Wednesday 19 March 2014

പശ്ചിമ ഘട്ടവും ക്രൈസ്തവ സഭയും. - സി എൻ ജയരാജൻ.

ലോകമാനവിക ചരിത്രം ക്രിസ്തീയസഭകള്‍ നടത്തിയ കൊടും ക്രൂരതകളുടെ ചോരപ്പാടുകളുണങ്ങാത്തതാണ്...

നാലാം നൂറ്റാണ്ടില്‍ ക്രിസ്തുമതം പ്രഖ്യാപിതമായപ്പോള്‍ മുതല്‍ തന്നെ യേശുക്രിസ്തുവുമായോ അദ്ദേഹത്തിന്റെ ദര്‍ശനങ്ങളുമായോ അതിനൊരു ബന്ധവുമുണ്ടായിരുന്നില്ല എന്നതാണ് സത്യം.

"പത്രോസേ നീ പാറയാകുന്നു...അതിന്‍ മേല്‍ എന്റെ പള്ളി പണിയും" എന്നു പറഞ്ഞതിലൂടെ ക്രിസ്തു ഈ ദീര്‍ഘദര്‍ശിത്വം വെളുപ്പെടുത്തിയതായിരുന്നുവോ?....

നവോത്ഥാന കാലഘട്ടത്തിന് മുമ്പ് നടന്ന കുരിശുയുദ്ധങ്ങളുടെ പാരമ്പര്യമാണ് ഇന്നും ക്രിസ്തീയ സഭകള്‍ക്ക് ചേരുക. അന്നും അവര്‍ കുരിശും ക്രിസ്തുവിന്റെ ക്രൂശിതരൂപമുദ്രയും ഉപയോഗിച്ചു കൊണ്ടായിരുന്നു ഈ പാതകങ്ങളൊക്കെ ചെയ്തു കൂട്ടിയത്. 

നവോത്ഥാന കാലത്ത് ക്രിസ്തുമതത്തിന്റെ അധിനിവേശ സ്വഭാവത്തില്‍ അയവു വരുകയും വ്യക്തിപരമായ വിശ്വാസങ്ങളിലേയ്ക്ക് ക്രിസ്തീയത ചുരുങ്ങുകയും ചെയ്തത് മത മേധാവികള്‍ നല്ല പിള്ളമാരായി മാറിയതു കൊണ്ടായിരുന്നില്ല. മറിച്ച് ജനങ്ങള്‍ ശാസ്ത്രത്തിന്റെയും സംസ്കാരത്തിന്റെയും മാനവികതയുടെയും തലത്തില്‍ മുന്നോട്ടു പോയതു കൊണ്ടായിരുന്നു. ഇതിന്‍റെ ഫലമായി സഭകള്‍ക്ക് പള്ളികളിലേക്ക് ഒതുങ്ങേണ്ടി വന്നു. ഇന്നും യൂറോപ്യന്‍ രാജ്യങ്ങളില്‍ പാതിരിമാര്‍ക്ക് ഇവിടെയുള്ളതു പോലെയുള്ള മാടമ്പിത്തരം ഇല്ലാത്തത് ഇതിന്റെ തുടര്‍ച്ചയായിട്ടാണ്. 

ഇന്ത്യ ബ്രിട്ടീഷ് കോളനിയായിരുന്ന കാലത്ത് അവരുടെ സഹായത്തോടെയായിരുന്നു മിഷിണറിമാര്‍ ഇന്ത്യയിലെങ്ങും സഞ്ചരിച്ചത്. . തിലകന്റെ കാലം മുതല്‍ സ്വാതന്ത്ര്യ സമരത്തിന് ഭഗവദ്ഗീത പോലും ആവേശമായിരുന്നു. എന്നാല്‍ മിഷിണറിമാര്‍ നടത്തിയ മത പ്രചാരണത്തിലൂടെ ആത്മീയ പരിവേഷത്തിനുള്ളില്‍ ഭൗതിക നേട്ടങ്ങളുടെ അപ്പക്കഷണങ്ങള്‍ പകരം വെച്ചു നീട്ടിക്കൊണ്ട് ദേശീയ വിമോചനപ്പോരാട്ടങ്ങള്‍ക്ക് തുരങ്കം വെയ്ക്കുകയായിരുന്നു അവര്‍ ചെയ്തത്. 

സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ മലയാളക്കരയില്‍ കേരളം രൂപീകരിക്കപ്പെടുന്നതിന് മുമ്പേ തന്നെ ക്രിസ്തീയ സഭ തങ്ങളുടെ വിദ്യാഭ്യാസ-ആശുപത്രി സ്ഥാപനങ്ങളുടെ പണികള്‍ മറ്റു മതങ്ങളുമായി മല്‍സരിച്ച് ആരംഭിച്ചിരുന്നു. ഇവയൊക്കെ വിതച്ചാല്‍ കൊയ്തു ലാഭമുണ്ടാക്കി ക്രിസ്തീയസഭകളുടെ ആസ്തി കൂട്ടാമെന്നും കേരളത്തില്‍ അതിന് വളക്കൂറുള്ള മണ്ണാണുള്ളതെന്നും സഭാ മേധാവികള്‍ അന്നേ തിരിച്ചറിഞ്ഞിരുന്നു.

നവോത്ഥാനത്തിലൂടെയും ഇടതു പുരോഗമന ജനാധിപത്യ മുന്നേറ്റങ്ങളിലൂടെയും കേരളത്തിലെ ജനങ്ങള്‍ നേടിയെടുത്തവയെ അപ്പാടെ പിന്നോട്ടടിച്ചു കൊണ്ട് 1959ല്‍ കേരളചരിത്രത്തിലെ നാണംകെട്ട അദ്ധ്യായമായി മാറിയ വിമോചനസമരത്തിന് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്‍റെ ഒറ്റുകാശ് മേടിച്ചു കൊണ്ട് കൂട്ടുനിന്നത് കത്തോലിക്കാ സഭയിലെ മേധാവികളായിരുന്നു. കമ്മ്യൂണിസ്റ്റുകാരെ കൊലക്കത്തികള്‍ക്കിരയാക്കിക്കൊണ്ട് തെരുവില്‍ പള്ളിക്കാരുടെ ഗുണ്ടകള്‍ അഴിഞ്ഞാടുകയായിരുന്നു. 

എന്നാല്‍ അതിന് ശേഷം 1960ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് 1957നേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ജനങ്ങള്‍ നല്‍കി. അതേ സമയം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാകട്ടെ, ഇ ജനപിന്തുണ ഉപയോഗപ്പെടുത്തി മതമേധാവികളെ രാഷ്ട്രീയമായി നിശ്ശബ്ദമാക്കുന്നതിന് പകരം അവരെ വളര്‍ന്നു പന്തലിയ്ക്കാന്‍ സഹായകമായ ഭൗതിക സാഹചര്യങ്ങളെ നിഷേധിക്കാതിരിക്കുകയാണ് ചെയ്തത്. ഭൂപരിഷ്കരണത്തില്‍ നിന്ന് പള്ളികളുടെ തോട്ടങ്ങളെ ഒഴിവാക്കി. വിദ്യാഭ്യാസ നയമാകട്ടെ പള്ളിക്കാരന് കൈക്കൂലി മേടിച്ച് അദ്ധ്യാപകരെ നിയമിക്കാനും ശമ്പളം സര്‍ക്കാരില്‍ നിന്ന് ലഭ്യമാക്കാനും സൗകര്യമൊരുക്കി കൊടുത്തു. ഈ തകരാറുകള്‍ പരിഹരിക്കാന്‍ പില്‍ക്കാലത്ത് ഒരു നീക്കവും നടന്നില്ല. 

ഇതിന്റെയൊക്കെ ഫലമായി കേരളത്തിലെ ഭൂമിയുടെ നല്ലൊരു ഭാഗവും പ്രൊഫഷണല്‍ കോളോജുകളടക്കം നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങളും ഭൂരിഭാഗം ആശുപത്രികളും കേരളത്തിലെ ജനസംഖ്യയുടെ 19 ശതമാനം മാത്രം വരുന്ന ക്രിസ്ത്യാനികളില്‍ പെടുന്ന ന്യൂനപക്ഷ ധനിക വിഭാഗങ്ങളുടെയും പള്ളിയുടെയും കൈകളിലായിത്തീര്‍ന്നു. 

1960കളിലും 70കളിലും വരെ കേരളത്തിലങ്ങളോളമിങ്ങോളം കിഴക്കന്‍ പ്രദേശത്തേയ്ക്ക് കുടിയേറിയ ജനത മലമ്പനിയോടും കാട്ടുമൃഗങ്ങളോടും പോരാടി കൃഷി തുടങ്ങി ഉപജീവനം നടത്തുകയായിരുന്നു. ഇവര്‍ക്ക് പിന്നാലെ വന്ന പള്ളികളും മതമേധാവികളും ഈ പ്രദേശങ്ങളിലുള്ള ആദിവാസികള്‍ക്കും ദളിതര്‍ക്കും വിരുദ്ധമായ സംസ്കാരം വളര്‍ത്തിയെടുക്കുന്നതില്‍ വിജയിക്കുകയുണ്ടായി. പണ്ട് ഇരിട്ടിയില്‍ അജിതയടക്കമുള്ള നക്സലൈറ്റുകളെ പോലീസിന് കാണിച്ചു കൊടുക്കുന്നതും പില്‍ക്കാലത്ത് ജാനുവിന്റെ പിന്നില്‍ നിന്നിരുന്ന നിരപരാധികളായ ആദിവാസികളെ പോലീസിനോടൊപ്പം വേട്ടയാടിയതും ഏറ്റവും ഒടുവില്‍ താമരശ്ശേരിയില്‍ ഫോറസ്റ്റ് ഓഫീസ് കത്തിയ്ക്കുകയും ഇടുക്കിയിലും വയനാട്ടിലും താമരശ്ശേരിയിലും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തതുമൊക്കെ ഈ സംസ്കാരത്തിന്‍റെ ഭാഗമാണ്. (ക്രിസ്തീയ വര്‍ഗ്ഗീയതയുടെ വളര്‍ച്ചയാണ് ജാതീയ സംഘടനകളുടെ വളര്‍ച്ചയ്ക്ക് പ്രോത്സാഹനമായത് എന്ന് കേരളത്തിലെ ഏറ്റവും വലിയ ഇടതു പക്ഷ പാര്‍ട്ടിയായ സിപിഎം അതിന്‍റെ രേഖകളില്‍ സൂചിപ്പിച്ചിട്ടുണ്ട്.).ഇന്ന് പള്ളി കയ്യേറ്റക്കാരനെ സംരക്ഷിച്ചു കൊണ്ട് തങ്ങളില്‍ നിക്ഷിപ്തമായ കര്‍ത്തവ്യം കൃത്യമായി അവര്‍ നിറവേറ്റിക്കൊണ്ടിരിക്കന്നു. 

ക്രിസ്തു എന്നത് തങ്ങള്‍ പേറ്റന്റ് എടുത്ത ഒന്നാണെന്ന് കത്തോലിക്കാ മേധാവികള്‍ ഭീഷണിയുടെ സ്വരത്തില്‍ വെളിപ്പെടുത്തുന്നു. അതിന് വേണ്ടി അവരുടെ നിയുക്ത സൈന്യത്ത അഥവാ കുഞ്ഞാടുകളെ തെരുവിലിറക്കി കലാപമുണ്ടാക്കുന്നു. പണ്ട് ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എന്ന നാടകം കാണാന്‍ പോലും മെനക്കെടാതെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു കൊണ്ട് അതിനെ നിരോധിക്കാന്‍ സഭ ആവശ്യപ്പെട്ടതിന് പിന്നിലും ഈ പേറ്റന്റ് സംരക്ഷണ ബോധമാണ്. 

