടത്തുകയായിരുന്നു. ഇവര്‍ക്ക് പിന്നാലെ വന്ന പള്ളികളും മതമേധാവികളും ഈ പ്രദേശങ്ങളിലുള്ള ആദിവാസികള്‍ക്കും ദളിതര്‍ക്കും വിരുദ്ധമായ സംസ്കാരം വളര്‍ത്തിയെടുക്കുന്നതില്‍ വിജയിക്കുകയുണ്ടായി. പണ്ട് ഇരിട്ടിയില്‍ അജിതയടക്കമുള്ള നക്സലൈറ്റുകളെ പോലീസിന് കാണിച്ചു കൊടുക്കുന്നതും പില്‍ക്കാലത്ത് ജാനുവിന്റെ പിന്നില്‍ നിന്നിരുന്ന നിരപരാധികളായ ആദിവാസികളെ പോലീസിനോടൊപ്പം വേട്ടയാടിയതും ഏറ്റവും ഒടുവില്‍ താമരശ്ശേരിയില്‍ ഫോറസ്റ്റ് ഓഫീസ് കത്തിയ്ക്കുകയും ഇടുക്കിയിലും വയനാട്ടിലും താമരശ്ശേരിയിലും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തതുമൊക്കെ ഈ സംസ്കാരത്തിന്‍റെ ഭാഗമാണ്. (ക്രിസ്തീയ വര്‍ഗ്ഗീയതയുടെ വളര്‍ച്ചയാണ് ജാതീയ സംഘടനകളുടെ വളര്‍ച്ചയ്ക്ക് പ്രോത്സാഹനമായത് എന്ന് കേരളത്തിലെ ഏറ്റവും വലിയ ഇടതു പക്ഷ പാര്‍ട്ടിയായ സിപിഎം അതിന്‍റെ രേഖകളില്‍ സൂചിപ്പിച്ചിട്ടുണ്ട്.).ഇന്ന് പള്ളി കയ്യേറ്റക്കാരനെ സംരക്ഷിച്ചു കൊണ്ട് തങ്ങളില്‍ നിക്ഷിപ്തമായ കര്‍ത്തവ്യം കൃത്യമായി അവര്‍ നിറവേറ്റിക്കൊണ്ടിരിക്കന്നു.
ക്രിസ്തു എന്നത് തങ്ങള്‍ പേറ്റന്റ് എടുത്ത ഒന്നാണെന്ന് കത്തോലിക്കാ മേധാവികള്‍ ഭീഷണിയുടെ സ്വരത്തില്‍ വെളിപ്പെടുത്തുന്നു. അതിന് വേണ്ടി അവരുടെ നിയുക്ത സൈന്യത്ത അഥവാ കുഞ്ഞാടുകളെ തെരുവിലിറക്കി കലാപമുണ്ടാക്കുന്നു. പണ്ട് ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എന്ന നാടകം കാണാന്‍ പോലും മെനക്കെടാതെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു കൊണ്ട് അതിനെ നിരോധിക്കാന്‍ സഭ ആവശ്യപ്പെട്ടതിന് പിന്നിലും ഈ പേറ്റന്റ് സംരക്ഷണ ബോധമാണ്.
വിദ്യാഭ്യാസ പാഠ്യപദ്ധതിയുടെ ഉള്ളടക്കമെന്തെന്ന് തങ്ങള്‍ നിശ്ചയിക്കും എന്ന ധാര്‍ഷ്ട്യം ഇവര്‍ പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്. മതമില്ലാത്ത ജീവന്‍ എന്ന പാഠത്തിനെതിരെ സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ പോലും എട്ടും പൊട്ടും തിരിയാത്ത കുട്ടികളെ ഭീഷണിപ്പെടുത്തി ഒപ്പു ശേഖരണം നടത്തിയത് പള്ളിയിലെ അച്ചന്മാരും കന്യാസ്ത്രീകളുമായിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ അദ്ധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരും നടത്തിയ അവകാശപ്പോരാട്ടങ്ങള്‍ക്കെതിരെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഇളക്കി വിട്ടതും സഭയായിരുന്നു.
റിയല്‍ എസ്റ്റേറ്റ്, വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയ മേഖലകളില്‍ തങ്ങള്‍ പറയുന്ന നയങ്ങളേ നടപ്പാക്കാന്‍ പറ്റൂ എന്ന് കത്തോലിക്ക സഭ നിര്‍ബന്ധം പിടിയ്ക്കുന്നുണ്ട്. ഇതിന്റെയൊക്കെ ഭാഗമായിട്ട് തന്നെ സ്ഥാനാര്‍ത്ഥികളുടെ നിര്‍ണ്ണയവും തങ്ങളുടെ ഇഷ്ടപ്രകാരം അവര്‍ നടത്തിയെടുത്തു കൊണ്ടിരിക്കുന്നു.
