Thursday 26 May 2011

മാര്‍ക്സിസം - ഒരു ഹൃദയപക്ഷ സമീപനത്തിന്റെ ആവശ്യകത.കമ്മ്യൂണിസ്റ്റ് ക്യൂബയും സ്വകാര്യ സ്വത്ത് അനുവദിക്കുമ്പോള്‍ പഴയ കോലാഹലങ്ങള്‍ ഇല്ലാതെ മുതലാളിത്ത ക്യാമ്പുകള്‍ ഹര്‍ഷപുളകിതര്‍ ആകുന്നുണ്ട്. കമ്മ്യുണിസം തകര്‍ന്നു പോയ സ്വപ്നം ആണെന്ന് പ്രചരിപ്പിക്കുന്നതില്‍ സാമ്രാജ്യത്ത മോഹികള്‍ വിജയിച്ചു. കമ്മ്യൂണിസ്റ്റ് ക്യാമ്പുകള്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതിലോ ആശയ പ്രചരണങ്ങളിലോ വേണ്ടത്ര വിജയിച്ചില്ല. ഒരു നൂറ്റാണ്ടിന്റെ തീവ്ര സ്വപ്നം എങ്ങനെ ഇത്രയേറെ അന്യം വന്നു എന്നു പരിശോധിക്കുന്നതില്‍ കമ്മ്യൂണിസ്റ്റ് സഹയാത്രികര്‍ കര്‍മ്മ കുശലരായില്ല. അതിനു കാരണം കമ്മ്യൂണിസ്റ്റുകാര്‍ തന്നെ ഭീകരമായ ആശയ കുഴപ്പത്തില്‍ വീണു പോവുകയായിരുന്നു. സോവിയറ്റ് യൂണിയനിലും കിഴക്കന്‍ യൂറോപ്പിലും സോഷ്യലിസ്റ്റ് ഭരണകൂടങ്ങള്‍ നിലം പൊത്തുമ്പോള്‍ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് ആചാര്യന്‍ ഇ. എം. എസ് പറഞ്ഞത് സഹോദര പാര്‍ട്ടികള്‍ നല്‍കുന്ന വിവരങ്ങള്‍ അതേപടി സ്വീകരിക്കുന്നതില്‍ തെറ്റ് സംഭവിച്ചു എന്നാണ്. കമ്മ്യൂണിസത്തിന്റെ ഈ തിരിച്ചു പോക്കിനെ, എന്തുകൊണ്ട് ഈ അപചയം വന്നു എന്ന് പരിശോധിക്കുവാനും കമ്മ്യൂണിസത്തിന്റെ നാളത്തെ ഭാവി എന്തെന്ന് ചങ്കുറപ്പോടെ പറയുവാനും കമ്മ്യൂണിസ്റ്റുകാര്‍ക്ക് നാളിതുവരെ കഴിഞ്ഞിട്ടില്ല. അല്ലെങ്കില്‍ അത്തരം അന്വേഷണങ്ങള്‍ തമ്സ്കരിക്കപ്പെടുകയും ആഗോളവല്‍ക്കരണം ഒരു യാഥാര്‍ത്ഥ്യം എന്ന നിലയില്‍ അതിന്റെ നിലയില്ലാക്കയത്തില്‍ മുങ്ങിപ്പോവുകയും ചെയ്യുന്ന അവസ്ഥയാണ് ഇന്ന് നിലവിലുള്ളത്.

ലോകമുതലാളിത്തം വമ്പന്‍ പ്രതിസന്ധികള്‍ നേരിടുന്നതും അറബ് രാജ്യങ്ങളില്‍ മുല്ലപ്പൂ വിപ്ലവങ്ങള്‍ വിരിയുന്നതും കണ്ട നാളുകള്‍ ആണ് നമ്മെ കടന്നു പോകുന്നത്. എന്തുകൊണ്ട് ജനത സ്വയം തിരിച്ചറിയുകയും, പോരാട്ടത്തിന്റെ ഭൂമികയിലേക്ക് ഇറങ്ങി വരികയും ചെയ്യുന്ന ഈ വര്‍‌ത്തമാന സാഹചര്യങ്ങളിലും നമുക്ക് ഇടതു പക്ഷ മുന്നേറ്റങ്ങള്‍ ഉണ്ടാകുന്നില്ല? നമ്മുടെ ജനകീയ സമരങ്ങള്‍ സന്നദ്ധ സംഘടനകള്‍ എന്തുകൊണ്ട് ഹൈജാക്ക് ചെയ്യുന്നു? ഓരോ ഇടതുപക്ഷക്കാരനും ഈ അന്വേഷണങ്ങള്‍ ജാഗ്രതയോടെ ഏറ്റെടുക്കണം എന്നാണു എന്റെ പക്ഷം.