വിദ്യാഭ്യാസ പാഠ്യപദ്ധതിയുടെ ഉള്ളടക്കമെന്തെന്ന് തങ്ങള്‍ നിശ്ചയിക്കും എന്ന ധാര്‍ഷ്ട്യം ഇവര്‍ പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്. മതമില്ലാത്ത ജീവന്‍ എന്ന പാഠത്തിനെതിരെ സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ പോലും എട്ടും പൊട്ടും തിരിയാത്ത കുട്ടികളെ ഭീഷണിപ്പെടുത്തി ഒപ്പു ശേഖരണം നടത്തിയത് പള്ളിയിലെ അച്ചന്മാരും കന്യാസ്ത്രീകളുമായിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ അദ്ധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരും നടത്തിയ അവകാശപ്പോരാട്ടങ്ങള്‍ക്കെതിരെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഇളക്കി വിട്ടതും സഭയായിരുന്നു. 

റിയല്‍ എസ്റ്റേറ്റ്, വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയ മേഖലകളില്‍ തങ്ങള്‍ പറയുന്ന നയങ്ങളേ നടപ്പാക്കാന്‍ പറ്റൂ എന്ന് കത്തോലിക്ക സഭ നിര്‍ബന്ധം പിടിയ്ക്കുന്നുണ്ട്. ഇതിന്റെയൊക്കെ ഭാഗമായിട്ട് തന്നെ സ്ഥാനാര്‍ത്ഥികളുടെ നിര്‍ണ്ണയവും തങ്ങളുടെ ഇഷ്ടപ്രകാരം അവര്‍ നടത്തിയെടുത്തു കൊണ്ടിരിക്കുന്നു. 

രണ്ടു കൊല്ലം മുമ്പ് സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കപ്പെട്ട അവസാനത്തെ അത്താഴ ചിത്രവും യേശു വിപ്ലവകാരിയാണെന്ന പ്രസ്താവനയും കത്തോലിക്കാ സഭയ്ക്ക് സഹിക്കാവുന്നതിലപ്പുറമായിരുന്നു. കുഞ്ഞാടുകളെ വീണ്ടും അവര്‍ തെരുവിലിറക്കി തങ്ങളുടെ വര്‍ഗ്ഗീയ സ്വഭാവം ഒന്നു കൂടി അവര്‍ വെളിപ്പെടുത്തി. 

കത്തോലിക്കാ നേതൃത്വത്തിന്‍ കീഴില്‍ ഉള്ള ആശുപത്രികളില്‍ ഉശിരന്‍ പോരാട്ടം നടത്തിയ നഴ്സുമാര്‍ക്ക് മുന്നില്‍ ആഭാസച്ചുവയുള്ള പ്രകടനങ്ങള്‍ നടത്തുകയും അവരെ അസഭ്യവര്‍ഷത്തില്‍ കുളിപ്പിക്കുകുയും ചെയ്തത് സഭയിലെ പുരോഹിതന്മാരായിരുന്നു. 

ഏറ്റവും ഒടുവില്‍ ഗ്രാമസഭകള്‍ക്ക് ചര്‍ച്ച ചെയ്തു സ്വീകരിക്കുകയോ നവീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്യാവുന്ന ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അത്തരത്തില്‍ ജനാധിപത്യപരമായി അവതരിപ്പിച്ച് ജനപ്രതിനിധികള്‍ തീരുമാനമെടുക്കുന്നതും അത്തരത്തില്‍ ക്വാറി-മണല്‍-വനം മഫിയാകളെ ജനങ്ങള്‍ രാഷ്ട്രീയമായി കൈകാര്യം ചെയ്യുന്നതും ഫലപ്രദമായി തടയാന്‍ ക്രിസ്ത്യന്‍ പൗരോഹിത്യത്തിനും വര്‍ഗ്ഗീയതയ്ക്കും കഴിഞ്ഞു. ഇത്തരത്തില്‍ വര്‍ത്തമാന കാലത്തെ ധന-ഊഹ മൂലധന ശക്തികളെയും അവയുടെ വ്യവഹാരങ്ങളെയും ഭീകരതയുടെയും ജനാധിപത്യവിരുദ്ധതയുടെയും വര്‍ഗ്ഗീയതയുടെയും അന്തരീക്ഷത്തില്‍ ഊര്‍ജസ്വലമാക്കുകയും അതിലൂടെ തടിച്ചു കൊഴുക്കുകയും ചെയ്യുകയാണ് കത്തോലിക്കാ മതമേധാവികള്‍.

കമ്മ്യൂണിസ്റ്റുകാരുടെ അപചയത്തിന്‍റെ ചരിത്രം 1957ലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലത്ത് തുടങ്ങുന്നു. വിദ്യാഭ്യാസ നയത്തിന്‍റെയും ഭൂപരിഷ്കരണനയങ്ങളുടെയും ദൗര്‍ബ്ബല്യങ്ങള്‍ പരിഹരിക്കാനെങ്കിലും ശ്രമിക്കണമായിരുന്നു. 1960ല്‍ കൂടുതല്‍ വോട്ടുകള്‍ നല്‍കി ജനങ്ങള്‍ പിന്തുണച്ചപ്പോള്‍ ഈ വഞ്ചകപ്പരിഷകളുടെ അണ്ണാക്കില്‍ ആശയപരമായി ഈയം ഉരുക്കി ഒഴിച്ച് രാഷ്ട്രീയ വേദികളില്‍ നിന്നെല്ലാം ചവിട്ടിപ്പുറത്താക്കണമായിരുന്നു. എന്നാല്‍ ഇവയുടെ രാഷ്ട്രീയക്കോമാളികളായ കേരളാ കോണ്‍ഗ്രസ്സിനെ പരിലാളിക്കുകയായിരുന്നു മുഖ്യധാരാ ഇടതു പാര്‍ട്ടികള്‍ ചെയ്തത്. ഇടതു പക്ഷത്തിന്‍റെ ഭരണകാലത്ത് പള്ളിക്കാര്‍ക്ക് വേണ്ടി പ്ലസ് ടു കോഴ്സുകള്‍ വാരിക്കോരിക്കൊടുത്ത് വിദ്യാഭ്യാസരംഗം ജോസഫ് വഷളാക്കിയതിനാലാണ് അടുത്ത തവണ ജോസഫിനെ ഒഴിവാക്കി സിപിഎംകാരനായ ബേബിയെ മന്ത്രിയാക്കിയത്. മതമില്ലാത്ത ജീവന്‍ എന്ന പാഠം മുതല്‍ ഏകജാലക സംവിധാനം വരെയുള്ള കാര്യങ്ങളില്‍ പള്ളി മേധാവികള്‍ നടത്തിയ വൃത്തികെട്ട നുണ പ്രചാരണങ്ങള്‍ ഇപ്പോഴും നമ്മുടെ ഓര്‍മ്മയിലുണ്ട്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെ തളളിക്കളയണമെന്നും ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഗ്രാമസഭകളില്‍ ചര്‍ച്ച ചെയ്തു കൊണ്ട് തള്ളുകയോ പരിഷ്കരിക്കുകയോ കൊള്ളുകയോ ചെയ്യണമെന്ന തികച്ചും ജനാധിപത്യപരമായ നിര്‍ദ്ദേശത്തെ ഇല്ലതാക്കി ജനങ്ങളെയും ജനപ്രതിനിധികളെയും രാഷ്ട്രീയ തീരുമാനങ്ങളെടുക്കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ച് പള്ളിമേധാവികളുടെ നിയുക്തസേനാംഗങ്ങളാക്കി മുഖ്യാധാരാ ഇടതുപക്ഷത്തെ അവരുടെ സുവിശേഷക്കാരാക്കി മാറ്റുകയാണ് ഒടുവില്‍ ഉണ്ടായിട്ടുള്ളത് എന്നത് നിര്‍ഭാഗ്യകരമായ ദുരന്തമാണ്. 

ഇടുക്കി ജില്ലയില്‍ കുടിയിറക്കിനെതിരെ സത്യാഗ്രഹം കിടന്നത് സ.എ.കെ.ജിയായിരുന്നു. ഒരു നികൃഷ്ടജീവിയുടെയും സഹായം ഇടുക്കിയിലെ സഖാക്കള്‍ക്ക് അന്ന് വേണമായിരുന്നില്ല. ഒരു അരമനയിലും അദ്ദേഹത്തിന് കയറിയിറങ്ങേണ്ടി വന്നിട്ടില്ല. പള്ളിക്കാരുടെ വലതു പക്ഷ നിലപാടുകള്‍ക്കും അവര്‍ പ്രതിനിധാനം ചെയ്യുന്ന മൂലധന ശക്തികള്‍ക്കും എതിരേ ഒത്തു തീര്‍പ്പില്ലാത്ത പോരാട്ടം നടത്തിക്കൊണ്ടാണ് മലയോരമേഖലകളിലും കേരളത്തിന്റെ ഇതരമേഖലകളിലും ചെങ്കൊടി പാറിച്ചിട്ടുള്ളത് എന്നതു മാത്രമാണ് വസ്തുത. പോപ്പിന് കൊണ്ടു പോയി രാമായണവും മഹാഭാരതവുമൊക്കെ കൊടുത്ത് ഇവിടത്ത കത്തോലിക്കാ സഭക്കാരെ പ്രീണിപ്പിച്ചിട്ടല്ല മറിച്ച് പോപ്പിന്റെ വത്തിക്കാന് നല്ലൊരു സൈന്യം പോലുമില്ലല്ലോ എന്നു പുച്ഛിച്ച സ്റ്റാലിന്റെ പാരമ്പര്യമാണ് കേരളത്തെ ചുവപ്പിച്ചിട്ടുള്ളത്. 

ക്രിസ്ത്യന്‍ സഭയുടെ വര്‍ഗ്ഗീയത മറ്റെന്തിനെയും പോലെ തന്നെ ഫൈനാന്‍സ് മൂലധന ശക്തികള്‍ക്ക് യഥേഷ്ടം പ്രവര്‍ത്തിക്കാനുള്ള കളമൊരുക്കുന്ന ഫാസിസ്റ്റ് പ്രവണത തന്നെയാണ്. ആത്മീയ കാപട്യ പരിവേഷങ്ങള്‍ക്ക് രാഷ്ടീയ-സാമൂഹിക -സാംസ്കാരിക മേഖലകളുടെ പുറമ്പോക്കുകളില്‍ തെമ്മാടിക്കുഴികള്‍ തീര്‍ക്കുകയാണ് മതേതര വിശ്വാസികളും പുരോഗമന ജനാധിപത്യ വിശ്വാസികളും ഇടതു ചിന്താഗതിക്കാരും ചെയ്യേണ്ടത്.

