Thursday 26 May 2011

മാര്‍ക്സിസം - ഒരു ഹൃദയപക്ഷ സമീപനത്തിന്റെ ആവശ്യകത.



കമ്മ്യൂണിസ്റ്റ് ക്യൂബയും സ്വകാര്യ സ്വത്ത് അനുവദിക്കുമ്പോള്‍ പഴയ കോലാഹലങ്ങള്‍ ഇല്ലാതെ മുതലാളിത്ത ക്യാമ്പുകള്‍ ഹര്‍ഷപുളകിതര്‍ ആകുന്നുണ്ട്. കമ്മ്യുണിസം തകര്‍ന്നു പോയ സ്വപ്നം ആണെന്ന് പ്രചരിപ്പിക്കുന്നതില്‍ സാമ്രാജ്യത്ത മോഹികള്‍ വിജയിച്ചു. കമ്മ്യൂണിസ്റ്റ് ക്യാമ്പുകള്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതിലോ ആശയ പ്രചരണങ്ങളിലോ വേണ്ടത്ര വിജയിച്ചില്ല. ഒരു നൂറ്റാണ്ടിന്റെ തീവ്ര സ്വപ്നം എങ്ങനെ ഇത്രയേറെ അന്യം വന്നു എന്നു പരിശോധിക്കുന്നതില്‍ കമ്മ്യൂണിസ്റ്റ് സഹയാത്രികര്‍ കര്‍മ്മ കുശലരായില്ല. അതിനു കാരണം കമ്മ്യൂണിസ്റ്റുകാര്‍ തന്നെ ഭീകരമായ ആശയ കുഴപ്പത്തില്‍ വീണു പോവുകയായിരുന്നു. സോവിയറ്റ് യൂണിയനിലും കിഴക്കന്‍ യൂറോപ്പിലും സോഷ്യലിസ്റ്റ് ഭരണകൂടങ്ങള്‍ നിലം പൊത്തുമ്പോള്‍ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് ആചാര്യന്‍ ഇ. എം. എസ് പറഞ്ഞത് സഹോദര പാര്‍ട്ടികള്‍ നല്‍കുന്ന വിവരങ്ങള്‍ അതേപടി സ്വീകരിക്കുന്നതില്‍ തെറ്റ് സംഭവിച്ചു എന്നാണ്. കമ്മ്യൂണിസത്തിന്റെ ഈ തിരിച്ചു പോക്കിനെ, എന്തുകൊണ്ട് ഈ അപചയം വന്നു എന്ന് പരിശോധിക്കുവാനും കമ്മ്യൂണിസത്തിന്റെ നാളത്തെ ഭാവി എന്തെന്ന് ചങ്കുറപ്പോടെ പറയുവാനും കമ്മ്യൂണിസ്റ്റുകാര്‍ക്ക് നാളിതുവരെ കഴിഞ്ഞിട്ടില്ല. അല്ലെങ്കില്‍ അത്തരം അന്വേഷണങ്ങള്‍ തമ്സ്കരിക്കപ്പെടുകയും ആഗോളവല്‍ക്കരണം ഒരു യാഥാര്‍ത്ഥ്യം എന്ന നിലയില്‍ അതിന്റെ നിലയില്ലാക്കയത്തില്‍ മുങ്ങിപ്പോവുകയും ചെയ്യുന്ന അവസ്ഥയാണ് ഇന്ന് നിലവിലുള്ളത്.

ലോകമുതലാളിത്തം വമ്പന്‍ പ്രതിസന്ധികള്‍ നേരിടുന്നതും അറബ് രാജ്യങ്ങളില്‍ മുല്ലപ്പൂ വിപ്ലവങ്ങള്‍ വിരിയുന്നതും കണ്ട നാളുകള്‍ ആണ് നമ്മെ കടന്നു പോകുന്നത്. എന്തുകൊണ്ട് ജനത സ്വയം തിരിച്ചറിയുകയും, പോരാട്ടത്തിന്റെ ഭൂമികയിലേക്ക് ഇറങ്ങി വരികയും ചെയ്യുന്ന ഈ വര്‍‌ത്തമാന സാഹചര്യങ്ങളിലും നമുക്ക് ഇടതു പക്ഷ മുന്നേറ്റങ്ങള്‍ ഉണ്ടാകുന്നില്ല? നമ്മുടെ ജനകീയ സമരങ്ങള്‍ സന്നദ്ധ സംഘടനകള്‍ എന്തുകൊണ്ട് ഹൈജാക്ക് ചെയ്യുന്നു? ഓരോ ഇടതുപക്ഷക്കാരനും ഈ അന്വേഷണങ്ങള്‍ ജാഗ്രതയോടെ ഏറ്റെടുക്കണം എന്നാണു എന്റെ പക്ഷം.

നമുക്ക് എന്ത് സംഭവിച്ചു? നമ്മുടെ ചിന്തകള്‍ മാര്‍ക്സിസത്തില്‍ നിന്നും അകന്നു പോയോ? മാര്‍ക്സിസത്തെ ശരിയായി മനസ്സിലാക്കുന്നതില്‍ നമുക്ക് തെറ്റ് സംഭവിച്ചുവോ? അതോ മുതലാളിത്ത ശക്തികള്‍ പറയുന്നതു പോലെ അത് പരാജയപ്പെട്ട തത്വശാസ്ത്രമാണോ? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടാനുള്ള ശ്രമമാണ് ഈ കുറിപ്പ്. തീര്‍ച്ചയായും ചര്‍ച്ചകള്‍ നാനാഭാഗത്ത്‌ നിന്നും ഉയര്‍ന്നു വരേണ്ടതുണ്ട്. മാര്‍ക്സിസം ശരിയായി ചൂണ്ടിക്കാട്ടിയതുപോലെ ശേഖരിക്കപ്പെട്ട ചിന്തയാണ് (collective thought) വജ്രം പോലെ കരുത്തേറിയത് ആകുക.

ഞാന്‍ തുടക്കത്തില്‍ പറഞ്ഞതുപോലുള്ള (കമ്മ്യൂണിസ്റ്റ് ക്യൂബയും സ്വകാര്യ സ്വത്ത് അനുവദിക്കുമ്പോള്‍) പ്രവണതകള്‍ മാര്‍ക്സിസത്തിന്റെ വികാസത്തെ എങ്ങനെ നിര്‍ണ്ണയിക്കും? മുതലാളിത്തം പൈശാചികമാണെന്നു നിരന്തരം ബോദ്ധ്യപ്പെടുന്ന ഈ കാലയളവിലും മുതലാളിത്ത പരിഹാര മാര്‍ഗ്ഗങ്ങള്‍ കൊണ്ട് ബദലുകള്‍ സൃഷ്ടിക്കുവാനുള്ള ശ്രമത്തിലാണ് ഈ പാര്‍ട്ടികള്‍. മാര്‍ക്സിസത്തിന്റെ അന്തസ്സത്ത വര്‍ഗ്ഗ സമരം ആണെന്നിരിക്കെ, വര്‍ഗ്ഗ സമരം കയ്യൊഴിഞ്ഞ പരിഷ്ക്കാരങ്ങള്‍ ആണ് ഒരു വിഭാഗം കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ തുടരുന്നത്. അന്‍പതുകളില്‍ സോവിയറ്റ് സാമ്പത്തീക പരിഷ്കാരങ്ങള്‍ക്കുള്ള പഠന കുറിപ്പില്‍ മാവോ എഴുതി - ഈ രീതിയിലാണ് സോവിയറ്റ് റഷ്യ മുന്നോട്ടു പോകുന്നത് എങ്കില്‍ അത് ഒരു മുതലാളിത്ത റഷ്യ ആയി പരിണമിക്കുവാന്‍ ഉള്ള സാദ്ധ്യത തള്ളിക്കളയുവാന്‍ ആകില്ല എന്ന്. സോഷ്യലിസ്റ്റു വിപ്ലവത്തിന് മുന്‍പും ശേഷവും പാര്‍‌ട്ടിക്കുള്ളിലും സമൂഹത്തിലും നടക്കേണ്ട വര്‍ഗ്ഗ സമരത്തെ, ഇത്രയും ശക്തമായി ചൂണ്ടിക്കാണിച്ച സഖാവ് മാവോ സെ തുങ്ങിന്റെ ചിന്തകള്‍ എത്ര ലാഘവത്തോടെയാണ് നാം തമസ്കരിച്ചത്. ഒരു തോക്ക് നേതൃത്വത്തിനെതിരെ തിരിച്ചു വെയ്ക്കണം എന്ന് നിര്‍ദ്ദേശിച്ച സഖാവിന്റെ ചിന്തകള്‍ തീര്‍ച്ചയായും പര്ട്ടിസാന്‍ (partisan) പിന്തുടരുന്ന പ്രസ്ഥാനങ്ങള്‍ക്ക്‌ സ്വീകാര്യമാവില്ല എന്നതില്‍ അത്ഭുതമില്ല.