നമുക്ക് എന്ത് സംഭവിച്ചു? നമ്മുടെ ചിന്തകള്‍ മാര്‍ക്സിസത്തില്‍ നിന്നും അകന്നു പോയോ? മാര്‍ക്സിസത്തെ ശരിയായി മനസ്സിലാക്കുന്നതില്‍ നമുക്ക് തെറ്റ് സംഭവിച്ചുവോ? അതോ മുതലാളിത്ത ശക്തികള്‍ പറയുന്നതു പോലെ അത് പരാജയപ്പെട്ട തത്വശാസ്ത്രമാണോ? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടാനുള്ള ശ്രമമാണ് ഈ കുറിപ്പ്. തീര്‍ച്ചയായും ചര്‍ച്ചകള്‍ നാനാഭാഗത്ത്‌ നിന്നും ഉയര്‍ന്നു വരേണ്ടതുണ്ട്. മാര്‍ക്സിസം ശരിയായി ചൂണ്ടിക്കാട്ടിയതുപോലെ ശേഖരിക്കപ്പെട്ട ചിന്തയാണ് (collective thought) വജ്രം പോലെ കരുത്തേറിയത് ആകുക.

ഞാന്‍ തുടക്കത്തില്‍ പറഞ്ഞതുപോലുള്ള (കമ്മ്യൂണിസ്റ്റ് ക്യൂബയും സ്വകാര്യ സ്വത്ത് അനുവദിക്കുമ്പോള്‍) പ്രവണതകള്‍ മാര്‍ക്സിസത്തിന്റെ വികാസത്തെ എങ്ങനെ നിര്‍ണ്ണയിക്കും? മുതലാളിത്തം പൈശാചികമാണെന്നു നിരന്തരം ബോദ്ധ്യപ്പെടുന്ന ഈ കാലയളവിലും മുതലാളിത്ത പരിഹാര മാര്‍ഗ്ഗങ്ങള്‍ കൊണ്ട് ബദലുകള്‍ സൃഷ്ടിക്കുവാനുള്ള ശ്രമത്തിലാണ് ഈ പാര്‍ട്ടികള്‍. മാര്‍ക്സിസത്തിന്റെ അന്തസ്സത്ത വര്‍ഗ്ഗ സമരം ആണെന്നിരിക്കെ, വര്‍ഗ്ഗ സമരം കയ്യൊഴിഞ്ഞ പരിഷ്ക്കാരങ്ങള്‍ ആണ് ഒരു വിഭാഗം കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ തുടരുന്നത്. അന്‍പതുകളില്‍ സോവിയറ്റ് സാമ്പത്തീക പരിഷ്കാരങ്ങള്‍ക്കുള്ള പഠന കുറിപ്പില്‍ മാവോ എഴുതി - ഈ രീതിയിലാണ് സോവിയറ്റ് റഷ്യ മുന്നോട്ടു പോകുന്നത് എങ്കില്‍ അത് ഒരു മുതലാളിത്ത റഷ്യ ആയി പരിണമിക്കുവാന്‍ ഉള്ള സാദ്ധ്യത തള്ളിക്കളയുവാന്‍ ആകില്ല എന്ന്. സോഷ്യലിസ്റ്റു വിപ്ലവത്തിന് മുന്‍പും ശേഷവും പാര്‍‌ട്ടിക്കുള്ളിലും സമൂഹത്തിലും നടക്കേണ്ട വര്‍ഗ്ഗ സമരത്തെ, ഇത്രയും ശക്തമായി ചൂണ്ടിക്കാണിച്ച സഖാവ് മാവോ സെ തുങ്ങിന്റെ ചിന്തകള്‍ എത്ര ലാഘവത്തോടെയാണ് നാം തമസ്കരിച്ചത്. ഒരു തോക്ക് നേതൃത്വത്തിനെതിരെ തിരിച്ചു വെയ്ക്കണം എന്ന് നിര്‍ദ്ദേശിച്ച സഖാവിന്റെ ചിന്തകള്‍ തീര്‍ച്ചയായും പര്ട്ടിസാന്‍ (partisan) പിന്തുടരുന്ന പ്രസ്ഥാനങ്ങള്‍ക്ക്‌ സ്വീകാര്യമാവില്ല എന്നതില്‍ അത്ഭുതമില്ല.