Sunday 16 March 2014

ഇടതും വലതുമല്ലാത്ത 'ആപ്പി'ന്റെ പ്രത്യയശാസ്ത്രാനന്തര രാഷ്രീയം - പി ജെ ജെയിംസ്


ആപി(ആം ആദ്‌മി പാര്‍ട്ടി)ന്റെ അംഗബലം അത്‌ ലക്ഷ്യമിട്ടതുപോലെ 2014 ജനുവരി 26ന്‌ ഒരു കോടിയോളമായി വര്‍ദ്ധിക്കുകയുണ്ടായി. ആപിന്റെ ഗ്രാഫ്‌ ഉച്ഛസ്ഥായിയിലായിരുന്ന ജനുവരി മധ്യത്തിലെ കണക്കുകൂട്ടല്‍ 16-ാം ലോകസഭാ തെരഞ്ഞെടുപ്പില്‍ അത്‌ ഏകദേശം 400 സീറ്റുകളില്‍ മത്സരിക്കുമെന്നും 100-ഓളം സീറ്റുകളില്‍ വിജയിക്കുമെന്നുമായിരുന്നു. എന്നാല്‍ പിന്നീടുണ്ടായ സംഭവ വികാസങ്ങളുടെ ഫലമായി താഴേക്കുപോയ അതിന്റെ ക്രെഡിറ്റ്‌ റേറ്റിങ്ങ്‌ ജന്‍ ലോക്‌പാല്‍ ബില്ലിന്റെ പേരില്‍ കെജ്‌രിവാള്‍ രാജി വെച്ചതോടെ വീണ്ടും ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്‌. കാശ്‌മീരിന്റെ സ്വയം നിര്‍ണയാവകാശത്തെയും കാശ്‌മീരിലെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും പട്ടാളവാഴ്‌ചയെയും സംബന്ധിച്ചും വംശീയ-ജാതീയ പ്രശ്‌നങ്ങളിലും സ്‌ത്രീകളോടുള്ള സമീപനത്തിലും ജനാധിപത്യവിരുദ്ധവും പ്രതിലോമപരവും സവര്‍ണഹിന്ദുത്വാനുകൂലപരവുമായ നിലപാടുകളുടെ പേരില്‍ മര്‍ദ്ദിതജനതകളില്‍നിന്നും അകന്ന ആപിനെ കൈവിടാന്‍ തയ്യാറാകാതിരുന്ന കോര്‍പ്പറേറ്റ്‌ മീഡിയ പക്ഷെ ഡല്‍ഹിയിലെ പോലീസിന്റെ മേലുള്ള നിയന്ത്രണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ശ്ലാഘനീയമായ നിലപാടെടുത്ത കെജ്‌രിവാളിനെ അരാജകവാദിയെന്ന്‌ മുദ്രകുത്തി അധിക്ഷേപിക്കുകയാണുണ്ടായത്‌. ഒടുവില്‍ ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തിയ റിലയന്‍സിനും അതിന്റെ കങ്കാണിയായ വീരപ്പ മൊയ്‌ലിക്കുമെതിരെ കേസെടുത്തതോടെ കോര്‍പ്പറേറ്റ്‌ മീഡിയ ആപില്‍നിന്നും അകലം സൂക്ഷിച്ചുതുടങ്ങിയിട്ടുണ്ട്‌. അതേസമയം ഇന്ത്യന്‍ ഭരണകൂടത്തെ വരുതിയിലാക്കി രാജ്യസമ്പത്ത്‌ ഒറ്റക്ക്‌ അടിച്ചുമാറ്റുന്ന മുകേഷ്‌ അംബാനിയോട്‌ അസൂയയുള്ള കോര്‍പ്പറേറ്റുകളില്‍ ഒരു വിഭാഗം കെജ്‌രിവാളിനൊപ്പമുണ്ട്‌. ഇക്കൂട്ടരാണ്‌ ഈയിടെ കോണ്‍ഫെഡറേഷന്‍ ഓഫ്‌ ഇന്‍ഡ്യന്‍ ഇന്‍ഡസ്‌ട്രിയുടെ യോഗത്തിലേക്ക്‌ അദ്ദേഹത്തെ ക്ഷണിച്ചത്‌. ഡല്‍ഹിക്കു പുറത്ത്‌ മധ്യവര്‍ഗ്ഗ പ്രൊഫഷണലുകള്‍ താരതമ്യേന കൂടുതലുള്ള മുംബൈ, ബാംഗ്ലൂര്‍ പോലുള്ള നഗരങ്ങളൊഴിച്ചാല്‍ വരുന്ന തെരഞ്ഞെടുപ്പില്‍ ആപ്‌ കാര്യമായ സ്വാധീനമുണ്ടാക്കില്ലെന്ന ധാരണയ്‌ക്ക്‌ കെജ്‌രിവാളിന്റെ രാജിയോടെ വീണ്ടും ഇളക്കം തട്ടിയിട്ടുണ്ട്‌. പാര്‍ലമെന്റില്‍ സീറ്റൊന്നും നേടിയില്ലെങ്കില്‍പോലും മത്സരിക്കുന്നിടങ്ങളില്‍ അരലക്ഷം വോട്ടിനുമുകളില്‍ പിടിക്കാനായാല്‍ അത്‌ ആപിന്റെ നേട്ടമായിരിക്കുമെന്നാണ്‌ അതിന്റെ അഭ്യുദയകാംക്ഷികളുടെതന്നെ വിലയിരുത്തല്‍.ഏതായാലും 100 കോടി രൂപയെങ്കിലും ചെലവു പ്രതീക്ഷിക്കുന്ന ഒരു തെരഞ്ഞെടുപ്പു കാമ്പയിനാണ്‌ ആപ്‌ ലക്ഷ്യമിടുന്നത്‌. 1000 കോടി വാരിയെറിയാന്‍ തയ്യാറായി നില്‍ക്കുന്ന കോണ്‍ഗ്രസ്സിനെയും ബീജെപിയെയും അപേക്ഷിച്ച്‌ ഇതൊരു ചെറിയ തുകയാണ്‌. മധ്യവര്‍ഗ്ഗസമൂഹമായി കൊണ്ടാടപ്പെടുന്ന കേരളത്തെ സംബന്ധിച്ചു പറയുകയാണെങ്കില്‍, ആപിന്റെ ഗ്രാഫ്‌ ഉയര്‍ന്നുനിന്ന ജനുവരി മാസം രണ്ടാമതൊന്നാലോചിക്കാതെ അതിലേക്ക്‌ എടുത്തുചാടിയ ഭാഗ്യാന്വേഷികള്‍ ആപ്പിലായെന്നു കരുതുമ്പോഴാണ്‌ കെജ്‌രിവാളിന്റെ രാജിയും സ്ഥിതി മെച്ചപ്പെടലും ഉണ്ടായിരിക്കുന്നത്‌. അതിനു കളമൊരുക്കിയ കൈ നനയാതെ മീന്‍ പിടിക്കുന്ന സൂത്രധാരന്‍മാരാകട്ടെ ആരംഭത്തിലുണ്ടായിരുന്ന ആവേശമൊന്നും ഇപ്പോള്‍ കാണിക്കുന്നില്ല. ഇതിനിടയില്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിരുന്നത്‌ ആപിന്റെ പരിപാടി തയ്യാറാക്കാന്‍ നിയോഗിക്കപ്പെട്ട 31 കമ്മിറ്റികള്‍ ഫെബ്രുവരി മധ്യത്തോടെ അതിന്‌ അന്തിമരൂപം നല്‍കുമെന്നായിരുന്നു. ഈ സാഹചര്യത്തില്‍ ആപ്‌ പരിപാടി പ്രഖ്യാപിക്കപ്പെടുമ്പോള്‍ മൂര്‍ത്തമായ വിശകലനങ്ങള്‍ ആകാമെന്ന ധാരണയോടെയാണ്‌ പ്രാഥമികമായ ഈ കുറിപ്പ്‌ തയ്യാറാക്കിയിരിക്കുന്നത്‌.ശ്ലാഘനീയമായ നീക്കങ്ങള്‍
സ്വകാര്യസ്വത്തു സമാഹരണവുമായി ബന്ധപ്പെട്ട ചൂഷണാധിഷ്‌ഠിത വ്യവസ്ഥയെ മാറ്റുകയെന്ന അടിസ്ഥാന നിലപാടുകളൊന്നും ഇല്ലെങ്കില്‍ കൂടി, നിലവിലുള്ള നിയമസംവിധാനങ്ങള്‍ക്കും ഭരണവ്യവസ്ഥക്കും ഉള്ളില്‍നിന്നുകൊണ്ട്‌ അഴിമതി പോലുള്ള നിയമലംഘനങ്ങള്‍ക്കെതിരെ പ്രതികരിക്കാനും അതിന്റെയടിസ്ഥാനത്തില്‍ ജനങ്ങളെ സംഘടിപ്പിച്ച്‌ അവര്‍ക്കാശ്വാസമെത്തിക്കാനും കഴിയുന്ന പ്രവര്‍ത്തനമണ്‌ഡലം സാധ്യമാക്കിയതാണ്‌ ആപിന്റെ വിജയം. നിലവിലുള്ള പരിമിതികള്‍ക്കകത്തുനിന്നുകൊണ്ട്‌ കുടിവെള്ള വിതരണത്തിന്റെയും വൈദ്യുതി കണക്ഷനുകളുടെയും കാര്യത്തില്‍ കെജ്‌രിവാളും സുഹൃത്തുക്കളും കൈക്കൊണ്ട നടപടികള്‍ തികച്ചും ശ്ലാഘനീയമാണ്‌. എന്നാലതേ സമയം, പൈപ്‌ കണക്ഷനും വൈദ്യുതി ബന്ധങ്ങളും ഇല്ലാത്ത ചേരികളിലും ചാളകളിലും കഴിയുന്ന ഡല്‍ഹിയിലെ മൂന്നിലൊന്നു വരുന്ന പാര്‍ശ്വവല്‍കൃതരും മര്‍ദ്ദിതരുമായ ജനങ്ങളും വംശീയ ന്യൂനപക്ഷങ്ങളും താഴ്‌ന്ന ജാതിക്കാരുമെല്ലാം ഈ ജനപ്രിയ പദ്ധതിക്കു പുറത്താണ്‌. ഇതേക്കാളേറെ സ്വാഗതാര്‍ഹമായത്‌ ഡല്‍ഹി പോലീസിന്റെ നിയന്ത്രണം സംസ്ഥാന ഭരണത്തിനു വിട്ടുനല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ കേന്ദ്രത്തിലെ അധികാര ദല്ലാളന്‍മാര്‍ക്കെതിരെ മുഖ്യമന്ത്രി കെജ്‌രിവാള്‍ നടത്തിയ ധര്‍ണ്ണയാണ്‌. ജനങ്ങള്‍ തെരഞ്ഞെടുത്തുവിടുന്ന പ്രതിനിധികള്‍ ജനകീയരാഷ്‌ട്രീയാധികാരത്തിനുവേണ്ടി എപ്രകാരം പ്രവര്‍ത്തിക്കണമെന്നതിന്റെ പ്രാഥമിക സൂചനയായി ഈ ഇടപെടലിനെ കാണാവുന്നതാണ്‌. എന്നാല്‍ ആപിന്റെ അഭ്യുദയകാംക്ഷികളെന്ന്‌ അവകാശപ്പെടുന്ന കേരളത്തിലെയും മറ്റും ചില വ്യവസ്ഥാസംരക്ഷകര്‍ കെജ്‌രിവാളിന്റെ ശ്രദ്ധേയമായ ഈ നടപടിയെ ഭരണഘടനാപരമായ നിയമവാഴ്‌ചയുടെ ലംഘനമെന്നുപറഞ്ഞ്‌ അധിക്ഷേപിക്കാനാണ്‌ തയ്യാറായിരിക്കുന്നത്‌. വ്യവസ്ഥക്കെതിരായ ജനകീയ രോഷത്തെ ആപിനെ ഉപയോഗിച്ച്‌ വരുതിയില്‍ നിര്‍ത്താമെന്നു കണക്കുകൂട്ടുന്ന കോര്‍പ്പറേറ്റുകളും അവരുടെ ലിബറല്‍ ബുദ്ധിജീവികളും കെജ്‌രിവാളിന്റെ �അപക്വ�മായ ഇത്തരം �അരാജക�നിലപാടുകളില്‍ ഖിന്നരാണ്‌. ഏതാനും ദിവസങ്ങള്‍ക്കുമുമ്പുവരെ മോദിക്കും രാഹുലിനുമെതിരെ ഒരു ബദല്‍ നേതൃത്വമായി കെജ്‌രിവാളിനെ ഉയര്‍ത്തിക്കാട്ടിയിരുന്ന കോര്‍പ്പറേറ്റ്‌ മീഡിയ വീണ്ടും മോദിയിലേക്കുതന്നെ തിരിയുകയും ചെയ്‌തിട്ടുള്ളത്‌ ഈ പശ്ചാത്തലത്തിലാണ്‌. വ്യവസ്ഥാവിരുദ്ധനല്ലെങ്കിലും വ്യവസ്ഥാപിതത്വത്തിന്റെയും കീഴ്‌വഴക്കങ്ങളുടെയും ചട്ടക്കൂടുകള്‍ ഭേദിക്കുന്ന കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ തങ്ങളുടെ രാഷ്‌ട്രീയ-സാമ്പത്തിക താല്‌പര്യങ്ങള്‍ ഭദ്രമായിരിക്കില്ലെന്ന കോര്‍പ്പറേറ്റുകളുടെ തിരിച്ചറിവും ഇവിടെ പ്രധാനമാണ്‌. ഗവര്‍ണറുടെ തീട്ടൂരങ്ങളടക്കം ഭരണഘടനാ കീഴ്‌വഴക്കങ്ങളെ മറികടന്നുകൊണ്ട്‌ ജനലോക്‌പാല്‍ ബില്ല്‌ അവതരിപ്പിക്കാന്‍ ആപ്‌ സര്‍ക്കാര്‍ നടത്തിയ നീക്കത്തിലും ഇതു പ്രകടമാണ്‌. നിലവിലുള്ള ഭരണ സംവിധാനത്തിന്റെ അലകും പിടിയും മാറ്റാതെ ഒരു ജനകീയ സര്‍ക്കാരിനു മുന്നോട്ടുപോകാനാവില്ലെന്ന്‌ തെളിയിക്കുന്നതില്‍ ഈ നീക്കം സഹായകരമാണ്‌.എന്നാലേറ്റവും അഭികാമ്യമായിട്ടുള്ളത്‌, മുമ്പു സൂചിപ്പിച്ചതുപോലെ ഭരണസംവിധാനം അപ്പാടെ വരുതിയിലാക്കി മൊയ്‌ലി പോലുള്ള തന്റെ ഏജന്റന്‍മാരെ ഉപയോഗിച്ച്‌ രാജ്യത്തിന്റെ പെട്രോളിയം സമ്പത്ത്‌ കൈവശപ്പെടുത്തി പാചകവാതകത്തിന്റെയും മറ്റും വിലകള്‍ യഥേഷ്‌ടം വര്‍ദ്ധിപ്പിച്ച്‌ രാജ്യത്തെ കൊള്ള ചെയ്യുന്ന മുകേഷ്‌ അംബാനിയെന്ന ഇന്ത്യയിലെ ഒന്നാം നമ്പര്‍ കോര്‍പ്പറേറ്റ്‌ ഭീമനെതിരെ കേസെടുക്കാനുള്ള ആപിന്റെ തീരുമാനമാണ്‌. ഇന്ത്യയുടെ ഏറ്റവും വലിയ പെട്രോളിയം ശേഖരമായിട്ടുള്ള കെജി ബേസിന്‍ റിലയന്‍സ്‌ അടിച്ചെടുത്തതുതന്നെ വലിയൊരു രാജ്യദ്രോഹത്തിലൂടെയാണ്‌. മുമ്പ്‌ പ്രണബ്‌ കുമാര്‍ മുഖര്‍ജി കമ്മിറ്റിയും തുടര്‍ന്ന്‌ രംഗരാജന്‍ കമ്മിറ്റിയും കെ.ജി. ബാലകൃഷ്‌ണന്റെ അധ്യക്ഷതയില്‍ പരമോന്നത കോടതിയും റിലയന്‍സിനെ വഴിവിട്ടു സഹായിച്ചതിന്റെ തെളിവുകളുണ്ട്‌. കെ ജി ബേസിന്‍ ദേശസാല്‍ക്കരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി സിപിഐ(എംഎല്‍) സമരത്തിലാണ്‌. ഈ സന്ദര്‍ഭത്തില്‍, കേന്ദ്രഭരണവും റിലയന്‍സും തമ്മിലുള്ള ഒത്തുകളി തുറന്നു കാട്ടാന്‍ സഹായകരമായ ഒരു നീക്കമായി വേണം അംബാനിക്കും വീരപ്പ മൊയ്‌ലിക്കും ദേവ്‌റയ്‌ക്കുമെതിരായ ആപിന്റെ നീക്കത്തെ നോക്കിക്കാണാന്‍. ദേശാഭിമാനികള്‍ സ്വാഗതം ചെയ്യേണ്ട ഒരു നടപടിയാണിത്‌.ആപിന്റെ അഴിമതിവിരുദ്ധ സമീപനം
ഇപ്രകാരം അഴിമതിക്കെതിരെ സ്വാഗതാര്‍ഹമായ ചില നീക്കങ്ങള്‍ നടത്തുമ്പോഴും, ഒരു പരിപാടി ഇനിയും മുന്നോട്ടുവെച്ചിട്ടില്ലാത്ത ആപിന്റെ കേവലമായ അഴിമതി വിരുദ്ധതയില്‍ കാതലായ ചില പ്രശ്‌നങ്ങളുണ്ടെന്നും സൂചിപ്പിക്കേണ്ടതുണ്ട്‌. അതിന്റെ തെരഞ്ഞെടുപ്പു ചിഹ്നമായ �ചൂല്‍� അന്വര്‍ത്ഥമാക്കുന്ന, പുറമെ കാണുന്ന മാലിന്യങ്ങളെയും പൊടിപടലങ്ങളെയും തൂത്തു വൃത്തിയാക്കല്‍ എന്നതിനപ്പുറം അതീവ സങ്കീര്‍ണ്ണമായ ശസ്‌ത്രക്രിയയിലൂടെ നിര്‍മ്മാര്‍ജ്ജനം ചെയ്യേണ്ടതായിട്ടുള്ള രാഷ്‌ട്രശരീരത്തെ ആഴത്തില്‍ ബാധിച്ചിട്ടുള്ള മഹാരോഗങ്ങളെപ്പറ്റി ആപ്‌ നിശ്ശബ്‌ദമാണ്‌. ശരീരത്തെ ബാധിക്കുന്ന പനിയെന്നതുപോലെ രാഷ്‌ട്ര ശരീരത്തെ ബാധിച്ചിട്ടുള്ള രോഗമെന്നതോടൊപ്പം അതേക്കാളുപരി ഒരു രോഗലക്ഷണമാണ്‌ അഴിമതി. സമ്പത്തുസമാഹരണത്തിനും അതിന്റെ യഥേഷ്‌ട വിനിയോഗത്തിനും സര്‍വതന്ത്രസ്വാതന്ത്ര്യമനുവദിക്കുന്ന ലാഭാധിഷ്‌ഠിത മുതലാളിത്ത വ്യവസ്ഥയാണ്‌ അഴിമതിയുടെ ഉറവിടമെന്ന വസ്‌തുത അവഗണിക്കുന്ന അഴിമതിവിരുദ്ധ നീക്കങ്ങള്‍ ഉപരിപ്ലവമാകാനേ തരമുള്ളൂ. ഏതു വിധേനയും സമ്പത്തു വാരിക്കൂട്ടാനുള്ള അഭിനിവേശം അനിവാര്യമായും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്കും കള്ളപ്പണ സമാഹരണത്തിലേക്കും നയിക്കുന്നു. മുതലാളിത്ത-സാമ്രാജ്യത്വ വ്യവസ്ഥയില്‍ അന്തര്‍ലീനമായ ചലനക്രമങ്ങള്‍ മൂലധനത്തിന്റെ സ്വഭാവത്തില്‍ മൗലികമായ മാറ്റങ്ങള്‍ വരുത്തിയിട്ടുള്ളതുമായി കൂടി ബന്ധപ്പെട്ടതാണു വിഷയം. മുതലാളിത്ത വികാസ പരിണാമങ്ങളുടെ ദീര്‍ഘിച്ച പ്രക്രിയയില്‍ മുമ്പൊരു കാലത്തുമുണ്ടായിട്ടില്ലാത്തവിധം ദീര്‍ഘകാല നിക്ഷേപങ്ങള്‍ ആവശ്യമുള്ള ഉല്‌പാദന മേഖലയെ അപേക്ഷിച്ച്‌ വമ്പിച്ച ലാഭം ഉടന്‍ പ്രദാനം ചെയ്യുന്ന ഊഹമേഖലകളുടെ വികാസമാണ്‌ നവഉദാരീകരണകാലത്തെ സവിശേഷത. ഈ പ്രക്രിയയില്‍ അഴിമതിയും കള്ളപ്പണത്തിന്റേതായ സമാന്തര സമ്പദ്‌ഘടനയും പരസ്‌പരം ഇഴുകിച്ചേര്‍ന്നാണ്‌ വികസിക്കുന്നത്‌. ഇതെല്ലാമായി ബന്ധപ്പട്ട്‌ കേവലം നിയമപരിഹാരത്തിനപ്പുറം രാഷ്‌ട്രീയ സമ്പദ്‌ഘടനയുടെയും വ്യവസ്ഥയുടെയും മൗലികമായ പൊളിച്ചെഴുത്തലുകള്‍ അനിവാര്യമാക്കുന്ന ഒന്നാണ്‌ അഴിമതിയുടെ നിര്‍മ്മാര്‍ജ്ജനം. വര്‍ത്തമാനകാലത്തെ അഴിമതി കോര്‍പ്പറേറ്റ്‌-രാഷ്‌ട്രീയ-ഉദ്യോഗസ്ഥ മേധാവിത്വ ബാന്ധവത്തിലൂടെ രൂപം കൊള്ളുന്ന സാമ്പത്തിക നയ രൂപീകരണത്തില്‍ അന്തര്‍ലീനമാണ്‌. നിരന്തരം ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന അഴിമതിയുടെ ദൂഷിതവലയത്തിലാണ്‌ നിയമനിര്‍മ്മാണ സഭയും എക്‌സിക്യൂട്ടീവും കോടതിയുമെല്ലാം. 1950കളുടെ തുടക്കത്തില്‍ ഇന്ത്യയിലെ കള്ളപ്പണം ദേശീയ വരുമാനത്തിന്റെ 5 ശതമാനത്തോളമായിരുന്നെങ്കില്‍ ഇന്നത്‌ ദേശീയവരുമാത്തെ കടത്തിവെട്ടിയിരിക്കുന്നു എന്നാണ്‌ ഈ രംഗത്തെ പഠനങ്ങള്‍ നല്‍കുന്ന സൂചന. അതായത്‌ അന്ന്‌ കള്ളപ്പണത്തിന്റെ സമാന്തര സമ്പദ്‌ഘടന ഔദ്യോഗിക സമ്പദ്‌ഘടനയുടെ ഒരു ഉപഘടകമായിരുന്നെങ്കില്‍ ഇന്ന്‌ ഔദ്യോഗിക സമ്പദ്‌ഘടന സമാന്തര സമ്പദ്‌ഘടനയുടെ ഉപഘടകമാകുന്ന സ്ഥിതിയിലേക്ക്‌ കാര്യങ്ങള്‍ നീങ്ങിയിരിക്കുന്നു. രാജ്യത്തിനകത്ത്‌ ചംക്രമണം നടത്തിക്കൊണ്ടിരിക്കുന്ന കള്ളപ്പണം മാത്രമല്ല, സ്വിസ്സ്‌ ബാങ്കുകള്‍ പോലുള്ള ആഗോള നികുതിവെട്ടിപ്പു കേന്ദ്രങ്ങളില്‍ നിക്ഷേപിക്കപ്പെട്ടിട്ടുള്ള തുക തന്നെ ദേശീയ വരുമാനത്തിന്റെ പലമടങ്ങുവരും.