സോഷ്യലിസ്റ്റു ചേരിയുടെ പരാജയം, മാര്‍ക്സിസത്തെ മനസ്സിലാക്കുന്നതില്‍ വന്ന പരാജയമെന്ന് വിശദീകരിക്കുവാനാണ്‌ ഞാന്‍ ഇവിടെ ശ്രമിക്കുന്നത്. കാരണം ആ അര്‍ത്ഥത്തില്‍ വേണ്ടത്ര പഠനങ്ങള്‍ നടന്നിട്ടില്ല. ഇന്ത്യയില്‍ പൊതുവേ മാര്‍ക്സിസം ഒരു യുക്തി ചിന്തയായാണ് അവതരിക്കപ്പെട്ടത്. ശാസ്ത്രീയമായ നിഗമനങ്ങളെ മാര്‍ക്സിസം ഉള്‍കൊള്ളുന്നുവെങ്കിലും യുക്തിക്കും ബുദ്ധിക്കും അതീതമായ ഹൃദയാത്മാകമായ ഒരു സമീപനം മാര്‍ക്സിസത്തിന്റെ കാതലാണ്‌. കാരണം അത് ഒരു സ്വപ്നത്തെ താലോലിക്കുന്നു. മനുഷ്യന്‍ മനുഷ്യന്റെ സ്വരം സംഗീതം പോലെ ആസ്വദിക്കുന്ന ഒരു കാലത്തെ അത് സ്വപ്നം കാണുന്നുണ്ട്. അത് കൊണ്ട് തന്നെ യുക്തി ചിന്തകളുടെ ഭൂമികയില്‍ മാത്രം പരിഹരിക്കപ്പെടേണ്ട വിഷയമല്ല മാര്‍ക്സിസം.

മനുഷ്യചരിത്രം വര്‍ഗ്ഗസമരങ്ങളുടെ ചരിത്രം എന്ന് വിലയിരുത്തുമ്പോള്‍ തന്നെ രണ്ടു സമീപന രീതികള്‍ എക്കാലത്തും മനുഷ്യ ചിന്തയെ സ്വാധീനിച്ചിട്ടുണ്ട്. ഒന്ന് ബുദ്ധിയുടെ/യുക്തിയുടെ തലവും മറ്റൊന്ന് മനസ്സിന്റെ തലവും ആണ്. ബുദ്ധിയുടെ തലം എല്ലാ വിമോചന സങ്കല്‍‌പങ്ങളേയും എക്കാലവും തള്ളിക്കളഞ്ഞിട്ടുണ്ട്. മനസ്സിന്റെ അല്ലെങ്കില്‍ ഹൃദയത്തിന്റെ സമീപനം കാരുണ്യമോ സ്നേഹമോ ഇല്ലാത്ത യുക്തികളെ നിരന്തരം നിരാകരിച്ചിട്ടുമുണ്ട്. മാര്‍ക്സിസം ഹൃദയപക്ഷ നിലപാടിന് ശാസ്ത്രീയതയുടെ പിന്‍ബലം സ്വീകരിക്കുകയായിരുന്നു.

ഉത്പാദന ബന്ധങ്ങളില്‍ നടക്കേണ്ടുന്ന വര്‍ഗ്ഗസമരം വിശദീകരിക്കപ്പെടുമ്പോഴും പ്രയോഗിക്കപ്പെടുമ്പോഴും ബോധ തലത്തില്‍ നടക്കേണ്ടുന്ന വര്‍ഗ്ഗസമരം അവഗണിക്കപ്പെട്ടു. യുക്തി ചിന്തകള്‍ക്കൊണ്ട് ഹൃദയ ചിന്തകള്‍ നിരാകരിക്കപ്പെട്ടു. സ്വപ്നത്തിനു പകരം പ്രായോഗികത എന്ന യുക്തി സ്ഥാപിക്കപ്പെട്ടു. അതുകൊണ്ടാണ് കുപ്രസിദ്ധമായ പൂച്ച സിദ്ധാന്തവും കുരങ്ങു സിദ്ധാന്തവും ഉണ്ടായത്. ചൈനീസ് കമ്മ്യൂണിസ്റ്റു പാര്‍ട്ടിയില്‍ ആണ് പൂച്ചസിന്ധാന്തം അവതരിപ്പിക്കപ്പെട്ടത്. പൂച്ച കറുത്തതായാലും വെളുത്തതായാലും എലിയെപിടിച്ചാല്‍ മതിയില്ലേ എന്ന യുക്തിയാണ് അന്ന് ഉന്നയിക്കപ്പെട്ടത്. അതായത് ഉത്പാദന വിതരണ സംവിധാനങ്ങള്‍ എന്ത് തന്നെ ആയാലും സോഷ്യലിസം പുലര്‍ന്നാല്‍ പോരെ എന്ന കേവല യുക്തി ആയിരുന്നു. മാര്‍ഗ്ഗമല്ല ലക്ഷ്യമാണ്‌ പ്രധാനം എന്ന കുയുക്തിയാണ് അത്.


ഇതേ കുയുക്തികള്‍ ആണ് ഇന്ത്യയിലെ പ്രസ്ഥാനത്തെയും പിടികൂടിയത്. നമ്മുടെ മാര്‍ക്സിസ്റ്റ്‌ ആചാര്യന്‍, മനുഷ്യന്‍ കുരങ്ങിലേക്ക്‌ തിരിച്ചു പോകുന്നില്ല എന്ന യുക്തി ഉദാഹരിച്ചു കൊണ്ട് സോഷ്യലിസം മുതലാളിത്തത്തിലേക്ക് തിരിച്ചു പോകില്ല എന്ന കുരങ്ങുസിദ്ധാന്തം അവതരിപ്പിച്ചു. മാര്‍ക്സിസത്തില്‍ മാത്രമല്ല പരിണാമ സിദ്ധാന്തത്തിലും തനിക്കുള്ള അജ്ഞതയാണ് അദ്ദേഹം വെളിപ്പെടുത്തിയത്. വസ്തുതകളുടെ വ്യക്തവും സമഗ്രവുമായ വിശകലനത്തിലൂടെ ആശയത്തിലേക്ക് ചെന്നെത്തുക എന്ന മാര്‍ക്സിസ്റ്റു സമീപനം കൈ ഒഴിയപ്പെട്ടതിന്റെ, കേവല യുക്തിയെ തല്‍‌സ്ഥാനത്ത് പ്രതിഷ്ഠിച്ചതിന്റെ ഒരു ചരിത്രം നമുക്ക് കാണാനാകും. ഇ. എം. എസ്സിന്റെ നിലപാടുകള്‍ ഒട്ടുമിക്കവയും ഒരു മാര്‍ക്സിസ്റ്റിന്റേത് ആയിരുന്നില്ലെന്ന് പറയുമ്പോള്‍ നെറ്റിചുളിയേണ്ടതില്ല. ആണവ നിലയങ്ങളെ പറ്റി, ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ പറ്റി എല്ലാം തന്നെ മാര്‍ക്സിസ്റ്റു വിരുദ്ധമായ കാഴ്ചപ്പാടുകള്‍ ആണ് അദ്ദേഹം പ്രചരിപ്പിച്ചു കൊണ്ടിരുന്നത്. (ഇ. എം. എസ്സ്‌ അല്ല നമ്മുടെ വിഷയം എന്നതുകൊണ്ട്‌ നമുക്ക് വിഷയത്തിലേക്ക് മടങ്ങാം.)