സോഷ്യലിസ്റ്റു ചേരിയുടെ പരാജയം, മാര്‍ക്സിസത്തെ മനസ്സിലാക്കുന്നതില്‍ വന്ന പരാജയമെന്ന് വിശദീകരിക്കുവാനാണ്‌ ഞാന്‍ ഇവിടെ ശ്രമിക്കുന്നത്. കാരണം ആ അര്‍ത്ഥത്തില്‍ വേണ്ടത്ര പഠനങ്ങള്‍ നടന്നിട്ടില്ല. ഇന്ത്യയില്‍ പൊതുവേ മാര്‍ക്സിസം ഒരു യുക്തി ചിന്തയായാണ് അവതരിക്കപ്പെട്ടത്. ശാസ്ത്രീയമായ നിഗമനങ്ങളെ മാര്‍ക്സിസം ഉള്‍കൊള്ളുന്നുവെങ്കിലും യുക്തിക്കും ബുദ്ധിക്കും അതീതമായ ഹൃദയാത്മാകമായ ഒരു സമീപനം മാര്‍ക്സിസത്തിന്റെ കാതലാണ്‌. കാരണം അത് ഒരു സ്വപ്നത്തെ താലോലിക്കുന്നു. മനുഷ്യന്‍ മനുഷ്യന്റെ സ്വരം സംഗീതം പോലെ ആസ്വദിക്കുന്ന ഒരു കാലത്തെ അത് സ്വപ്നം കാണുന്നുണ്ട്. അത് കൊണ്ട് തന്നെ യുക്തി ചിന്തകളുടെ ഭൂമികയില്‍ മാത്രം പരിഹരിക്കപ്പെടേണ്ട വിഷയമല്ല മാര്‍ക്സിസം.

മനുഷ്യചരിത്രം വര്‍ഗ്ഗസമരങ്ങളുടെ ചരിത്രം എന്ന് വിലയിരുത്തുമ്പോള്‍ തന്നെ രണ്ടു സമീപന രീതികള്‍ എക്കാലത്തും മനുഷ്യ ചിന്തയെ സ്വാധീനിച്ചിട്ടുണ്ട്. ഒന്ന് ബുദ്ധിയുടെ/യുക്തിയുടെ തലവും മറ്റൊന്ന് മനസ്സിന്റെ തലവും ആണ്. ബുദ്ധിയുടെ തലം എല്ലാ വിമോചന സങ്കല്‍‌പങ്ങളേയും എക്കാലവും തള്ളിക്കളഞ്ഞിട്ടുണ്ട്. മനസ്സിന്റെ അല്ലെങ്കില്‍ ഹൃദയത്തിന്റെ സമീപനം കാരുണ്യമോ സ്നേഹമോ ഇല്ലാത്ത യുക്തികളെ നിരന്തരം നിരാകരിച്ചിട്ടുമുണ്ട്. മാര്‍ക്സിസം ഹൃദയപക്ഷ നിലപാടിന് ശാസ്ത്രീയതയുടെ പിന്‍ബലം സ്വീകരിക്കുകയായിരുന്നു.

ഉത്പാദന ബന്ധങ്ങളില്‍ നടക്കേണ്ടുന്ന വര്‍ഗ്ഗസമരം വിശദീകരിക്കപ്പെടുമ്പോഴും പ്രയോഗിക്കപ്പെടുമ്പോഴും ബോധ തലത്തില്‍ നടക്കേണ്ടുന്ന വര്‍ഗ്ഗസമരം അവഗണിക്കപ്പെട്ടു. യുക്തി ചിന്തകള്‍ക്കൊണ്ട് ഹൃദയ ചിന്തകള്‍ നിരാകരിക്കപ്പെട്ടു. സ്വപ്നത്തിനു പകരം പ്രായോഗികത എന്ന യുക്തി സ്ഥാപിക്കപ്പെട്ടു. അതുകൊണ്ടാണ് കുപ്രസിദ്ധമായ പൂച്ച സിദ്ധാന്തവും കുരങ്ങു സിദ്ധാന്തവും ഉണ്ടായത്. ചൈനീസ് കമ്മ്യൂണിസ്റ്റു പാര്‍ട്ടിയില്‍ ആണ് പൂച്ചസിന്ധാന്തം അവതരിപ്പിക്കപ്പെട്ടത്. പൂച്ച കറുത്തതായാലും വെളുത്തതായാലും എലിയെപിടിച്ചാല്‍ മതിയില്ലേ എന്ന യുക്തിയാണ് അന്ന് ഉന്നയിക്കപ്പെട്ടത്. അതായത് ഉത്പാദന വിതരണ സംവിധാനങ്ങള്‍ എന്ത് തന്നെ ആയാലും സോഷ്യലിസം പുലര്‍ന്നാല്‍ പോരെ എന്ന കേവല യുക്തി ആയിരുന്നു. മാര്‍ഗ്ഗമല്ല ലക്ഷ്യമാണ്‌ പ്രധാനം എന്ന കുയുക്തിയാണ് അത്.