അഴിമതിക്കെതിരായ യഥാര്‍ത്ഥ സമരം അതിനെ നിരന്തരം പുനരുല്‌പാദിപ്പിക്കുന്ന നവഉദാരീകരണനയങ്ങള്‍ക്കും ഭരണവ്യവസ്ഥക്കുമെതിരായ സമരം തന്നെയാണെന്ന്‌ ഇതു വ്യക്തമാക്കുന്നു. അഴിമതിയെ വ്യവസ്ഥയുമായി ബന്ധിപ്പിക്കുന്ന ഒരു സമീപനമോ പരിപാടിയോ ആപ്‌ മുന്നോട്ടുവെച്ചിട്ടില്ലെങ്കിലും ഭരണഘടനാ പ്രശ്‌നങ്ങളുയര്‍ത്തി ബിജെപിയും കോണ്‍ഗ്രസ്സും ഡല്‍ഹി നിയമസഭയില്‍ ജനലോക്‌പാല്‍ ബില്ലിന്റെ അവതരണത്തെ എതിര്‍ത്തതില്‍നിന്നും ആപിന്‌ ഇക്കാര്യം മനസ്സിലാക്കാവുന്നതേയുള്ളു. കേവലം അഴിമിതിയെ മാത്രമല്ല ജനങ്ങള്‍ അഭിമുഖീകരിക്കുന്നത്‌. ജീവന്‍ നിലനിര്‍ത്താനുള്ള പരിശ്രമത്തിനിടയില്‍ അഴിമതിക്കൊപ്പം ഭൂരാഹിത്യം, വീടില്ലായ്‌മ, തൊഴിലില്ലായ്‌മ, ഭക്ഷ്യക്ഷാമം, വിലക്കയറ്റം, കുടിവെള്ള ദൗര്‍ലഭ്യം, വിദ്യാഭ്യാസ-ചികിത്സാദികളുടെ അഭാവം, പോലീസ്‌ അതിക്രമങ്ങള്‍, കരിനിയമങ്ങള്‍, ജാതീയവും ലിംഗപരവുമായ അടിച്ചമര്‍ത്തലുകള്‍, വര്‍ഗ്ഗീയത, പരിസ്ഥിതി വിനാശം തുടങ്ങിയ എണ്ണമറ്റ പ്രശ്‌നങ്ങളാണ്‌ ആം ആദ്‌മികള്‍ നേരിടുന്നത്‌. ഇതെല്ലാം കണക്കിലെടുക്കുന്ന സമൂഹത്തിന്റെ ജനാധിപത്യവല്‍ക്കരണത്തെ സംബന്ധിക്കുന്ന സമഗ്രമായൊരു കാഴ്‌ചപ്പാടുമായി ബന്ധപ്പെടുത്തുമ്പോഴാണ്‌ അഴിമതിക്കെതിരായ സമരവും അര്‍ത്ഥവത്താവുന്നത്‌. കഴിഞ്ഞ ഏതാനും ദശകങ്ങള്‍ക്കിടയില്‍ അഖിലേന്ത്യാടിസ്ഥാനത്തില്‍ നടന്ന ശ്രദ്ധേയമായ അഴിമതിവിരുദ്ധ പ്രസ്ഥാനങ്ങള്‍ ഇന്ത്യയിലെ ഭരണവര്‍ഗ്ഗപാര്‍ട്ടികളില്‍ പ്രഥമ സ്ഥാനത്തുനില്‍ക്കുന്ന കോണ്‍ഗ്രസ്സിന്‌ ആഘാതമേല്‍പ്പിച്ചുവെന്ന പുരോഗമനദൗത്യം ഏറ്റെടുത്തപ്പോള്‍തന്നെ, അഴിമതിയോടുള്ള ശരിയായ കാഴ്‌ചപ്പാടിന്റെ അഭാവത്തില്‍, കൂടുതല്‍ ഭീഷണമായ സംഘപരിവാറിനെ ശക്തിപ്പെടുത്തുകയാണുണ്ടായതെന്ന കാര്യം വിസ്‌മരിച്ചുകൂടാ. തീര്‍ച്ചയായും അഴിമതിവിരുദ്ധ സമരങ്ങളെ ഏറ്റെടുത്തു ശരിയായ ദിശയില്‍ മുന്നോട്ടുപോകാന്‍ കെല്‍പ്പുള്ള ഇടതുപക്ഷത്തിന്റെ അഭാവമാണ്‌ ഇതില്‍ നിര്‍ണായക പങ്കു വഹിച്ചുവെന്ന കാര്യം വ്യക്തമാണ്‌. 1970കളുടെ ആദ്യപകുതിയില്‍ `സമ്പൂര്‍ണ്ണ വിപ്ലവം'എന്ന പേരില്‍ ജയപ്രകാശ്‌ നാരായണ്‍ ആരംഭിച്ച്‌ ജനതാപാര്‍ട്ടിയെ അധികാരത്തിലെത്തിച്ചതും 1987-89 കാലത്ത്‌ �ബോഫോഴ്‌സ്‌ വിരുദ്ധ പ്രക്ഷോഭം� എന്ന പേരില്‍ വി.പി. സിംഗ്‌ നയിച്ച ജനതാദള്‍ അധികാരത്തിലെത്തിയതുമായ രണ്ട്‌ അഖിലേന്ത്യാ അഴിമതി വിരുദ്ധ പ്രസ്ഥാനങ്ങളില്‍നിന്നും പില്‍ക്കാലത്ത്‌ ഏറ്റവും നേട്ടമുണ്ടാക്കിയത്‌ ഹിന്ദുത്വ ഫാഷിസ്റ്റുകളാണ്‌. ഡല്‍ഹിയില്‍ അഴിമതിവിരുദ്ധ പ്രസ്ഥാനത്തിന്റെ ആചാര്യപട്ടം കെട്ടിയ അന്നാഹസാരെയും കിരണ്‍ ബേദിയും കെജ്‌രിവാളിന്റെ പ്രഥമ രക്ഷാധികാരിയായിരുന്ന ബാബ രാംദേവുമെല്ലാം സംഘപരിവാര്‍ പാളയത്തിലാണിപ്പോഴെന്നതും യാദൃഛികമല്ല.