മാര്‍ക്സിസത്തെ യുക്തി വാദത്തില്‍ നിന്നും വിമോചിപ്പിക്കുകയാണ് അടിയന്തിര കടമ എന്ന് ഞാന്‍ വിശ്വസിക്കുന്നു. അത് കേവല യുക്തിയുടെ തത്വചിന്തയല്ല. അത് എല്ലാ തരത്തിലും അടിച്ചമര്‍‌ത്തപ്പെടുന്ന സര്‍വ്വ വിഭാഗം ജനങ്ങളുടേയും മോചനത്തെ ലക്‌ഷ്യം വെക്കുന്ന ഒരു സമഗ്ര ചിന്തയാണ്. അത് വര്‍ഗ്ഗ സമരത്തില്‍ അധിഷ്ഠിതമാണ്. ബോധത്തിലും അബോധത്തിലും, ഉത്പാദന ബന്ധങ്ങളിലും, കുടുംബ സാമൂഹിക ബന്ധങ്ങളിലും സര്‍വ്വ വ്യാപിയായി നിരന്തരം വികസിക്കേണ്ട വര്‍ഗ്ഗ സമരമാണ് അതിന്റെ അടിസ്ഥാന ഘടകം. വര്‍ഗ്ഗ സമരം കൈ ഒഴിഞ്ഞു കൊണ്ടുള്ള ഏതൊരു വ്യതിചലനവും നേരെ വിപരീതമായ ഫലത്തില്‍ ആണ് ചെന്നെത്തുക.


വര്‍ഗ്ഗ സമരം ഒരു സമീപന രീതിയാണ്. ഓരോ നിലപാടുകളും ആത്യന്തികമായി എന്താണ് പുനരുല്‍‌പാദിപ്പിക്കുക എന്ന ഫലത്തെയാണ് അത് നിര്‍ണ്ണയിക്കുന്നത്. വര്‍ഗ്ഗ സമരം വിദൂര ഫലങ്ങളെ നിര്‍ണ്ണയിക്കുന്ന തന്ത്രപരമായ സമരങ്ങള്‍ ആണ്. അല്ലാതെ പ്രായോഗികതയില്‍ ഊന്നിയ സമീപസ്ഥ ഫലങ്ങള്‍ അല്ല.

ആഗോളവല്‍‌ക്കരണത്തിന്റെ സമീപസ്ഥ നാളുകളില്‍ മാര്‍ക്സിസം കാലഹരണപ്പെട്ടു അല്ലെങ്കില്‍ അപ്രായോഗികം എന്നീ പല്ലവികള്‍ ഉയരുന്നുണ്ട്. പക്ഷെ ആഗോളവത്ക്കരണത്തിന്റെ ഉദയവും അത് ചരിത്രത്തില്‍ നിര്‍വ്വഹിക്കാന്‍ പോകുന്ന പ്രശ്നങ്ങളും തുടക്കത്തിലേ സഖാവ് മാവോ സെ തുംഗ് ചൂണ്ടിക്കാട്ടുകയുണ്ടായിട്ടുണ്ട്. സൈനീക അടിമത്തം അപ്രസക്തമായ നാളുകളില്‍ സാമ്രാജ്യത്തം സാമ്പത്തീക അടിമത്തത്തിന്റെ തന്ത്രങ്ങളിലേക്ക് ചുവടു മാറുന്നുവെന്നു മാവോ ചൂണ്ടിക്കാട്ടുകയുണ്ടായി. വര്‍ഗ്ഗ സമരം പുതിയ സാഹചര്യങ്ങളില്‍ പുതിയ വെല്ലുവിളികളെ നേരിടാന്‍ പോകുന്നു എന്നും ചൂണ്ടിക്കാണിക്കപ്പെട്ടു.


പക്ഷെ മാവോയുടെ മുന്നറിയിപ്പുകള്‍ എല്ലാം തന്നെ തമസ്കരിക്കപ്പെടുകയും നാം സാമ്രാജ്യത്ത പദ്ധതികളുടെ നല്ല നടത്തിപ്പുകാരായി മാറുകയുമാണ് ഉണ്ടായത്. സത്യത്തില്‍ പ്രയോഗിക്കപ്പെടാത്ത സിദ്ധാന്തമാണ്‌ ഇന്ന് പരാജയപ്പെട്ടു എന്ന് വിലപിക്കുന്നത്.

ഈ കുറിപ്പ് ഇവിടെ അവസാനിപ്പിക്കാം എന്ന് കരുതുന്നു. നേരത്തെ ചൂണ്ടിക്കാട്ടിയ പോലെ സംഘടിതമായ ചിന്തയിലൂടെ വികസിപ്പിക്കേണ്ട ഒന്നാണ് മാര്‍ക്സിസം. അത് പ്രയോഗത്തിന്റെ പ്രത്യയശാസ്ത്രമാണ്. അതുകൊണ്ട് വിശദമായ ചര്‍ച്ചക്കും ചിന്തക്കും ഞാനീ കുറിപ്പ് സമര്‍പ്പിക്കുന്നു. എന്റെ തെറ്റുകള്‍ തിരുത്തിക്കൊണ്ടും വിട്ടുപോയ കാര്യങ്ങള്‍ കൂട്ടിച്ചേര്‍‌ത്തു കൊണ്ടും ഈ ചര്‍ച്ച ഫലവത്താക്കണം എന്ന് അപേക്ഷിക്കുന്നു.


അഭിവാദ്യങ്ങളോടെ...

30 comments:

ഭാനു കളരിക്കല്‍ said...

മാര്‍ക്സിസത്തെ വിമോചന പ്രത്യയശാസ്ത്രമായി കാണുകയും അതിന്റെ മുന്നേറ്റം ആഗ്രഹിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്യുന്നവരുടെ ഗൌരവ പൂര്‍ണമായ ചര്‍ച്ചക്ക്.

ചാർ‌വാകൻ‌ said...

കാലഹരണപ്പെട്ട ഒരു പ്രത്യശാസ്ത്രത്തിന്മേലുള്ള ഒരു ചർച്ചയും ഫലവത്താകില്ല.പിന്നെ സ്വപ്നങ്ങളെ കുറിച്ചാണങ്കിൽ പറഞ്ഞുകൊണ്ടിരിക്കാം.കൂടുതൽ പിന്നീട്..ചർച്ചകൊഴുക്കുമ്പോൾ.

ചിത്രഭാനു Chithrabhanu said...

വായിച്ചു. വിശദമായി പിന്നെ കമന്റാം

Liju Kuriakose said...

കാലത്തിനനുസരിച്ച് നിലപാടുകൽ സ്വീകരിക്കാൻ മാർക്സിസത്തിന് (അല്ലെങ്കിൽ മാർക്സിസ്റ്റുകൾക്ക്) കഴിയുന്നില്ല. ചില മതതീവ്രവാദികളുടെ നിലപാട് പോലെ അത്യധികം യാഥാസ്ഥിതികമാവുകയാണ് മാർക്സിസ്റ്റ് പാർട്ടിയുടെ നിലപാടും.

ajith said...

മാര്‍ക്സിസം ഏട്ടിലെ പശു ആകുന്നു

ഷമീര്‍ തളിക്കുളം said...

ചര്‍ച്ചകള്‍ തുടരട്ടെ.

grkaviyoor said...

എനിക്കിതില്‍ ഒരു താല്പര്യമില്ല സുഹുര്‍ത്തെ

ചെറുത്* said...

കളരിക്കല്‍ മാഷൊരു പക്കാ സഖാവാണല്ലേ :)

ജീ ആര്‍ പറഞ്ഞതേ ചെറുതിനും പറയാനുള്ളൂ.! അതുകൊണ്ടാവും, വായിക്കാന്‍ ശ്രമിച്ചിട്ടും പകുതിയില്‍ വച്ച് നിര്‍ത്തി പോന്നു.

മറ്റുവിഷയങ്ങളെ തേടി വീണ്ടും വരാം.

കൊമ്പന്‍ said...

പ്രണയവും കമ്മ്യുണിസവും ഇനി നില നില്‍ക്കണം എങ്കില്‍ വലിയ പാടാ

ശ്രീനാഥന്‍ said...