ഇതേ കുയുക്തികള്‍ ആണ് ഇന്ത്യയിലെ പ്രസ്ഥാനത്തെയും പിടികൂടിയത്. നമ്മുടെ മാര്‍ക്സിസ്റ്റ്‌ ആചാര്യന്‍, മനുഷ്യന്‍ കുരങ്ങിലേക്ക്‌ തിരിച്ചു പോകുന്നില്ല എന്ന യുക്തി ഉദാഹരിച്ചു കൊണ്ട് സോഷ്യലിസം മുതലാളിത്തത്തിലേക്ക് തിരിച്ചു പോകില്ല എന്ന കുരങ്ങുസിദ്ധാന്തം അവതരിപ്പിച്ചു. മാര്‍ക്സിസത്തില്‍ മാത്രമല്ല പരിണാമ സിദ്ധാന്തത്തിലും തനിക്കുള്ള അജ്ഞതയാണ് അദ്ദേഹം വെളിപ്പെടുത്തിയത്. വസ്തുതകളുടെ വ്യക്തവും സമഗ്രവുമായ വിശകലനത്തിലൂടെ ആശയത്തിലേക്ക് ചെന്നെത്തുക എന്ന മാര്‍ക്സിസ്റ്റു സമീപനം കൈ ഒഴിയപ്പെട്ടതിന്റെ, കേവല യുക്തിയെ തല്‍‌സ്ഥാനത്ത് പ്രതിഷ്ഠിച്ചതിന്റെ ഒരു ചരിത്രം നമുക്ക് കാണാനാകും. ഇ. എം. എസ്സിന്റെ നിലപാടുകള്‍ ഒട്ടുമിക്കവയും ഒരു മാര്‍ക്സിസ്റ്റിന്റേത് ആയിരുന്നില്ലെന്ന് പറയുമ്പോള്‍ നെറ്റിചുളിയേണ്ടതില്ല. ആണവ നിലയങ്ങളെ പറ്റി, ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ പറ്റി എല്ലാം തന്നെ മാര്‍ക്സിസ്റ്റു വിരുദ്ധമായ കാഴ്ചപ്പാടുകള്‍ ആണ് അദ്ദേഹം പ്രചരിപ്പിച്ചു കൊണ്ടിരുന്നത്. (ഇ. എം. എസ്സ്‌ അല്ല നമ്മുടെ വിഷയം എന്നതുകൊണ്ട്‌ നമുക്ക് വിഷയത്തിലേക്ക് മടങ്ങാം.)


മാര്‍ക്സിസത്തെ യുക്തി വാദത്തില്‍ നിന്നും വിമോചിപ്പിക്കുകയാണ് അടിയന്തിര കടമ എന്ന് ഞാന്‍ വിശ്വസിക്കുന്നു. അത് കേവല യുക്തിയുടെ തത്വചിന്തയല്ല. അത് എല്ലാ തരത്തിലും അടിച്ചമര്‍‌ത്തപ്പെടുന്ന സര്‍വ്വ വിഭാഗം ജനങ്ങളുടേയും മോചനത്തെ ലക്‌ഷ്യം വെക്കുന്ന ഒരു സമഗ്ര ചിന്തയാണ്. അത് വര്‍ഗ്ഗ സമരത്തില്‍ അധിഷ്ഠിതമാണ്. ബോധത്തിലും അബോധത്തിലും, ഉത്പാദന ബന്ധങ്ങളിലും, കുടുംബ സാമൂഹിക ബന്ധങ്ങളിലും സര്‍വ്വ വ്യാപിയായി നിരന്തരം വികസിക്കേണ്ട വര്‍ഗ്ഗ സമരമാണ് അതിന്റെ അടിസ്ഥാന ഘടകം. വര്‍ഗ്ഗ സമരം കൈ ഒഴിഞ്ഞു കൊണ്ടുള്ള ഏതൊരു വ്യതിചലനവും നേരെ വിപരീതമായ ഫലത്തില്‍ ആണ് ചെന്നെത്തുക.