ഇന്ത്യയില്‍ ഇപ്പോഴത്തെ അഴിമതി വിരുദ്ധ സമരത്തിന്റ ഭൗതികപരിസരം കൂടി കൃത്യമായി അടയാളപ്പെടുത്തേണ്ടതുണ്ട്‌. രണ്ടരദശാബ്‌ദക്കാലത്തെ ആഗോളീകരണനയങ്ങള്‍ ഭൂരഹിതരും അസംഘടിതരായ കരാര്‍ തൊഴിലാളികളും ചേരിനിവാസികളും മര്‍ദ്ദിതരായ സ്‌ത്രീകളും പാര്‍ശ്വവല്‍കൃതരായ ദളിത്‌-ആദിവാസികളുമെല്ലാമടങ്ങുന്ന അദ്ധ്വാനിക്കുന്ന ഭൂരിപക്ഷത്തെ കൂടുതല്‍ പാപ്പരീകരിക്കുകയുണ്ടായി. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ രാപകലന്തിയോളം പാടുപെടുന്ന ഈ മഹാഭൂരിപക്ഷം മാധ്യമഫോട്ടോകളിലോ മുഖ്യധാരയിലോ ഇന്നു സ്ഥാനം പിടിക്കുന്നില്ല. മറുഭാഗത്ത്‌ കോര്‍പ്പറേറ്റ്‌ സമ്പത്തിലും ശതകോടീശ്വരന്‍മാരുടെ എണ്ണത്തിലും നഗരകേന്ദ്രിത മധ്യവര്‍ഗ്ഗത്തിന്റെ അളവിലുമെല്ലാം നവഉദാരീകരണം വലിയ വര്‍ദ്ധനവും വരുത്തിക്കഴിഞ്ഞു. അതേസമയം അസംതൃപ്‌തരും കൂടുതല്‍ വ്യാമോഹങ്ങള്‍ ഉള്ളവരുമായ 30 കോടിയോളം വരുന്ന മധ്യവര്‍ഗ്ഗം സര്‍വവ്യാപിയായ ഭരണകൂട അഴിമതിയിലും ഉദ്യോഗദുഷ്‌പ്രഭുത്വത്തിലും പോലീസ്‌ അതിക്രമങ്ങളിലുമെല്ലാം രോഷാകുലരുമാണ്‌. ഈ മധ്യവര്‍ഗ്ഗത്തിന്റെ ഉപഭോഗശേഷിയിലൂന്നി സമ്പത്തു സമാഹരണം നടത്തിയിട്ടുള്ള കോര്‍പ്പറേറ്റുകളിലെ ഒരു വിഭാഗമാകട്ടെ, ഈയിടെയുണ്ടായ കുംഭകോണങ്ങളും ഖജനാവു കൊള്ളയടിക്കലും മറ്റും തങ്ങളുടെ സമ്പത്തിനും നിക്ഷേപങ്ങള്‍ക്കും വെല്ലുവിളിയാകുമോയെന്ന്‌ ഉല്‍ക്കണ്‌ഠപ്പെടുന്നവരാണ്‌. സാമ്രാജ്യത്വ മൂലധന കേന്ദ്രങ്ങളുമായുള്ള ബാന്ധവം ഊട്ടിയുറപ്പിക്കുന്നതിനും അഴിമതി വിരുദ്ധനാട്യം ഇവര്‍ക്കാവശ്യവുമാണ്‌. അഴിമതിമുക്തവും കാര്യക്ഷമതയുള്ളതുമായ `സല്‍ഭരണം' (ഴീീറ ഴീ്‌ലൃിമിരല) കൂടുതല്‍ വിദേശമൂലധനം രാജ്യത്തേക്കു കടന്നുവരുന്നതിനും അതിന്റെ ജൂണിയര്‍ പങ്കാളികളായി മാറുന്നതിനും സഹായകരമാണെന്ന്‌ ഇവര്‍ കരുതുന്നു. സല്‍ഭരണവും സുതാര്യത ഉറപ്പാക്കുന്ന പങ്കാളിത്ത ജനാധിപത്യവും ആഗോളീകരണ-നവ ഉദാരീകരണ നയങ്ങളുടെ വിജയത്തിന്‌ അനുപേക്ഷണീയമാണെന്ന്‌ സ്ഥാപിക്കുന്ന നിരവധി പഠനങ്ങളും റിപ്പോര്‍ട്ടുകളും ലോകബാങ്കും ഫോര്‍ഡ്‌-റോക്‌ഫെല്ലര്‍ ഫണ്ടിങ്ങ്‌ ഏജന്‍സികളും അടുത്തകാലത്ത്‌ മുന്നോട്ടുവെച്ചിട്ടുള്ളത്‌ ഈ സന്ദര്‍ഭത്തില്‍ എടുത്തു പറയേണ്ടതായിട്ടുണ്ട്‌.