രണ്ടു കൊല്ലം മുമ്പ് സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കപ്പെട്ട അവസാനത്തെ അത്താഴ ചിത്രവും യേശു വിപ്ലവകാരിയാണെന്ന പ്രസ്താവനയും കത്തോലിക്കാ സഭയ്ക്ക് സഹിക്കാവുന്നതിലപ്പുറമായിരുന്നു . കുഞ്ഞാടുകളെ വീണ്ടും അവര്‍ തെരുവിലിറക്കി തങ്ങളുടെ വര്‍ഗ്ഗീയ സ്വഭാവം ഒന്നു കൂടി അവര്‍ വെളിപ്പെടുത്തി.
കത്തോലിക്കാ നേതൃത്വത്തിന്‍ കീഴില്‍ ഉള്ള ആശുപത്രികളില്‍ ഉശിരന്‍ പോരാട്ടം നടത്തിയ നഴ്സുമാര്‍ക്ക് മുന്നില്‍ ആഭാസച്ചുവയുള്ള പ്രകടനങ്ങള്‍ നടത്തുകയും അവരെ അസഭ്യവര്‍ഷത്തില്‍ കുളിപ്പിക്കുകുയും ചെയ്തത് സഭയിലെ പുരോഹിതന്മാരായിരുന്നു.
ഏറ്റവും ഒടുവില്‍ ഗ്രാമസഭകള്‍ക്ക് ചര്‍ച്ച ചെയ്തു സ്വീകരിക്കുകയോ നവീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്യാവുന്ന ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അത്തരത്തില്‍ ജനാധിപത്യപരമായി അവതരിപ്പിച്ച് ജനപ്രതിനിധികള്‍ തീരുമാനമെടുക്കുന്നതും അത്തരത്തില്‍ ക്വാറി-മണല്‍-വനം മഫിയാകളെ ജനങ്ങള്‍ രാഷ്ട്രീയമായി കൈകാര്യം ചെയ്യുന്നതും ഫലപ്രദമായി തടയാന്‍ ക്രിസ്ത്യന്‍ പൗരോഹിത്യത്തിനും വര്‍ഗ്ഗീയതയ്ക്കും കഴിഞ്ഞു. ഇത്തരത്തില്‍ വര്‍ത്തമാന കാലത്തെ ധന-ഊഹ മൂലധന ശക്തികളെയും അവയുടെ വ്യവഹാരങ്ങളെയും ഭീകരതയുടെയും ജനാധിപത്യവിരുദ്ധതയുടെയും വര്‍ഗ്ഗീയതയുടെയും അന്തരീക്ഷത്തില്‍ ഊര്‍ജസ്വലമാക്കുകയും അതിലൂടെ തടിച്ചു കൊഴുക്കുകയും ചെയ്യുകയാണ് കത്തോലിക്കാ മതമേധാവികള്‍.
കമ്മ്യൂണിസ്റ്റുകാരുടെ അപചയത്തിന്‍റെ ചരിത്രം 1957ലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലത്ത് തുടങ്ങുന്നു. വിദ്യാഭ്യാസ നയത്തിന്‍റെയും ഭൂപരിഷ്കരണനയങ്ങളുടെയും ദൗര്‍ബ്ബല്യങ്ങള്‍ പരിഹരിക്കാനെങ്കിലും ശ്രമിക്കണമായിരുന്നു. 1960ല്‍ കൂടുതല്‍ വോട്ടുകള്‍ നല്‍കി ജനങ്ങള്‍ പിന്തുണച്ചപ്പോള്‍ ഈ വഞ്ചകപ്പരിഷകളുടെ അണ്ണാക്കില്‍ ആശയപരമായി ഈയം ഉരുക്കി ഒഴിച്ച് രാഷ്ട്രീയ വേദികളില്‍ നിന്നെല്ലാം ചവിട്ടിപ്പുറത്താക്കണമായിരുന്നു . എന്നാല്‍ ഇവയുടെ രാഷ്ട്രീയക്കോമാളികളായ കേരളാ കോണ്‍ഗ്രസ്സിനെ പരിലാളിക്കുകയായിരുന്നു മുഖ്യധാരാ ഇടതു പാര്‍ട്ടികള്‍ ചെയ്തത്. ഇടതു പക്ഷത്തിന്‍റെ ഭരണകാലത്ത് പള്ളിക്കാര്‍ക്ക് വേണ്ടി പ്ലസ് ടു കോഴ്സുകള്‍ വാരിക്കോരിക്കൊടുത്ത് വിദ്യാഭ്യാസരംഗം ജോസഫ് വഷളാക്കിയതിനാലാണ് അടുത്ത തവണ ജോസഫിനെ ഒഴിവാക്കി സിപിഎംകാരനായ ബേബിയെ മന്ത്രിയാക്കിയത്. മതമില്ലാത്ത ജീവന്‍ എന്ന പാഠം മുതല്‍ ഏകജാലക സംവിധാനം