വര്‍ഗ്ഗ സമരം ഒരു സമീപന രീതിയാണ്. ഓരോ നിലപാടുകളും ആത്യന്തികമായി എന്താണ് പുനരുല്‍‌പാദിപ്പിക്കുക എന്ന ഫലത്തെയാണ് അത് നിര്‍ണ്ണയിക്കുന്നത്. വര്‍ഗ്ഗ സമരം വിദൂര ഫലങ്ങളെ നിര്‍ണ്ണയിക്കുന്ന തന്ത്രപരമായ സമരങ്ങള്‍ ആണ്. അല്ലാതെ പ്രായോഗികതയില്‍ ഊന്നിയ സമീപസ്ഥ ഫലങ്ങള്‍ അല്ല.

ആഗോളവല്‍‌ക്കരണത്തിന്റെ സമീപസ്ഥ നാളുകളില്‍ മാര്‍ക്സിസം കാലഹരണപ്പെട്ടു അല്ലെങ്കില്‍ അപ്രായോഗികം എന്നീ പല്ലവികള്‍ ഉയരുന്നുണ്ട്. പക്ഷെ ആഗോളവത്ക്കരണത്തിന്റെ ഉദയവും അത് ചരിത്രത്തില്‍ നിര്‍വ്വഹിക്കാന്‍ പോകുന്ന പ്രശ്നങ്ങളും തുടക്കത്തിലേ സഖാവ് മാവോ സെ തുംഗ് ചൂണ്ടിക്കാട്ടുകയുണ്ടായിട്ടുണ്ട്. സൈനീക അടിമത്തം അപ്രസക്തമായ നാളുകളില്‍ സാമ്രാജ്യത്തം സാമ്പത്തീക അടിമത്തത്തിന്റെ തന്ത്രങ്ങളിലേക്ക് ചുവടു മാറുന്നുവെന്നു മാവോ ചൂണ്ടിക്കാട്ടുകയുണ്ടായി. വര്‍ഗ്ഗ സമരം പുതിയ സാഹചര്യങ്ങളില്‍ പുതിയ വെല്ലുവിളികളെ നേരിടാന്‍ പോകുന്നു എന്നും ചൂണ്ടിക്കാണിക്കപ്പെട്ടു.


പക്ഷെ മാവോയുടെ മുന്നറിയിപ്പുകള്‍ എല്ലാം തന്നെ തമസ്കരിക്കപ്പെടുകയും നാം സാമ്രാജ്യത്ത പദ്ധതികളുടെ നല്ല നടത്തിപ്പുകാരായി മാറുകയുമാണ് ഉണ്ടായത്. സത്യത്തില്‍ പ്രയോഗിക്കപ്പെടാത്ത സിദ്ധാന്തമാണ്‌ ഇന്ന് പരാജയപ്പെട്ടു എന്ന് വിലപിക്കുന്നത്.

ഈ കുറിപ്പ് ഇവിടെ അവസാനിപ്പിക്കാം എന്ന് കരുതുന്നു. നേരത്തെ ചൂണ്ടിക്കാട്ടിയ പോലെ സംഘടിതമായ ചിന്തയിലൂടെ വികസിപ്പിക്കേണ്ട ഒന്നാണ് മാര്‍ക്സിസം. അത് പ്രയോഗത്തിന്റെ പ്രത്യയശാസ്ത്രമാണ്. അതുകൊണ്ട് വിശദമായ ചര്‍ച്ചക്കും ചിന്തക്കും ഞാനീ കുറിപ്പ് സമര്‍പ്പിക്കുന്നു. എന്റെ തെറ്റുകള്‍ തിരുത്തിക്കൊണ്ടും വിട്ടുപോയ കാര്യങ്ങള്‍ കൂട്ടിച്ചേര്‍‌ത്തു കൊണ്ടും ഈ ചര്‍ച്ച ഫലവത്താക്കണം എന്ന് അപേക്ഷിക്കുന്നു.


അഭിവാദ്യങ്ങളോടെ...