അതോടൊപ്പം, മധ്യവര്‍ഗ്ഗയുവാക്കളുടെ അഴിമതിവിരുദ്ധ രോഷം അഴിമതിയുടെ ഉറവിടമായ കോര്‍പ്പറേറ്റുകള്‍ക്കെതിരെ തിരിയാതെ സര്‍ക്കാരിനെതിരെ തിരിച്ചുവിടാന്‍ കോര്‍പ്പറേറ്റ്‌ മാധ്യമങ്ങള്‍ സജീവമായ ഇടപെടുന്നുണ്ടെന്ന കാര്യവും പ്രധാനമാണ്‌. ഇതിന്റെ ഭാഗമായി പൊതുമേഖലയുമായി ബന്ധപ്പെട്ടതാണ്‌ അഴിമതിയെന്നും സുതാര്യ കമ്പോള വ്യവസ്ഥയിലധിഷ്‌ഠിതമായ സ്വകാര്യമേഖല അഴിമതിക്ക്‌ അതീതമാണെന്നും ഉള്ള പ്രതീതിയും സൃഷ്‌ടിക്കപ്പെടുന്നു. ലൈസന്‍സ്‌-പെര്‍മിറ്റ്‌ രാജ്‌ ആണ്‌ അഴിമതിയുടെ കാരണമെന്ന നെഹ്രുവിയന്‍ കാലത്തെ ആരോപണങ്ങളുടെ ഒരു പുനരാവിഷ്‌കാരമാണിത്‌. അതേസമയം, ദാരിദ്ര്യവും തൊഴിലില്ലായ്‌മയും അടക്കം രാജ്യത്തിന്റെയും ജനങ്ങളുടെയും പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ വലിയ അളവില്‍ വിദേശമൂലധനം രാജ്യത്തേക്കു കടന്നുവരണമെന്നും അതിനു തടസ്സമായി നില്‍ക്കുന്നത്‌ അഴിമതിയാണെന്നും കരുതുന്നവരാണ്‌ ലിബറല്‍ ബുദ്ധിജീവികളിലധികവും. ചുരുക്കത്തില്‍, കാര്യക്ഷമത, സുതാര്യത, സല്‍ഭരണം, പങ്കാളിത്ത ജനാധിപത്യം, സ്വതന്ത്രകമ്പോളം, വികസനം തുടങ്ങിയവ സ്വായത്തമാകണമെങ്കില്‍ അഴിമതി അവസാനിപ്പിച്ചേ പറ്റൂ എന്നുകരുതുന്ന കോര്‍പ്പറേറ്റുകളും ഉപരി മധ്യവര്‍ഗ്ഗങ്ങളും ലിബറല്‍ ബുദ്ധിജീവികളുമെല്ലാമാണ്‌ ആപിന്റെ പിന്‍ബലം. കേരളത്തിലെ കൊച്ചൗസേഫ്‌ ചിറ്റിലപ്പള്ളിയും മറ്റും ആപിന്റെ മുന്നണിപടയില്‍പെടുന്നത്‌ സ്വാഭാവികം. ഈ കോര്‍പ്പറേറ്റ്‌ ആഭിമുഖ്യ അഴിമതിവിരുദ്ധ പ്രസ്ഥാനത്തില്‍ അഴിമതി രഹിതവും കാര്യക്ഷമതയുള്ളതുമായ കമ്പോളത്തിന്റെ വക്താക്കള്‍ക്കൊപ്പം പുതിയ അഭിരുചികള്‍ സൃഷ്‌ടിക്കുന്ന പരസ്യപിന്‍ബലത്തില്‍ കടന്നുവരുന്ന നൂതന ഉല്‌പന്നങ്ങള്‍ പ്രാപിക്കാന്‍ കഴിയുന്ന മധ്യവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക്‌ അണിനിരക്കാന്‍ കഴിയുമ്പോള്‍ അവ അപ്രാപ്യമായ ഭൂരിപക്ഷം വരുന്ന പാര്‍ശ്വവല്‍കൃതര്‍ ആപിനു പുറത്താണ്‌. എന്നുമാത്രമല്ല, കാര്യക്ഷമതയില്ലാത്തതിന്റെയും അഴിമതിയുടെയും പേരില് പൊതുമേഖലയും വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യസുരക്ഷ തുടങ്ങിയ രംഗങ്ങളിലെ പൊതുസേവനങ്ങളും ഇല്ലാതാക്കപ്പെടുമ്പോള്‍ ഇപ്പോഴത്തെ അഴിമതിവിരുദ്ധ സമരത്തിന്റെ ഗുണഭോക്താക്കള്‍ ആം ആദ്‌മികളല്ല, കമ്പോളത്തില്‍ ഇടപെടാന്‍ കഴിയുന്ന മധ്യവര്‍ഗ്ഗ-ഉപരിവര്‍ഗ്ഗ വിഭാഗങ്ങളാണെന്നുകാണാം. സ്വകാര്യവല്‍ക്കരണം ശക്തമാകുന്നതോടെ, ഉയര്‍ന്ന വിലകളും ഫീസുകളും നല്‍കി സാധന സേവനങ്ങള്‍ വാങ്ങാന്‍ നിര്‍ബന്ധിതരാകുന്ന തൊഴിലാളികളും പാര്‍ശ്വവല്‍കൃതരും താഴ്‌ന്ന ഇടത്തരക്കാരും കൂടുതല്‍ പാപ്പരീകരണത്തിനു വിധേയമാകുകയും അസമത്വങ്ങളും സാമൂഹ്യസംഘര്‍ഷങ്ങളും ശക്തിപ്പെടുകയും ചെയ്യും. വളരെ ചുരുക്കിപ്പറഞ്ഞാല്‍, അഴിമതിയുമായി ബന്ധപ്പെട്ട സൂക്ഷ്‌മ സാമ്പത്തികശാസ്‌ത്ര (ാശരൃീലരീിീാശര)െ ത്തിന്റെ മണ്‌ഡലത്തില്‍ വ്യാപരിക്കുകയും മൂലധനതാല്‌പര്യങ്ങള്‍ ആധിപത്യം ചെലുത്തുന്ന സാമ്പത്തിക നയങ്ങളുടേതായ സ്ഥൂല സാമ്പത്തിക ശാസ്‌ത്ര(ാമരൃീ ലരീിീാശര)െത്തെ അവഗണിക്കുകയും ചെയ്യുന്ന ആപിന്റെ കേവലമായ അഴിമതിവിരുദ്ധ സമീപനം വ്യക്തമായ കോര്‍പ്പറേറ്റ്‌ ആഭിമുഖ്യമുള്ളതാണ്‌.ഈ കാഴ്‌ചപ്പാടില്‍നിന്നു നോക്കുമ്പോള്‍, ഒരു പരിപാടി ഇനിയും മുന്നോട്ടു വെച്ചിട്ടില്ലെങ്കിലും, കോണ്‍ഫെഡറേഷന്‍ ഓഫ്‌ ഇന്‍ഡ്യന്‍ ഇന്‍ഡസ്‌ട്രിയുടെ യോഗത്തില്‍ ഫെബ്രുവരി 18-ന്‌ കെജ്‌രിവാള്‍ നടത്തിയ പ്രസംഗത്തോടെ ആപിന്റെ സ്ഥാനം കൃത്യമായും മുതലാളിത്ത വ്യവസ്ഥയ്‌ക്കകത്തു തന്നെയാണെന്ന്‌ അടയാളപ്പെടുത്തിയിരിക്കുന്നു. തങ്ങള്‍ ചങ്ങാത്ത മുതലാളിത്ത (രൃീി്യ രമുശമേഹശാെ) ത്തിനു മാത്രമാണെതിരെന്നും മുതലാളിത്ത വ്യവസ്ഥയെയാണ്‌ തങ്ങള്‍ അംഗീകരിക്കുന്നതെന്നും കെജ്‌രിവാള്‍ പ്രസ്‌താവിച്ചിരിക്കുന്നു. ഇന്നത്തെ മുതലാളിത്തമെന്നാല്‍ ചങ്ങാത്ത മുതലാളിത്തമെന്നു കെജ്‌രിവാള്‍ വിശേഷിപ്പിക്കുന്ന ഫിനാന്‍സ്‌ ഊഹമൂലധനാധിപത്യമാണെന്നും അഴിമതിയും കുംഭകോണങ്ങളുമെല്ലാം അതില്‍ അന്തര്‍ലീനമാണെന്നും പ്രാഥമിക ചരിത്ര രാഷ്‌ട്രബോധമുള്ള ആര്‍ക്കുമറിയാം. അഴിമതിയില്ലാത്ത മുതലാളിത്തമെന്നത്‌ വിഷമില്ലാത്ത രാജവെമ്പാല എന്നു പറയുന്നതുപോലെ ശുദ്ധ വിവരക്കേടാണ്‌. സര്‍ക്കാര്‍ ഭരിച്ചാല്‍ മാത്രം മതിയെന്നും സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ഇടപെടരുതെന്നും കെജരിവാള്‍പറയുമ്പോള്‍ താച്ചറിസത്തിലൂടെയും റീഗണോമിക്‌സിലൂടെയും മന്‍മോഹണോമിക്‌സിലൂടെയും മുന്നോട്ടുവയ്‌ക്കപ്പെട്ട സര്‍വ്വതന്ത്ര സ്വതന്ത്ര മുതലാളിത്തത്തന്റെ അഥവാ നവഉദാരീകരണത്തിന്റെ വക്താവു തന്നെയായി അദ്ദേഹം മാറുകയാണ്‌. യാതൊരു പൊതു നിയന്ത്രണവുമില്ലാതെ മനുഷ്യരെയും പ്രകൃതിയെയും കൊള്ളയടിക്കാന്‍ മുതലാളിമാരെയും കമ്പോള ശക്തികളെയും കയറൂരിവിടുന്ന കമ്പോള ജനാധിപത്യത്തെയും നവ ഉദാരീകരണത്തെയും ഉയര്‍ത്തിപ്പിടിക്കുന്ന കെജ്‌രിവാള്‍ അതോടൊപ്പം ചങ്ങാത്ത മുതലാളിത്തത്തെ എതിര്‍ക്കുകയും ചെയ്യൂന്നു എന്നു പറയുന്നതില്‍ യാഥാര്‍ത്ഥ്യങ്ങളെ കാര്യകാരണ സഹിതം മനസ്സിലാക്കാന്‍ കഴിയാത്ത മധ്യവര്‍ഗ്ഗ മനോഘടന തന്നെയാണുള്ളത്‌. അഴിമതിയോടുള്ള അങ്ങേയറ്റം ലളിതവല്‍കൃതവും അരാഷ്‌ട്രീയവുമായ ഈ സമീപനമാണ്‌ ഇന്ത്യയില്‍ അഴിമതി ഏറ്റവും കേന്ദ്രീകരിച്ചിട്ടുള്ള പ്രതിരോധവകുപ്പ്‌ നയിക്കുന്ന ആന്റണിയേയും സിപിഐ(എം) നേതാവായ സഖാവ്‌ അച്യുതാനന്ദനേയും ഒരേസമയം ആപിലേക്ക്‌ ക്ഷണിക്കുന്നതില്‍ കെജ്‌രിവാളിന്‌ ഒരുപന്തികേടും തോന്നാത്തത്‌. അംബാനിയുടെ അഴിമതിക്കെതിരെ കുരിശുയുദ്ധത്തിന്‌ ഇറങ്ങിയിരിക്കുന്ന കെജ്‌രിവാള്‍ എല്ലാ കോര്‍പ്പറേറ്റുകളും അംബാനിമാരാകാനാണ്‌ കിണഞ്ഞു ശ്രമിക്കുന്നതെന്ന പ്രാഥമിക ബോധമില്ലാത്തവനായി തുറന്നു കാട്ടപ്പെടുകയാണിവിടെ. ജനതാ പാര്‍ട്ടിയുടെ ഭരണകാലത്ത്‌ കൊക്കോ കോളയ്‌ക്കും ഐബിഎം-നും എതിരെ നിലപാടെടുത്ത വ്യവസായ മന്ത്രിയായിരുന്ന ഫെര്‍ണാണ്ടസുതന്നെ ജര്‍മ്മന്‍ ബഹുരാഷ്‌ട്ര കുത്തയായ സീഷെല്‍സിന്‌ ഇന്ത്യയിലേക്ക്‌ ക്ഷണിച്ചു കൊണ്ടുവന്ന കാര്യം നാമാരും മറന്നിട്ടില്ല. ജന്‍ലോക്‌പാല്‍ നിയമവും അഴിമതി വിരുദ്ധ സംവിധാനവും കൊണ്ടുവന്നാല്‍ ചങ്ങാത്ത മുതലാളിത്തം അവസാനിപ്പിച്ചു കളയാമെന്നത്‌ ആപിന്റെ വ്യാമോഹം മാത്രമാണ്‌. ഇടതും വലതുമല്ലെന്നവകാശപ്പെടുന്നവര്‍ `രണ്ടും കെട്ട'വരാകുന്ന ദയനീയ ചിത്രമല്ലാതെ മറ്റൊന്നുമല്ല ഇത്‌.ജനാധിപത്യവല്‍ക്കരണത്തിന്റെ പ്രശ്‌നം
വര്‍ത്തമാനകാലത്തു വ്യക്തികളും പ്രസ്ഥാനങ്ങളും എടുക്കുന്ന ജനപക്ഷനിലപാടുകളെ ഭൂതകാലത്തെ അവരുടെ തെറ്റായ നടപടികളുടെ പേരില്‍ മുന്‍വിധിയോടെ കാണുന്നത്‌ ശരിയായ സമീപനമല്ല. മണ്‌ഡല്‍ കമ്മീഷനെതിരായ സംവരണ വിരുദ്ധ പ്രക്ഷോഭകാലത്ത്‌ കെജ്‌രിവാള്‍ എടുത്ത സവര്‍ണാനുകൂല നിലപാടിന്റെ പേരില്‍ ഡല്‍ഹിയിലെ ആപ്‌ സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ള അഴിമതി വിരുദ്ധ ജനപ്രിയ നീക്കങ്ങളെ ഒരു കാരണവശാലും വിലയിടിച്ചു കണ്ടുകൂടാ. ഭരണവര്‍ഗ്ഗ പാര്‍ട്ടികളായ കോണ്‍ഗ്രസ്സിന്റെയും ബിജെപിയുടെയും പ്രാദേശിക പാര്‍ട്ടികളുടെയും ജാതി-വര്‍ഗീയ പാര്‍ട്ടികളുടെയും ഔദ്യോഗിക ഇടതുപക്ഷത്തിന്റെയുമെല്ലാം തനിനിറം അതു തുറന്നുകാട്ടിക്കഴിഞ്ഞു. പാചകവാതക വിലവര്‍ദ്ധനവിനു പിന്നില്‍ റിലയന്‍സും കേന്ദ്രഗവണ്‍മെന്റും ഉള്‍പ്പെട്ട വമ്പിച്ച അഴിമതി വീണ്ടും ചര്‍ച്ചയാക്കാന്‍ ആപ്‌ സര്‍ക്കാര്‍ ചാര്‍ജ്‌ ചെയ്‌ത കേസിലൂടെ കഴിഞ്ഞിട്ടുണ്ടെന്നത്‌ സുപ്രധാനമാണ്‌. എന്നാലതേസമയം ഇന്ത്യയുടെ തനതു സവിശേഷതയായ ജാതിവ്യവസ്ഥയുടെ കള്ളറകളിലാണ്‌ ഇവിടുത്തെ ആം ആദ്‌മികള്‍ തളയ്‌ക്കപ്പെട്ടിരിക്കുന്നതെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ ആപിന്‌ കഴിയില്ലെന്നതിന്റെ സൂചനകളാണ്‌ പുറത്തുവരുന്നത്‌. ആപ്‌ നേതാക്കളായ കുമാര്‍ ബിശ്വാസ്‌ നടത്തിയ സ്‌ത്രീ വിരുദ്ധ പ്രസ്‌താവനയും സദാചാര പോലീസ്‌ പണിക്കിടെ സോമനാഥ്‌ ഭാരതി നടത്തിയ വംശീയാധിക്ഷേപങ്ങളും ആനുഷംഗികമാണെന്നു കരുതിയാല്‍പോലും ഇക്കാര്യത്തില്‍ കെജ്‌രിവാളും യോഗേന്ദ്രയാദവും വെച്ചുപുലര്‍ത്തുന്ന സമീപനങ്ങള്‍ അങ്ങേയറ്റം പ്രാകൃതവും പ്രതിലോമപരവുമാണെന്നു വന്നിരിക്കുന്നു. അടിച്ചമര്‍ത്തണമെന്ന്‌ സുപ്രീംകോടതി പറയുകയും കോണ്‍ഗ്രസ്സ്‌ പോലുള്ള ഭരണവര്‍ഗ്ഗപാര്‍ട്ടികള്‍പോലും പരസ്യമായി നീതീകരിക്കാന്‍ തയ്യാറാകാത്തതുമായ ഖാപ്‌ പഞ്ചായത്തുകള്‍ക്കനുകൂലമായി ഹരിയാനക്കാരായ കെജ്‌രിവാളും യോഗേന്ദ്രയാദവും ഈയിടെ ആപ്‌ നേതൃത്വം കൈക്കൊണ്ട അറപ്പുളവാക്കുന്ന നിലപാട്‌ മണ്‌ഡല്‍വിരുദ്ധ പ്രക്ഷോഭകാലത്തെ ജാത്യാധിപത്യ-സവര്‍ണാഭിമുഖ്യ സമീപനങ്ങള്‍ തുടരുന്നുവെന്നുതന്നെയാണ്‌ വ്യക്തമാക്കുന്നത്‌. ഒരു നിമിഷം പോലും വെച്ചുപൊറുപ്പിക്കാതെ ഉന്‍മൂലനം ചെയ്യപ്പെടേണ്ട ജാത്യാധിപത്യ-സ്‌ത്രീവിരുദ്ധ വ്യവസ്ഥാപനമായ ഖാപ്‌ പഞ്ചായത്തിനെ വെള്ളപൂശുന്നവര്‍ അഴിമതിക്കെതിരെ എത്ര വാചാടോപങ്ങള്‍ നടത്തിയാലും അവരുടെ സ്ഥാനം ജീര്‍ണ്ണിച്ച ഭരണവര്‍ഗ്ഗ രാഷ്‌ട്രീയത്തിനുള്ളില്‍ തന്നെയാണെന്ന്‌ പറയാതിരിക്കാനാവില്ല.