വരെയുള്ള കാര്യങ്ങളില്‍ പള്ളി മേധാവികള്‍ നടത്തിയ വൃത്തികെട്ട നുണ പ്രചാരണങ്ങള്‍ ഇപ്പോഴും നമ്മുടെ ഓര്‍മ്മയിലുണ്ട്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെ തളളിക്കളയണമെന്നും ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഗ്രാമസഭകളില്‍ ചര്‍ച്ച ചെയ്തു കൊണ്ട് തള്ളുകയോ പരിഷ്കരിക്കുകയോ കൊള്ളുകയോ ചെയ്യണമെന്ന തികച്ചും ജനാധിപത്യപരമായ നിര്‍ദ്ദേശത്തെ ഇല്ലതാക്കി ജനങ്ങളെയും ജനപ്രതിനിധികളെയും രാഷ്ട്രീയ തീരുമാനങ്ങളെടുക്കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ച് പള്ളിമേധാവികളുടെ നിയുക്തസേനാംഗങ്ങളാക്കി മുഖ്യാധാരാ ഇടതുപക്ഷത്തെ അവരുടെ സുവിശേഷക്കാരാക്കി മാറ്റുകയാണ് ഒടുവില്‍ ഉണ്ടായിട്ടുള്ളത് എന്നത് നിര്‍ഭാഗ്യകരമായ ദുരന്തമാണ്.
ഇടുക്കി ജില്ലയില്‍ കുടിയിറക്കിനെതിരെ സത്യാഗ്രഹം കിടന്നത് സ.എ.കെ.ജിയായിരുന്നു. ഒരു നികൃഷ്ടജീവിയുടെയും സഹായം ഇടുക്കിയിലെ സഖാക്കള്‍ക്ക് അന്ന് വേണമായിരുന്നില്ല. ഒരു അരമനയിലും അദ്ദേഹത്തിന് കയറിയിറങ്ങേണ്ടി വന്നിട്ടില്ല. പള്ളിക്കാരുടെ വലതു പക്ഷ നിലപാടുകള്‍ക്കും അവര്‍ പ്രതിനിധാനം ചെയ്യുന്ന മൂലധന ശക്തികള്‍ക്കും എതിരേ ഒത്തു തീര്‍പ്പില്ലാത്ത പോരാട്ടം നടത്തിക്കൊണ്ടാണ് മലയോരമേഖലകളിലും കേരളത്തിന്റെ ഇതരമേഖലകളിലും ചെങ്കൊടി പാറിച്ചിട്ടുള്ളത് എന്നതു മാത്രമാണ് വസ്തുത. പോപ്പിന് കൊണ്ടു പോയി രാമായണവും മഹാഭാരതവുമൊക്കെ കൊടുത്ത് ഇവിടത്ത കത്തോലിക്കാ സഭക്കാരെ പ്രീണിപ്പിച്ചിട്ടല്ല മറിച്ച് പോപ്പിന്റെ വത്തിക്കാന് നല്ലൊരു സൈന്യം പോലുമില്ലല്ലോ എന്നു പുച്ഛിച്ച സ്റ്റാലിന്റെ പാരമ്പര്യമാണ് കേരളത്തെ ചുവപ്പിച്ചിട്ടുള്ളത്.
ക്രിസ്ത്യന്‍ സഭയുടെ വര്‍ഗ്ഗീയത മറ്റെന്തിനെയും പോലെ തന്നെ ഫൈനാന്‍സ് മൂലധന ശക്തികള്‍ക്ക് യഥേഷ്ടം പ്രവര്‍ത്തിക്കാനുള്ള കളമൊരുക്കുന്ന ഫാസിസ്റ്റ് പ്രവണത തന്നെയാണ്. ആത്മീയ കാപട്യ പരിവേഷങ്ങള്‍ക്ക് രാഷ്ടീയ-സാമൂഹിക -സാംസ്കാരിക മേഖലകളുടെ പുറമ്പോക്കുകളില്‍ തെമ്മാടിക്കുഴികള്‍ തീര്‍ക്കുകയാണ് മതേതര വിശ്വാസികളും പുരോഗമന ജനാധിപത്യ വിശ്വാസികളും ഇടതു ചിന്താഗതിക്കാരും ചെയ്യേണ്ടത്.
2 comments:
Paranjathokke parama sathyam thanne...pallikkarum pattakkarum orukalathum
communist partikalkku
vote cheythittilla...ini
cheyyukayumilla...idathu pakshakkar pinnenthinanu ivare preenippikkanayi nadakkunnathu ennanu manasilakathathu...
സമഗ്രമായ ലേഖനം, പഠനം.
Post a Comment