വളരെ പ്രസക്തമായ ഒരു ചർച്ചയാണ് ഭാനു തുടങ്ങിയത് (അല്ലെങ്കിൽ തുടരുന്നത്). ആശയക്കുഴപ്പത്തിന്റെ നടുക്കു നിന്നാണ് ഞാനും ചിന്തിക്കുന്നത്. മാർക്സിസം കാലഹരണപ്പെട്ടിട്ടില്ലെന്ന് തന്നെ ഞാൻ കരുതുന്നു. സ്വത്തിനും അവസരത്തിനും ഉള്ള മനുഷ്യരുടെ തുല്യാവകാശത്തിൽ ഊന്നിനിൽക്കുകയും, അതിന് താത്വികവും പ്രയോഗപരവുമായ ഒരു അടിത്തറ നൽകുകയും ചെയ്യുന്ന മറ്റൊരു തത്വശാസ്ത്രം എന്റെ അറിവിലില്ല.
ഇന്നും ലോകത്തിലെ പോരാട്ടങ്ങളുടെ പ്രധാന ഊർജ്ജസ്രോതസ് മാർക്സിസമാണ്. എങ്കിലും സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ ആരംഭിച്ച അപചയം മറച്ചു വെച്ചിട്ട് കാര്യമില്ല. Democratic centralisation എന്ന കമ്യൂണിസ്റ്റ് പാർട്ടികളുടെ പ്രവർത്തനരീതി അധികാരകേന്ദ്രീകരണത്തിനും ഏകാധിപത്യത്തിനും കെടുകാര്യസ്ഥതക്കും സുഖലോലുപതക്കും സൌകര്യമായ ഒരു മറയായി മാറി. ഉൾപ്പാർടി ജനാധിപത്യം തീർത്തും ഇല്ലാതെയായി. ജനതയുടെ സ്വതവികാസത്തിനുള്ള മാർഗ്ഗങ്ങൾ കൊട്ടിയടച്ചു. കമ്യൂണിസ്റ്റ് കോട്ടകൾ തകർന്നു. ഇതു കണ്ട ചൈനയും ക്യൂബയുമൊക്കെ ആശാന്റെ നെഞ്ചത്തു നിന്നിറങ്ങി കളരിക്കു പുറത്തും പോയി. അടിമുതൽ മുടി വരെ സമ്പൂർണ്ണമായ ജനാധിപത്യം നിലനിന്നാൽ പൊതുസ്വത്ത് സ്വന്തം സ്വത്തായി കരുതാനാകും. അല്ലാതെ സ്വകാര്യസ്വത്ത് തിരിച്ചു വന്നാൽ ‘ലാഭം’ സമ്പദ് വ്യവസ്ഥയുടെ കേന്ദ്രസ്ഥാനത്ത് പുനപ്രതിഷ്ഠിക്കപ്പെടുകയും മുതലാളിത്തം തിരിച്ചെത്തുകയും ചെയ്യും.

അധികാരത്തിലില്ലാത്ത ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടികളിൽ പോലും ജനാധിപത്യം വേണ്ടത്രയുണ്ടോ എന്ന് ആലോചിക്കേണ്ടതുണ്ട്. ഭയമാണ് പാർടി അംഗങ്ങളെ ഭരിക്കുന്നത്. കേരളത്തിലൊക്കെ പഴയ ജന്മി-കുടിയാൻ ബന്ധമാണ് നേതാക്കന്മാരും അനുയായികളും തമ്മിൽ. ബോസിനെ പിണക്കിയാൽ പ്രമോഷൻ പോകുമെന്ന് ഭയക്കുന്ന സബോർഡിനേറ്റിനെ പോലെയാണ് യുവാക്കൾ പോലും. സമൂഹത്തിലെ സമ്പന്നർക്കും പണത്തിന്റെ കണ്ട്രോൾ ഉള്ളവർക്കും പാർടി തീരുമാനങ്ങളെ എളുപ്പത്തിൽ സ്വാധീനിക്കാനാവുന്നു.ഭാനു പറഞ്ഞപോലെ സ്വപ്നവും ഹൃദയവും നസ്ഗ്ടപ്പെട്ടവരാകുന്നു പലരും.

അതുപോലെ പരിസ്ഥിതി, പാർശ്വവൽക്കരണം, സ്ത്രീശാക്തീകരണം മുതലായ പ്രശ്നങ്ങളിൽ പഴഞ്ചൻ നിലപാടുകളാണ് പ്രസ്ഥാനത്തിലെ മുതിർന്ന നേതാക്കന്മാർക്ക്. ഇതൊക്കെ കമ്യൂണിസ്റ്റ് ഭരണം വരുന്നതോടെ തനിയേ ഇല്ലാതാവുന്നവയാണെന്നും (സ്റ്റേറ്റ് കൊഴിഞ്ഞു പോകുമെന്ന മാർക്സിയൻ ഡോഗ്മ പോലെ!) അത്തരം പ്രശ്നങ്ങളെ പ്രതേകം പരിഗണിക്കുന്നത് സെക്റ്റേറിയനാണെന്നും അവർ കരുതുന്നു. സമാന്തര സംഘടനകൾ പ്രശ്നം ഉയർത്തിക്കൊണ്ടു വരുമ്പോൾ മനസ്സില്ലാ മനസ്സോടെയാണ് പലയിടത്തും പാർടി അതേറ്റെടുക്കുന്നത്. ( നിരന്തര സമ്മർദ്ദങ്ങൾക്കു വഴിപ്പെട്ട് മാറിചിന്തിക്കുന്ന നേതാക്കന്മാർ ഇപ്പോൾ കുറച്ചുണ്ട്).

പാർടി സമീപനങ്ങൾ മാറേണ്ടിയിരിക്കുന്നു. പാർടിക്കകത്ത് ജനാധിപത്യമുണ്ടാകേ ണ്ടിയിരിക്കുന്നു. കമ്യൂണിസം ലോകത്തിന്റെ വസന്തമാണ്; അത് പാടുന്ന നാളെയെ സൃഷ്ടിക്കുന്നു എന്നാണ് ഞാൻ ഇപ്പോഴും കരുതുന്നതെന്നും കൂട്ടിച്ചേർക്കട്ടെ.

ഭാനു കളരിക്കല്‍ said...

മഷേ,
ഈ ക്രിയാത്മക പ്രതികരണത്തിനു ആദ്യമേ നന്ദി പറയട്ടെ.

മാഷ് ഉന്നയിച്ച വിഷയങ്ങളുടെ മര്‍മ്മ പ്രധാനമായ വിഷയം വര്‍ഗ്ഗസമരത്തെ ശരിയായ വിധത്തില്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ മനസ്സിലാക്കിയിട്ടില്ല എന്നാണ്. തൊഴിലുടമയും തൊഴിലാളിയും അല്ലെങ്കില്‍ ഭരണകൂടവും ജനതയും തമ്മിലുള്ള വൈരുദ്ധ്യം മാത്രമായി മാര്‍ക്സിസത്തിന്റെ നെടും തൂണായ വര്‍ഗ്ഗ സമരത്തെ ചുരുക്കി കണ്ടു എന്നതാണ് ഏറ്റവും വലിയ തെറ്റ്. വര്‍ഗ്ഗ സമരം സമൂഹത്തിന്റെ സര്‍വ്വ വ്യവഹാരങ്ങളേയും നിര്‍ണ്ണയിക്കേണ്ടതുണ്ട്. സ്ത്രീ പുരുഷ ബന്ധങ്ങള്‍, കുടുംബം, ജാതി, പരിസ്ഥിതി എന്നിങ്ങനെ എല്ലാ വിഷയങ്ങളേയും വര്‍ഗ്ഗ സമരത്തിന്റെ സ്വാധീനതയില്‍ കൊണ്ടു വരികയും നിരന്തരമായ ഹൃദയപക്ഷ സമീപനങ്ങള്‍ ഓരോ തലത്തിലും വളര്‍ന്നു വികസിക്കേണ്ടതും ഉണ്ട്. വ്യക്തമായി പറഞ്ഞാല്‍ ഓരോ വ്യക്തിക്ക് ഉള്ളിലും ഈ സമരം നടക്കേണ്ടതുണ്ട് എന്നു ഞാന്‍ കരുതുന്നു. എല്ലാം വിപ്ലവത്തിന് ശേഷം പരിഹരിക്കപ്പെടും എന്ന രീതിയിലുള്ള നീട്ടി വെക്കലുകള്‍ പ്രശ്നം ഗുരുതരമാക്കുന്നു. അധികാരം കയ്യടക്കുന്നതിനപ്പുറത്തേക്ക് വര്‍ഗ്ഗ സമര സിദ്ധാന്തം വികസിക്കുന്നില്ല എങ്കില്‍ അത് മാര്‍ക്സിസത്തിന്റെ അന്ത സത്തയില്‍ നിന്നുമുള്ള അകലല്‍ ആണ്.