ഇതേ ഭരണവര്‍ഗ്ഗ സമീപനം തന്നെയാണ്‌ കാശ്‌മീര്‍ പ്രശ്‌നത്തോടുള്ള ആപിന്റെ സമീപനത്തിലും പ്രകടമായത്‌. കാശ്‌മീരും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുമടക്കം രാജ്യത്തിന്റെ മൂന്നിലൊന്നു പ്രദേശം പട്ടാള വാഴ്‌ചയിലാണ്‌. സായുധ സേന പ്രത്യേക അധികാരനിയമം റദ്ദു ചെയ്യണമെന്ന ജസ്റ്റീസ്‌ ജീവന്‍ റെഡ്ഡി കമ്മീഷന്‍ നിര്‍ദ്ദേശം രാജ്യത്തെ സിവിലിയന്‍ രാഷ്‌ട്രീയ നേതൃത്വത്തെ മറികടന്ന്‌ സൈനിക മേധാവികള്‍ തള്ളിക്കളഞ്ഞിരിക്കുന്നു. ദേശീയ ബജറ്റിന്റെ 25 ശതമാനത്തോളം പാര്‍ലമെന്ററി ഓഡിറ്റിങ്ങിനുപോലും വിധേയമല്ലാത്ത സൈനികച്ചെലവുകള്‍ക്കായി മാറ്റിവെക്കപ്പെട്ടിരിക്കുന്നു. യാതൊരു തരത്തിലുമുള്ള സിവിലിയന്‍ നിയന്ത്രണത്തിനും വിധേയമല്ലാത്ത പ്രതിരോധ മേഖലയിലെ അഴിമതി സിവിലിയന്‍ രംഗത്തെ അഴിമതിയുടെ പല മടങ്ങാണ്‌. സൈനികമേഖല ജനകീയ നിയന്ത്രണത്തില്‍ കൊണ്ടുവരികയും അഴിമതി നിരോധന നിയമങ്ങള്‍ സൈന്യത്തിനും ബാധകമാക്കുകയും ചെയ്യാതുള്ള അഴിമതിവിരുദ്ധ സമീപനം ഉപരിപ്ലവമാകാതെ തരമില്ല. രാജ്യത്തിന്റെ വിശാല മേഖലകളില്‍ ജനങ്ങളുടെ ജനാധിപത്യാവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന സൈനിക-അര്‍ദ്ധസൈനിക വിന്യാസത്തോടും പ്രതിരോധരംഗത്തെ അഴിമതിയോടുമെല്ലാം ഇതരഭരണവര്‍ഗ്ഗ പാര്‍ട്ടികളില്‍നിന്നു വ്യത്യസ്‌തമായ ഒരു സമീപനവും ആപ്‌ മുന്നോട്ടുവെച്ചിട്ടില്ല.

ആപിനെ സിദ്ധാന്തവല്‍ക്കരിക്കുമ്പോള്‍
ഇടതും വലതുമല്ലെന്ന്‌ സ്വയം പ്രഖ്യാപിക്കുകയും പാര്‍ട്ടികളെയും പ്രസ്ഥാനങ്ങളെയും അപ്രകാരം ദ്വന്ദങ്ങളായി വര്‍ഗീകരിക്കുന്ന പോയ നൂറ്റാണ്ടിലെ രീതി വര്‍ത്തമാനകാലത്ത്‌ അപ്രസക്തമായിക്കഴിഞ്ഞുവെന്നു വാദിക്കുകയും ചെയ്യുന്ന ആപ്‌ നേതൃത്വം യാഥാര്‍ത്ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത കേവലമായ അമൂര്‍ത്തവല്‍ക്കരണമാണു നടത്തുന്നത്‌. ഉള്ളവരും ഇല്ലാത്തവരും തമ്മിലും മൂലധനവും അധ്വാനവും തമ്മിലും മൂലധനവും പ്രകൃതിയും തമ്മിലുമുള്ള വൈരുധ്യങ്ങള്‍ മാനവചരിത്രത്തില്‍ ഒരിക്കലുമുണ്ടായിട്ടില്ലാത്തവിധം രൂക്ഷമായിരിക്കുന്ന വര്‍ത്തമാനസാഹചര്യത്തില്‍ പക്ഷങ്ങളില്ലെന്ന മധ്യവര്‍ത്തി നിലപാട്‌ വ്യവസ്ഥാസംരക്ഷണത്തിനും സമ്പന്നവര്‍ഗ്ഗ സേവക്കുമുള്ള പുകമറ മാത്രമായാണ്‌ പരിണമിക്കുക. വാസ്‌തവത്തില്‍, ഭരണപക്ഷത്തെയും ജനപക്ഷത്തെയും നിര്‍വചിക്കുകയും വേര്‍തിരിക്കുകയും ചെയ്യുന്നില്ലെന്ന ആപിന്റെ മേനി നടിക്കല്‍ അതിന്റെ അഴിമതിവിരുദ്ധ സമീപനത്തിന്റെ അടിസ്ഥാന ദൗര്‍ബല്യങ്ങളിലേക്കു തന്നെയാണ്‌ വിരല്‍ ചൂണ്ടുന്നത്‌. ജന്‍ ലോക്‌പാല്‍ നിയമം ആവശ്യമാകുമ്പോള്‍തന്നെ അതുകൊണ്ടുമാത്രം അഴിമതി പരിഹരിക്കാമെന്നു കരുതുന്നത്‌ വ്യക്തിനിഷ്‌ഠമോ ആത്മനിഷ്‌ഠമോ ആയ ഒരു സദാചാരപ്രശ്‌നമായി അതിനെ ചുരുക്കുകയും വ്യവസ്ഥയും നവഉദാരീകരണനയങ്ങളുമായി അതിനുള്ള ബന്ധത്തെ കാണാതെ പോകുകയും ചെയ്യുന്നതുകൊണ്ടാണ്‌. ഡല്‍ഹിയിലെ ചില്ലറ വ്യാപാര രംഗത്തെ വിദേശ മൂലധനത്തെ എതിര്‍ക്കുന്നതും റിലയന്‍സിനെതിരെ കേസെടുക്കുന്നതും വിദേശ ഊഹമൂലധനത്തോടോ കോര്‍പ്പറേറ്റുവല്‍ക്കരണത്തോടോ ഉള്ള സൈദ്ധാന്തികമായ എതിര്‍പ്പുകൊണ്ടല്ലെന്നും മറിച്ച്‌ തികച്ചും പ്രശ്‌നാധിഷ്‌ഠിതമായ തങ്ങളുടെ സമീപനത്തില്‍ നിന്നാണെന്നും ആപ്‌ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്‌.
തീര്‍ച്ചയായും, വളരെ ഗൗരവപ്പെട്ട ഒരു വിഷയമാണിത്‌. പുരോഗമനപരമോ പ്രതിലോമകരമോ ആയ ഏതു പ്രവര്‍ത്തനങ്ങള്‍ക്കു പിന്നിലും നിയതമായ കാഴ്‌ചപ്പാടുകളും വീക്ഷണങ്ങളും ഉണ്ടായിരിക്കുമെന്നത്‌ നിഷേധിച്ചില്ലാതാക്കാവുന്നതല്ല. ഈ കാഴ്‌ചപ്പാടുകളും വീക്ഷണങ്ങളുമാണ്‌, അവ രേഖാപരമായില്ലെങ്കില്‍കൂടി, പ്രവര്‍ത്തനങ്ങള്‍ക്കുള്ള സൈദ്ധാന്തിക നീതീകരണമാകുന്നത്‌. വ്യക്തപരവും ആത്മനിഷ്‌ഠവുമായ തലങ്ങള്‍ക്കപ്പുറം സാമൂഹ്യ സ്വഭാവമുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കുപിന്നിലും എത്ര പ്രാഥമികമാണെങ്കില്‍ കൂടി സൈദ്ധാന്തിക സമീപനമുണ്ടാകുകയെന്നത്‌ അനിവാര്യമാണ്‌. ലക്ഷ്യരഹിതരായ അരാജകവാദികള്‍ക്കും ഉത്തരാധുനിക സൈദ്ധാന്തികര്‍ക്കും മാത്രമേ ഇതു നിഷേധിക്കാനാകൂ. ഡല്‍ഹിയില്‍ ചിലയിടങ്ങളില്‍ കണ്ടതുപോലെ, ലുമ്പന്‍ ആള്‍കൂട്ടങ്ങളെയാകും ആപിന്റെ ഈ സമീപനം സൃഷ്‌ടിക്കുക. ചരിത്രത്തില്‍ പലയാവര്‍ത്തി തെളിയിക്കപ്പെട്ടതുപോലെ, ജനങ്ങളെയല്ല, ഭരണവര്‍ഗ്ഗങ്ങളെയാകും ആത്യന്തികമായി അതു സേവിക്കുക.