പാര്‍ട്ടിക്കുള്ളില്‍ വളര്‍ന്നു വന്ന ബോസ്സ് സംസ്കാരവും കേന്ദ്രീകരണവും വര്‍ഗ്ഗ സമരം കൈയ്യൊഴിഞ്ഞതിന്റെ പരിണിത ഫലമാണെന്ന് ഞാന്‍ കരുതുന്നു. ഒരു വിപ്ലവാശയം വിപ്ലവ നേതൃത്ത്വത്തെമാത്രമേ സൃഷ്ടിക്കു. പ്രതി വിപ്ലവകാരികളും സുഖലോലുപരും ആയ നേതൃത്വത്തിന് വിപ്ലവ ആശയത്തെ വഹിക്കാന്‍ ആകില്ല. കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്ക് സത്യത്തില്‍ സംഭവിച്ചത് അത് പുതിയ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി വിപ്ലവ ആശയം കൈവെടിയുകയും അതിന്റെ ഫലമായി മുതലാളിത്ത പരിഷ്ക്കരണ ആശയങ്ങളുടെ വക്താക്കള്‍ പാര്‍ട്ടി നേതൃത്വം പിടിച്ചെടുക്കയും ചെയ്തു.

മാര്‍ക്സിസത്തെ ഈ പിന്തിരിപ്പന്‍ നേതൃത്വത്തില്‍ നിന്നും തിരിച്ചു പിടിക്കുകയും അതിന്റെ സര്ഗ്ഗശേഷിയെ കെട്ടഴിച്ചു വിടുകയും ചെയ്യ്തെങ്കില്‍ മാത്രമേ മാനവ രാശി തന്നെ പുതിയ ലോകത്തിലേക്ക് ഊഷ്മളതയോടെ പ്രവേശിക്കു എന്നു ഞാന്‍ വിശ്വസിക്കുന്നു.

ഭാനു കളരിക്കല്‍ said...

@ ajith said...
മാര്‍ക്സിസം ഏട്ടിലെ പശു ആകുന്നു.

മാര്‍ക്സിസം ഏട്ടിലെ പശു ആണെന്ന പ്രസ്താവന ഒരു വലിയ ഫലിതമാണ്. ഇതില്‍ കൂടുതല്‍ ഒന്നും പറയാന്‍ ഇല്ല.

Rajeeve Chelanat said...

വിഷയം പ്രസക്തമാണ്. എങ്കിലും, മാര്‍ക്സിസത്തെ മനസ്സിലാക്കുന്നതില്‍ വന്ന പരാജയമാണ് സോഷ്യലിസ്റ്റു ചേരിയുടെ പരാജയത്തിന്റെ കാരണമെന്ന യുക്തിയോട് യോജിക്കാനാവില്ല. കിഴക്കൻ യൂറോപ്പിലെ രാജ്യങ്ങൾ സോഷ്യലിസ്റ്റ് ചേരിയിൽനിന്ന് അടർന്നുപോയതിൽ, അതാതിടങ്ങളിലെ ഭാഷയ്ക്കും, ദേശീയതക്കും, ദേശീയനയങ്ങൾക്കും എല്ലാം ഏറിയും കുറഞ്ഞുമുള്ള പങ്കുണ്ട്. സോഷ്യലിസ്റ്റ് രാജ്യങ്ങളെ കെട്ടിപ്പടുക്കുന്നതിൽ റഷ്യ കൈക്കൊണ്ട നയങ്ങളെ മാർക്സിസത്തെ മനസ്സിലാക്കുന്നതുമായി കൂട്ടിക്കുഴക്കുന്നത് ശരിയായിരിക്കില്ല എന്നു തോന്നുന്നു.

യുക്തിക്കും ബുദ്ധിക്കും അതീതമായ ഹൃദയാത്മകമായ ഒരു സമീപനം എന്നതുതന്നെ അസംബന്ധമായ ഒരു സങ്കൽ‌പ്പമാണെന്നു തോന്നുന്നു. മാർക്സിസത്തിനെ(അഥവാ കമ്മ്യൂണിസത്തിനെ) യാഥാർത്ഥ്യത്തിൽനിന്ന് അകന്ന കാൽ‌പ്പനികമായ ഒരു അവസ്ഥയായി ചിത്രീകരിക്കാൻ സ്യൂഡോ കമ്മ്യൂണിസ്റ്റുകൾ പതിവായി ഉപയോഗിക്കുന്ന ഒരു ക്ലീഷേയാണ് അത്തരം ‘ഹൃദയാത്മകമായ സമീപനവും’ മറ്റും. യുക്തിയെയും ബുദ്ധിയെയും ഏറ്റവും ശാസ്ത്രീയമായി സമീപിക്കുന്ന ഒരു സാമൂഹിക ശാസ്ത്രം തന്നെയാണ് മാർക്സിസത്തിന്റെ കാതൽ. മനുഷ്യന് ശാസ്ത്രത്തിനോടുമുള്ള ബന്ധം (അത് സാമൂഹികശാസ്ത്രമോ ഭൌതികശാസ്ത്രമോ എന്തുതന്നെയായാലും) യുക്തിക്കും ബുദ്ധിക്കും അതീതമൊന്നുമല്ല. യുക്തിയിലും ബുദ്ധിയിലും ബദ്ധമാണ് അത്. “മാർക്സിസം കമ്മ്യൂണിസം തുടങ്ങിയ ആശയങ്ങളൊക്കെ നല്ലതുതന്നെ, പക്ഷേ ഉട്ടോപ്യനാണ്“ എന്ന് (ഇവിടെ അജിത്തും, ചാർവാകനും പറയുന്ന അതേ രീതിയിൽ) എന്ന് പറയുന്നവർ ഉപയോഗിക്കുന്ന മറ്റൊരു രീതിയാണ് ഈ ഹൃദയാത്മകമായ സമീപനവും മറ്റും എന്നാണ് തോന്നൽ. (ആ ഹൃദയാത്മകതയിൽനിന്ന് മതാത്മകതയിലേക്കുള്ള ദൂരവും ഈയിടെ കുറഞ്ഞു കാണുന്നുണ്ട്).

എന്തായാലും ചർച്ചകൾ നടക്കട്ടെ.
അഭിവാദ്യങ്ങളോടെ

Unknown said...

മാര്‍ക്സിസം പരാജയപ്പെടുന്നില്ല എന്നും അതിന്റെ പ്രയോഗിതയില്‍ മാത്രം ആണ് താള പിഴ വനിട്ടുല്ല് എന്നെ വിശ്വസിക്കുന്ന ഒരു മാര്‍ക്സിസത്തിന്റെ വകത്താവ് ...

ഭാനു കളരിക്കല്‍ said...

@ Rajeeve Chelanat
കിഴക്കൻ യൂറോപ്പിലെ രാജ്യങ്ങൾ സോഷ്യലിസ്റ്റ് ചേരിയിൽനിന്ന് അടർന്നുപോയതിൽ തീര്‍ച്ചയായും മാര്‍ക്സിസത്തെ മനസ്സിലാക്കുന്നതിലെ പ്രശ്നങ്ങള്‍ ഉള്ളടങ്ങിയിട്ടുണ്ട്. വിപ്ലവം ജനങ്ങളുടെ ഉത്സവമാണെന്നും അത് ഇറക്കുമതി ചെയ്യപ്പെടേണ്ട ഒന്നല്ല എന്നുമുള്ള ലെനിനിസ്റ്റ് നിലപാടുകളുടെ നിരാകരണം ആണ് അവിടങ്ങളില്‍ സംഭവിച്ചത്. അതുപോലെ തന്നെ വിപ്ലവ ശേഷവും നിരന്തരം നടക്കേണ്ട വര്‍ഗ്ഗസമരത്തെ നിസ്സാരവത്ക്കരിച്ചു കണ്ടു. സോവിയറ്റ് സാമ്പത്തീക പരിഷ്ക്കാരങ്ങള്‍ക്കുള്ള വിമര്‍ശ്ശന കുറിപ്പില്‍ മാവോ പറയുകയുണ്ടായി- കൂട്ട് കൃഷിക്കളങ്ങളില്‍ ട്രാക്ടര്‍ വേണോ വേണ്ടയോ എന്ന വിഷയത്തില്‍ കര്‍ഷകര്‍ ആണ് തീരുമാനമെടുക്കേണ്ടത്. സര്‍ക്കാര്‍ ആധുനീക സംവിധാനങ്ങള്‍ അടിച്ചേല്പിക്കേണ്ടതില്ല. വരമ്പുകള്‍ ഇല്ലാതെ ഒരു ഗ്രാമം മുഴുവന്‍ ഒരു കുടുംബം എന്ന രീതിയില്‍ കൃഷിയിറക്കുകയും കൊയ്യുകയും പാകം ചെയ്യുകയും ചെയ്യുന്ന രീതിയിലേക്ക് വളരുമ്പോള്‍ ട്രാക്ടറോ പുതിയ വിത്തിനങ്ങളോ കര്‍ഷകര്‍ സ്വയം സ്വാംശീകരിക്കുമെന്നും ഇതിനായുള്ള വര്‍ഗ്ഗസമര ഉള്പ്രേരകമായി മാത്റം പാര്‍ട്ടിയോ സര്‍ക്കാരോ നിലനില്‍ക്കണം എന്നും ആണ്. നമുക്കിന്നു അറിയാം എല്ലാ അനുഭവങ്ങള്‍ക്ക് ശേഷവും പല കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും വിപ്ലവത്തിന്റെ കരാറുകാരായി നിലനില്‍ക്കുന്നു.

ഭാഷാ ദേശീയത, സംസ്കാരങ്ങള്‍, മതങ്ങള്‍ എന്നിവയോട് ശരിയായ മാര്‍ക്സീയന്‍ നിലപാടുകള്‍ ലെനിന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം സങ്കുചിത വേര്‍ത്തിരിവുകള്‍ പഴയ ഫ്യൂഡല്‍ സംസ്കാരത്തിന്റെ ശേഷിപ്പുകള്‍ ആണെന്നും എല്ലാ വേര്ത്തിരിവുകളില്‍ നിന്നും മനുഷ്യ വര്‍ഗ്ഗം മോചിപ്പിക്കപ്പെടെണ്ടതും ഉണ്ട് എന്ന ശരിയായ നിഗമനം ആണ് അത്. ഏത് വംശത്തില്‍ ആയിരുന്നാലും അടിച്ചമര്ത്തപ്പെടുന്ന മനുഷ്യന്റെ ആശയും ആഗ്രഹങ്ങളും ഒന്നാണ് എന്നുള്ളതാണ് അത്. മനുഷ്യ വംശം അഖിലലോക വംശമായി വളരുക എന്ന സ്വപ്നമാണല്ലോ മാര്‍ക്സിസം ഉയര്‍ത്തിപ്പിടിച്ചത്. മുതലാളിത്ത വിപ്ലവങ്ങളുടെ കടമകള്‍ പൂര്ത്തീകരിക്കപ്പെടാത്ത ഈ രാജ്യങ്ങളില്‍ ഫ്യൂഡല്‍ ശേഷിപ്പുകള്‍ക്കെതിരായ വര്‍ഗ്ഗസമരം മുന്നോട്ട് കൊണ്ടു പോയില്ല എന്നു മാത്രമല്ല അപ്പോഴേക്കും വര്‍ഗ്ഗസമരം കൈയ്യൊഴിയപ്പെട്ടു പാര്‍ട്ടി കേന്ദ്രീകരണത്തിനും സോഷ്യല്‍ സാമ്രജ്യത്തത്തിനും അടിപ്പെട്ട സോവിയറ്റ് യൂണിയന്‍ കിഴക്കൻ യൂറോപ്പ്യന്‍ രാജ്യങ്ങളുടെ വല്യേട്ടന്‍ ആയി മാറി.

ഞാന്‍ യുക്തിയെ വിമര്‍ശിച്ചത് കേവല യുക്തി എന്ന അര്‍ത്ഥത്തില്‍ ആണ്. കേവല യുക്തികള്‍ ആണ് മാര്‍ക്സിസത്തെ അതിന്റെ അന്തസത്തയില്‍ നിന്നും വ്യതിചലിപ്പിച്ചത്. നമ്മുടെ സമകാലീന മാര്‍ക്സിസ്റ്റുകള്‍ മാര്‍ക്സിസത്തെ യുക്തി വാദമായി അധപ്പതിപ്പിച്ചു. യുക്തിവാദം നിങ്ങളെ ഒരു സംവാദത്തില്‍ വിജയിപ്പിച്ചേക്കാം. പക്ഷേ സത്യത്തെ മനസ്സിലാക്കുന്നതില്‍ അത് വന്‍പരാജയം ആകും. മാര്‍ക്സിസത്തിന്റെ രീതി ശാസ്ത്രം അതല്ല താനും. വസ്തുതകളുടെ സമൂര്‍ത്ത വിശകലനത്തില്‍ നിന്നും ആശയങ്ങളിലേക്ക് വികസിക്കണമെന്നാണ് മാര്‍ക്സിസം നിര്‍ദ്ദേശിക്കുന്നത്. ഈ വിശകലന രീതി കൈവെടിഞ്ഞത് തന്നെയാണ് നമ്മുടെ മാര്‍ക്സിസ്റ്റു ചിന്തകരുടെ പരാജയവും.

സാമ്രാജ്യത്തം രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം സൈനീക അടിമത്തങ്ങളുടെ തന്ത്രം ഉപേക്ഷിക്കുകയും സാമ്പത്തീക അടിമത്തത്തിലേക്കു പരിവര്‍ത്തനം ചെയ്യപ്പെടുകയും ചെയ്ത നാളുകളില്‍ ഈ പരിവര്‍ത്തനങ്ങളെ കേവല യുക്തികൊണ്ട് പരിശോധിക്കുകയും തെറ്റായ നിഗമനങ്ങളില്‍ എത്തിച്ചേരുകയും ചെയ്തു എന്നാണ് ഞാന്‍ വിശദീകരിച്ചത്. വര്‍ഗ്ഗസമരത്തെ കേവലമായിക്കണ്ടു.
എന്റെ ഹൃദയാല്മക സമീപനം എന്ന വാക്കിനെ രാജീവ് വളരെ സമര്‍ത്ഥമായി വളച്ചൊടിച്ചിരിക്കുന്നു എന്നു ഖേദപ്പെടുന്നു. കാരണം മാര്‍ക്സിസം ഹൃദയപക്ഷ നിലപാടിന് ശാസ്ത്രീയതയുടെ പിന്‍ബലം സ്വീകരിക്കുകയായിരുന്നു എന്നു അടിവരയിട്ടുകൊണ്ടാണ് ഞാന്‍ ഖണ്ഡിക അവസാനിപ്പിക്കുന്നത്. പ്രായോഗികതയുടെ യുക്തികള്‍ സ്വപ്നങ്ങളെ നിരാകരിച്ചു. എന്നാല്‍ മാര്‍ക്സിസം കേവലയുക്തിക്കപ്പുറം വസ്തുതകളുടെ വിശകലനത്തില്‍ ഊന്നുകയും മനുഷ്യരാശിയുടെ സ്വപ്നതുല്യമായ നാളെയെ മുന്നില്‍ കണ്ടുകൊണ്ട്‌ സര്‍വ്വ വ്യവഹാരങ്ങളിലും ബോധ പൂര്‍വ്വം ഉയര്‍ന്നു വരേണ്ട വര്‍ഗ്ഗസമരത്തെ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്നു

ഹാക്കര്‍ said...

കമ്പ്യൂട്ടര്‍ സംബന്ധമായ അറിവുകള്‍ക്ക് സന്ദര്‍ശിക്കുക...http://www.computric.co.cc/

Rajeeve Chelanat said...

ഭാനൂ,

നാലു പാരഗ്രാഫുകളിലായി ഭാനു പറഞ്ഞുവെക്കുന്നത് മുഴുവൻ മാർക്സിസത്തിന്റെ എലിമെന്ററി ടെക്സ്റ്റ് തന്നെയാണ്. അതിനോട് പൊതുവെ യോജിക്കാനും കഴിയും.

എങ്കിലും, കിഴക്കൻ യൂറോപ്പിലായാലും മറ്റിടങ്ങളിലായാലും കമ്മ്യ്യൂണിസ്റ്റ് സർക്കാരുകൾക്ക് (കമ്മ്യൂണിസത്തിനല്ല എന്ന് അടിവര) നേരിടേണ്ടിവന്ന താത്ക്കാലികമായ തിരിച്ചടികളെ അവിടങ്ങളിൽ ആ സർക്കാരുകൾ കൈക്കൊണ്ട, അഥവാ അവർക്കു നേരിടേണ്ടിവന്ന സമൂർത്തമായ സാഹചര്യങ്ങളുമായി ഭാനു ബന്ധപ്പെടുത്തുന്നില്ല എന്നേ ഞാൻ ഉദ്ദേശിച്ചിട്ടുള്ളു. ഭാഷാദേശീയതകൾ വെറും ഒരു ഉദാഹരണം മാത്രം. വിപ്ലവാനന്തരം റഷ്യയിൽ ലെനിൻ നടപ്പാക്കിയ സോഷ്യലിസ്റ്റ് രീതികളും, അവയ്ക്ക് പകരമായി പിന്നീട് നടപ്പാക്കിയ NEP പോലുള്ള പരിഷ്ക്കാരങ്ങളും ഇനിയും ഉദാഹരണങ്ങൾ നിരവധിയാണ്.