ഇപ്രകാരം, തങ്ങള്‍ ഇടതും വലതുമല്ലാത്ത പാര്‍ട്ടിയാണെന്നും, പ്രത്യയശാസ്‌ത്രത്തിന്റെ മാറാപ്പിന്‍കെട്ട്‌ തങ്ങള്‍ക്കു ബാധകമല്ലെന്നും, നയങ്ങളിലല്ല, പ്രവര്‍ത്തനത്തിലാണ്‌ തങ്ങള്‍ ഊന്നുന്നതെന്നും മറ്റും ആപ്‌ അവകാശപ്പെടുമ്പോള്‍ ആപിന്‌ പുതിയ സൈദ്ധാന്തീകരണവുമായി വിവിധ കോണുകളില്‍നിന്നും പല ഗണങ്ങളില്‍പെട്ട ഉത്തരാധുനിക സൈദ്ധാന്തികര്‍ പുറപ്പെട്ടു വന്നിട്ടുണ്ടെന്ന കാര്യവും സൂചിപ്പിക്കേണ്ടതുണ്ട്‌. ബൂര്‍ഷ്വാ ജനാധിപത്യവും കമ്മ്യൂണിസ്റ്റ്‌ സര്‍വാധിപത്യവുമടക്കം ഭരണകൂടത്തെയും രാഷ്‌ട്രീയത്തെയും കുറിച്ചുള്ള നാളിതുവരെയുണ്ടായ എല്ലാ അടിസ്ഥാന ധാരണകളെയും വിച്ഛേദിക്കുന്ന നവരാഷ്‌ട്രീയത്തിന്റെ ആവിര്‍ഭാവമായി ആപിനെ കാണണമെന്നാണ്‌ ചിലര്‍ തട്ടിവിട്ടിരിക്കുന്നത്‌. രാഷ്‌ട്രീയ വരേണ്യതയുടെ മേലാള കീഴാള ബന്ധത്തെ മറികടന്ന്‌ പ്രത്യക്ഷ ജനാധിപത്യത്തിന്റെ നവലോകം ആപ്‌ തുറന്നിട്ടിരിക്കുന്നു എന്നാണ്‌ ഇക്കൂട്ടരുടെ ആവിഷ്‌ക്കാരം. ഭരണകൂട കേന്ദ്രിത രാഷ്‌ട്രീയത്തിന്റെ യുഗം അവസാനിപ്പിച്ച്‌ പൗരസമൂഹ സങ്കല്‌പത്തെ പൗരസമൂഹാനന്തര ജനസഞ്ചയ രാഷ്‌ട്രീയമാക്കി ആപ്‌ മാറ്റിയെന്നതടക്കമുള്ള ഉത്തരാധുനികന്‍മാരുടെ സൈദ്ധാന്തികവല്‍ക്കരണങ്ങള്‍ ഒരുവേള കെജ്‌രിവാളും യോഗേന്ദ്രയാദവുമടക്കമുള്ള ആപിന്റെ നേതൃത്വം അറിഞ്ഞിട്ടുണ്ടാകണമെന്നില്ലെങ്കില്‍കൂടി, ഇത്തരം ആവിഷ്‌കാരങ്ങള്‍ നവ ലിബറല്‍ ഗവേഷണ കേന്ദ്രങ്ങള്‍ ദശാബ്‌ദങ്ങള്‍ക്കുമുമ്പേ മുന്നോട്ടുവെച്ച ആശയങ്ങളുടെ വികൃതാനുകരണങ്ങള്‍ മാത്രമാണെന്ന്‌ ഇവിടെ സൂചിപ്പിക്കട്ടെ. പ്രത്യയശാസ്‌ത്രത്തിന്റെയും ചരിത്രത്തിന്റെയും അന്ത്യത്തെ സംബന്ധിച്ച പ്രബന്ധങ്ങള്‍ ദാനിയേല്‍ ബെല്ലും ഫ്രാന്‍സിസ്‌ ഫുക്കുയോമയുമെല്ലാം തയ്യാറാക്കിയ സന്ദര്‍ഭത്തില്‍ തന്നെയാണ്‌ ലോകബാങ്കും ഫോര്‍ഡ്‌-റോക്‌ഫെല്ലര്‍ ഫൗണ്ടേഷനുകളും മറ്റും ഭരണകൂട കേന്ദ്രിതമല്ലാത്തതും പ്രാതിനിധ്യജനാധിപത്യത്തിനു ബദലായതുമായ പങ്കാളിത്ത ജനാധിപത്യത്തെയും സല്‍ഭരണത്തെയുമെല്ലാം കുറിച്ച്‌ എണ്ണിയാലൊടുങ്ങാത്ത പേപ്പറുകളും പുസ്‌തകങ്ങളും പ്രസിദ്ധീകരിച്ചതെന്നും അവയെല്ലാം ക്ഷണഭംഗുരമായിപ്പോയെന്നും ഇന്ന്‌ ആപിന്റെ പ്രത്യയശാസ്‌ത്രാനന്തര രാഷ്‌ട്രീയത്തെപ്പറ്റി ഗവേഷണം നടത്തുന്ന ഉത്തരാധുനികര്‍ തിരിച്ചറിയേണ്ടതുണ്ട്‌. `സിവില്‍ സമൂഹാനന്തരം' `രാഷ്‌ട്രീയാനന്തരം' എന്നൊക്കെ ഇക്കൂട്ടര്‍ വിവക്ഷിക്കുന്ന ആപ്‌ പ്രതിനിധാനം ചെയ്യുന്നത്‌ മൂലധന സേവയല്ലാതെ മറ്റൊന്നുമല്ല.

ഉപസംഹാരം
കെജ്‌രിവാളിന്റെ രാജിയോടെ ആപിനെ സംബന്ധിച്ച ഒരധ്യായമാണ്‌ പൂര്‍ത്തിയായിരിക്കുന്നത്‌. ആസന്നമായ ലോകസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതാണ്‌ അതിന്റെ അടുത്ത അധ്യായം. അതിനിടയില്‍ ആപിന്റെ പരിപാടിയും തെരഞ്ഞെടുപ്പ്‌ മാനിഫെസ്റ്റോയും മുന്നോട്ടുവെക്കപ്പെടുന്നതുമായി ബന്ധപ്പെട്ടാണ്‌ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കേണ്ടത്‌. കഴിഞ്ഞ 48 ദിവസത്തെ ഡല്‍ഹി ഭരണത്തിനിടയില്‍ ജനാധിപത്യവല്‍ക്കരണവുമായി ബന്ധപ്പെട്ട്‌ ഉണ്ടായ ചില നിഷേധാത്മക പ്രവണതകള്‍ ഒഴിച്ചാല്‍ ആപ്‌ കൈക്കൊണ്ട പല ഭരണനടപടികളും സ്വാഗതാര്‍ഹമാണ്‌. ഇതിലേറ്റവും പ്രധാനപ്പെട്ടത്‌ അധികാരമൊഴിയുന്നതിനുമുമ്പ്‌ ഇന്ത്യന്‍ ഭരണകൂടത്തെ നിയന്ത്രിക്കുന്ന മുകേഷ്‌ അംബാനിക്കെതിരെ കേസ്‌ ചാര്‍ജ്‌ ചെയ്‌തുവെന്നതാണ്‌. എന്നാല്‍ ഇക്കാര്യത്തിലടക്കം നിലവിലുള്ള ഭരണവ്യവസ്ഥയെ മറികടക്കേണ്ട പ്രത്യയശാസ്‌ത്രപരവും രാഷ്‌ട്രീയവുമായ ഒരു സമീപനം ഇല്ലെന്നതാണ്‌ അതിന്റെ പരിമിതി. അതേസമയം, തന്‍കാര്യത്തില്‍ മാത്രം ശ്രദ്ധിക്കുന്ന അരാഷ്‌ട്രീയക്കാരെന്നു മുദ്ര കുത്തപ്പെട്ട മധ്യവര്‍ഗ്ഗത്തെ രാഷ്‌ട്രീയമണ്‌ഡലത്തിലേക്ക്‌ ആകര്‍ഷിക്കാനാകുമെന്ന്‌ ആപ്‌ തെളിയിച്ചു. വലതുപക്ഷത്തോടൊപ്പം ഔദ്യോഗിക ഇടതുപക്ഷവും ജീര്‍ണ്ണിച്ച വ്യവസ്ഥാപിത രാഷ്‌ട്രീയത്തോട്‌ അറപ്പും വെറുപ്പും അകല്‍ച്ചയും സൂക്ഷിക്കുന്ന മുഖ്യമായും നഗരകേന്ദ്രിത മധ്യവര്‍ഗ്ഗ വിഭാഗങ്ങളാണ്‌ ഇതുവഴി രാഷ്‌ട്രീയത്തില്‍ സജീവരായിരിക്കുന്നത്‌. നവഉദാരീകരണ നയങ്ങളോടും ഇന്ത്യന്‍ സമൂഹത്തിന്റെ ജനാധിപത്യവല്‍ക്കരണവുമായി ബന്ധപ്പെട്ട അടിസ്ഥാന വിഷയങ്ങളോടും വ്യക്തമായ നയസമീപനമോ പരിപാടിയോ ഇല്ലാതിരുന്നിട്ടുകൂടി കോണ്‍ഗ്രസ്സിനും ബിജെപിക്കും എതിരെ ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ ആപിനു കഴിഞ്ഞിട്ടുണ്ട്‌. പ്രധാനമായും ഈ ഭരണവര്‍ഗ്ഗ പാര്‍ട്ടികള്‍ക്കെതിരായ ജനകീയരോഷം സംജാതമാക്കിയ നിഷേധവോട്ടുകളാണ്‌ ആപ്‌ സമാഹരിച്ചത്‌. അതിന്റെ ഭാഗമായി മധ്യവര്‍ഗ്ഗയുവാക്കള്‍ മുമ്പെങ്ങുമുണ്ടായിട്ടില്ലാത്ത വിധം ഡല്‍ഹി തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയുണ്ടായി. വിപ്ലവ, പുരോഗമന, ജനാധിപത്യശക്തികള്‍ക്കുമുമ്പില്‍ ഏറ്റവും അനുകൂലമായ രാഷ്‌ട്രീയ സാഹചര്യമാണ്‌ ഇതു സൃഷ്‌ടിച്ചിരിക്കുന്നത്‌. നിലവിലെ ജീര്‍ണാവസ്ഥയില്‍ നിന്നുള്ള മാറ്റത്തിന്‌ ജനങ്ങള്‍ തയ്യാറാണെന്ന്‌ വ്യക്തമാക്കുന്നതാണ്‌ ഈ രാഷ്‌ട്രീയ സാഹചര്യം. വ്യക്തമായ സൈദ്ധാന്തിക പിന്‍ബലമുള്ള ഒരു പ്രവര്‍ത്തനപരിപാടി മുന്നോട്ടുവെക്കാന്‍ ആപിന്‌ കഴിയില്ലെന്നിരിക്കെ, അതില്‍ ആകൃഷ്‌ടരായി വന്നിട്ടുള്ളവര്‍ നിരാശയിലേക്കു വഴുതി വീഴാനുള്ള അപകടം മുന്‍കൂട്ടികണ്ടുകൊണ്ടുള്ള സജീവമായ ഇടപെടലാണ്‌ പുരോഗമന ശക്തികളുടെ ഭാഗത്തുനിന്നും അടിയന്തരമായി ഉണ്ടാകേണ്ടത്‌. അതിന്‌ സഹായകരമായ കരുത്തുറ്റ ജനകീയ ബദലിന്റെ രാഷ്‌ട്രീയമാണ്‌ ഇപ്പോള്‍ ആവശ്യമായിട്ടുള്ളത്‌.