ഇനി ആ ഹൃദയാത്മകമായ സമീപന പരാമർശം ഭാനുവിനെ ലാക്കാക്കിയിട്ടല്ല പറഞ്ഞത്. കമ്മ്യൂണിസത്തിനെ എതിർക്കേണ്ടിവരുമ്പോൾ, കാൽ‌പ്പനികരും കമ്മ്യൂണിസ്റ്റ് വിരുദ്ധരും ഉപയോഗിക്കുന്ന ഒരു സമകാലിക പ്രയോഗം എന്ന അർത്ഥത്തിലാണ് ഞാനത് പരാമർശിച്ചത്.

അഭിവാദ്യങ്ങളോടെ

ഭാനു കളരിക്കല്‍ said...

@ Rajeeve Chelanat
എന്റെ ലേഖനത്തിന്റെ പ്രധാന വിമര്‍ശനത്തില്‍ നിന്നും രാജീവ് അകന്നു മാറിയോ എന്നു ഞാന്‍ സംശയിക്കുന്നു. ഓരോ സര്‍ക്കാരുകളും ഓരോ പദ്ധതിയുമായി ബന്ധപ്പെട്ടു ഉണ്ടായ പ്രതിസന്ധികള്‍ പരിശോധിക്കല്‍ എന്റെ ലേഖനത്തിന്റെ കടമയല്ല. മറിച്ച് മാര്‍ക്സിസം പ്രയോഗിക്കപ്പെടുമ്പോള്‍ അതിന്റെ കേന്ദ്ര അന്തസത്തയായ വര്‍ഗ്ഗസമരത്തില്‍ നിന്നും സിദ്ധാന്തപരമായി തന്നെ അകന്നുമാറിയെന്നും ഫലത്തില്‍ മുതലാളിത്ത ആശയങ്ങളുടെ പ്രയോഗമായി പരിണമിക്കുകയും ചെയ്തു എന്നതാണ്. ഉദാഹരണത്തിന് ലോകവ്യാപകമായ സോഷ്യലിസ്റ്റു വിപ്ലവം എന്ന ആശയത്തെ പിന്‍ തള്ളിക്കൊണ്ട് ഒരു രാജ്യത്ത് മാത്രമായി വിപ്ലവം സാദ്ധ്യമാണെന്ന സ്റ്റാലിന്റെ നിലപാട് എവിടെയാണ് കൊണ്ടെത്തിച്ചത്. സ്വയം ഫാസിസ്റ്റു വിരുദ്ധ മുന്നണി ആയി വികസിക്കേണ്ട ഇന്റര്‍നാഷനല്‍ പിരിച്ചുവിട്ടുകൊണ്ട്, ലോകവിപ്ലവത്തിനു നേതൃത്വം ഇല്ലാതാക്കിക്കൊണ്ട്‌ ലോക കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തെ ശിഥിലമാക്കുകയാണ് ഉണ്ടായത്. ഇതിന്റെ ആവര്‍ത്തനമാണ് ക്രൂഷ്ചേവ് സമാധാനപരമായ സഹവര്‍ത്തിത്തം എന്ന നിലപാടിലൂടെ കൂടുതല്‍ അപകടകരമായ അവസ്ഥയിലേക്ക് കൊണ്ടെത്തിച്ചത്. ഓരോ സര്‍ക്കാരുകളെയും നിലനിര്‍ത്തുക മാത്റം ലക്ഷ്യമാക്കുകയും വര്‍ഗ്ഗസമരം അപ്രസക്തമാകുകയും ചെയ്തു. ഇതിന്റെ ഏറ്റവും ദുഷിച്ച അവസ്ഥയാണല്ലോ നമ്മുടെ മാര്‍ക്സിസ്റ്റു പാര്‍ട്ടി ഇന്ന് പയറ്റിക്കൊണ്ടിരിക്കുന്നത്.

Unknown said...

ലളിതമായ് പറഞ്ഞുവെന്ന് തോന്നുന്നു. കാലാനുസൃതമായ് മാറാത്ത വ്യവസ്ഥയ്ക്ക് നിലനില്‍പ്പില്ല എന്നത് ചരിത്രം തന്നെ സാക്ഷി. പക്ഷെ ലോകസമ്പദ് വ്യവസ്ഥ പരാജയപ്പെടുന്ന ഏതൊരു കാലത്തും ഗഹനമായേ മാര്‍ക്സിസത്തെ പലരും സമീപിച്ചിരുന്നുള്ളു.

സ്വപ്നങ്ങള്‍ മുതലാളിത്തത്തിന് തീറെഴുതി വെച്ച ജനതയാണ് ഭൂരിപക്ഷം. ഒരു വിരത്തുമ്പിലെ ബട്ടണിലാല്‍ അവര്‍ കാണിക്കുന്നതാണ് ഇന്ന് നമ്മുടെ സ്വപ്നവും അതിന്റെ നിലവാരവും.. :))

കൂല്‍ങ്കഷമായ ഒരു ചര്‍ച്ചയ്ക്കുള്ള അറിവ് ഇല്ലാ..
:(

ബെഞ്ചാലി said...

സുന്ദരമായ, നടപ്പിലാക്കാൻ കഴിയാതെ പരാചയപെട്ട തത്വ ശാസ്ത്രമാണ് കമ്മ്യൂണിസം.

സാമ്പത്തിക സന്തുലിതാവസ്ഥ നടപ്പിലാക്കാനൊക്കുമൊ? മനുഷ്യരിൽ വ്യത്യസ്ത തലങ്ങളിലുള്ളവരുണ്ടാവണം. ആശ്രയിക്കുന്നവനും ആശ്രയിക്കേണ്ടവനും ഉണ്ടാവേണ്ടതുണ്ട്.

കമ്മ്യൂണിസ്റ്റ് ആശയത്തെ മാറ്റിമറിച്ചത് കൊണ്ടാണ് ചില രാഷ്ട്രങ്ങളിൽ ഇന്നും അത് നിലനിൽക്കുന്നത്.

വീകെ said...

അഭിവാദ്യങ്ങൾ...

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal..........

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal.........

K@nn(())raan*خلي ولي said...

അപ്പൊ നമ്മുടെ ആളാ അല്ലെ..!

മുകിൽ said...

ആലോചനയുണ്ട് ഈ വിഷയത്തിൽ. വ്യക്തതയില്ലാതെ.. എങ്ങനെ എന്തുകൊണ്ട്, എന്തിന്, നമ്മുടെ വീടിനകത്തു നിന്ന്, മുറ്റത്തു നിന്ന്, നാട്ടിൽനിന്ന് ലോകത്തുനിന്ന് മാർക്സിസം ഇങ്ങനെ മങ്ങിപ്പോകുന്നു എന്നത്..

ഓർക്കുന്നു വെളുത്ത പെറ്റിക്കോട്ടിട്ട്, ഒന്നും അറിയാതെ കണ്ണുമിഴിച്ച് ഒരു നാലുവയസ്സുകാരി, മുത്തച്ഛനൊപ്പം, വീട്ടിൽ നടന്നിരുന്ന സ്റ്റഡിക്ലാസ്സുകളിലും വിശദീകരണയോഗങ്ങളിലും ഇരുന്നിരുന്നത്..മാക്സിം ഗോർക്കിയുടെ 'അമ്മ'യെപ്പോലെ ഒന്നും മനസ്സിലായില്ലെങ്കിലും സന്തോഷത്തോടെ അഭിമാനത്തോടെ അമ്മൂമ്മ അതിനുള്ള സൌകര്യങ്ങൾ ചെയ്തുകൊടുത്തിരുന്നത്.. തൊട്ടുകൂട്ടി എല്ലാം നശിപ്പിച്ചു എന്നു അച്ഛമ്മ അധിക്ഷേപിക്കുമ്പോഴും അമ്മ എല്ലാവരേയും വീട്ടിൽ വിളിച്ചു കയറ്റുകയും വഴക്കു കേൾക്കുകയും ചെയ്തിരുന്നത്.. അതൊക്കെ ഒരു സിദ്ധാന്തങ്ങളുടെ അകമ്പടിയില്ലാതെ ഞരമ്പുകളിലോടിയിരുന്ന മാർക്സിസമായിരുന്നു എന്നു മനസ്സിലാവുന്നു..

ഇന്നിനി വീട്ടിനകത്തും മുറ്റത്തും നാട്ടിലും ലോകത്തും നമുക്ക് ഹൃദയത്തിലേറ്റാൻ മായക്കാഴ്ചകൾ മാത്രമായോ- രാജ്യത്തിന്റേയും ലോകത്തിന്റേയും അവസ്ഥകളിൽ ഇതിനു സമാന്തരതലങ്ങളിൽ പലതും കൈമോശം വന്നതോ.. വരട്ടുവാദം എന്നും കർശന അച്ചടക്കം എന്നും പറഞ്ഞ് ഒരർത്ഥവുമില്ലാതെ നഷ്ടപ്പെടുത്തുന്ന കുറെ സ്വത്വങ്ങളുണ്ട്. ലളിതമായ സത്യങ്ങൾ. അടിത്തറകളിൽ വന്ന വിള്ളലുകളാണു, എ. മുതൽ ഇസെഡ് വരെയുള്ള തലങ്ങളിൽ, എന്നെനിക്കു തോന്നുന്നു മാർക്സിസം നഷ്ടപ്പെടുത്തിയത്. ജീവിതത്തിൽ പിടിവള്ളി കിട്ടിയവർ പിടിച്ചു കയറി എല്ലാമ്മറന്ന് സ്വന്തം സൌഖ്യങ്ങളിൽ പൂതലിച്ച് അഭിരമിക്കുകയും പിടിവള്ളി കിട്ടാത്തവർ താഴേക്കു താഴേക്കു ആണ്ടു പോവുകയും ചെയ്യുന്ന ഇന്നത്തെ സ്ഥിതിവിശേഷത്തിൽ ഒരു ഉണർത്തുപാട്ടിനു കാതോർക്കാൻ കാതുകൾ കിട്ടാത്തവിധം മൂകമായിരിക്കുന്നു സ്ഥിതികൾ. ഇനി ആ ആഴങ്ങളിൽ നിന്നുള്ള കഠിനമായൊരു തള്ളലിനു എന്തെങ്കിലും എന്നെങ്കിലും ചെയ്യാനാവുമോ? സിദ്ധാന്തങ്ങളുടെ പട്ടികകളിൽ ചവുട്ടിനിൽക്കാതെ, നേർജീവിതത്തിന്റെ തള്ളലിൽനിന്നുള്ള ഒരു അവബോധം.. കുടഞ്ഞുണർത്താൻ വളരെ പാടായിരിക്കുന്ന വിധം മോശം.. ഇതൊരു ചിന്തിക്കേണ്ട വിഷയം പോലുമല്ല എന്ന നിലയിലേക്കു അമർന്നു പോയിരിക്കുന്നു.

Mohammed Kutty.N said...

സുഹൃത്തെ.വരാന്‍ വൈകി.ക്ഷമിക്കണേ.കമ്മ്യൂണിസത്തിന്‍റെ അപചയത്തിന്‍റെ കാരണമന്വേഷിച്ചു ദൂരെയൊന്നും പോവേണ്ടെന്നാണ് എനിക്കു തോന്നുന്നത്.ഒറ്റ ഉദാഹരണം.A.D.B-യുടെ മുണ്ടുരിഞ്ഞവര്‍ പിന്നെ അതിനു പച്ചക്കൊടി കാണിച്ചത്...അങ്ങിനെ പലതും!
മുതലാളിത്തവും കടപുഴകുകയാണ്.ഇനി ???
നല്ലൊരു ചര്‍ച്ച ഇവിടെ ആവശ്യമാണ്‌.നന്ദി...

kanakkoor said...

ഭാനു കളരിക്കല്‍ പറഞ്ഞുവന്ന കാര്യങ്ങള്‍ മുഴുവന്‍ ആക്കിയില്ല എന്ന് തോന്നുന്നു.
കമ്യുണിസം അതിന്റെ ശരിയായ അര്‍ഥത്തില്‍ കമ്യൂണിസ്റ്റ് എന്ന് സ്വയം പറയുന്നവര്‍ പോലും മനസ്സിലാക്കിയിട്ടുണ്ടോ എന്ന് ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് . സഖാവ് എന്ന് വിളിക്കുന്നതിലുള്ള ശക്തി നമ്മള്‍ മറക്കരുത്. ഒത്തൊരുമിച്ചു നിന്ന് വലിയ കാര്യങ്ങള്‍ നേടുക എന്നതാണ് ഇതിന്റെ ഒരു അടിസ്ഥാനം. ചൂഷകരെയും കുത്തകഭീകരരെയും നേരിടുവാന്‍ കമ്യൂണിസം ആയിരുന്നു ഒരേയൊരു പോംവഴി. എന്നാല്‍ മുതലാളിത്തം മറുവഴിയില്‍ ശക്തി പ്രാപിച്ചപ്പോള്‍ അതിനൊത്ത് ഉയരുവാന്‍ കമ്യൂണിസത്തിനു കഴിഞ്ഞില്ല . അത് പഴയ തത്വം പറഞ്ഞ് ഇരുട്ടില്‍ തപ്പുന്നു.
എല്ലാ ഇസത്തിനും പരമമായി വേണ്ട മൂല്യം മനുഷ്യ സ്നേഹമാണ്.

ഭാനു കളരിക്കല്‍ said...

@kanakkoor
തീര്‍ച്ചയായും ഒരു അടഞ്ഞ ചര്‍ച്ച ആകാതിരിക്കാന്‍ വേണ്ടിയാണ് ഞാന്‍ ചില സൂചനകളിലൂടെ ലേഖനം അവസാനിപ്പിച്ചത്. എല്ലാത്തിനും അവസാനവാക്ക് കല്പിക്കല്‍ മാര്‍ക്സിസത്തിന്റെ രീതിയുമല്ല. ശരിയും നൂതനവുമായ ആശയങ്ങളെ ഉള്‍കൊള്ളാന്‍ നാം മനസ്സ് തുറന്നു വെക്കണം. kanakkoor ചൂണ്ടിക്കാണിച്ച കാര്യങ്ങള്‍ വളരെ പ്രസക്തമാണ്. മാര്‍ക്സിസത്തെ സാമ്പത്തീക രാഷ്ട്രീയ ശാസ്ത്രമായി ചുരുക്കികെട്ടാന്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധര്‍ എത്രമാത്രം പാടുപെട്ടോ അത്രയും തന്നെ (ഒരുപക്ഷെ ) തങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെ (അതില്‍ കൂടുതല്‍) കമ്മ്യൂണിസ്റ്റ്കാര്‍ തന്നെ ശ്രമിച്ചിട്ടുണ്ട്. ഫലം മാര്‍ക്സിസത്തെ അതിന്റെ ജൈവീകതയില്‍ നിന്നും അടര്ത്തിമാറ്റുകയാണ്. പരിസ്ഥിതി, വ്യക്തി, സ്നേഹബന്ധങ്ങള്‍ തുടങ്ങി എല്ലാ ജൈവ സാമൂഹിക അവസ്ഥകളെയും പരിഗണിച്ചുകൊണ്ടും അവയെ മുന്‍നിര്‍ത്തിയും ആണ് മാര്‍ക്സിസം അതിന്റെ ആശയലോകം നിര്‍വ്വചിക്കുന്നത്. പക്ഷേ നമ്മുടെ അഭിനവ മാര്‍ക്സിസ്റ്റുകള്‍ക്ക്‌ വെറും സാമ്പത്തീക ശാസ്ത്രമായി അത് പരിണമിച്ചു. സഖാക്കളെ മനസ്സിലാക്കുവാനോ, സഹിഷ്ണുതാപരമായി എതിര്‍ ചിന്തകളെ നേരിടുവാനോ അവര്‍ക്കായില്ല. സ്ഥാപനങ്ങളായി, കോര്‍പ്പറെറ്റു പാര്‍ട്ടികളായി അധപ്പതിച്ചവര്‍ക്ക് സിദ്ധാന്തം തന്നെ അരോചകമായി.

മനുഷ്യസ്നേഹത്തെ, ഹൃദയബന്ധങ്ങളെ ഇത്രമാത്രം ഉയര്‍ത്തിപ്പിടിച്ച ഒരു തത്ത്വ ചിന്തയെ വരട്ടുവാദമാക്കി കെട്ടി താഴ്ത്തുക വഴി മാര്‍ക്സിസമല്ല പ്രതിസന്ധിയില്‍ ആയത്, മറിച്ച് ഈ പരിഷ്ക്കൃത നപുംസകങ്ങള്‍ ആണ്.

ജയരാജ്‌മുരുക്കുംപുഴ said...

pls visit my blog and support a serious issue.............

എം പി.ഹാഷിം said...

ആശംസകള്‍