ജനശക്തി മാസികയില്‍ ഡോ. വര്‍ഗീസ് ജോര്‍ജ്ജ് എഴുതിയ വേണം ഒരു നവ ഇടതുപക്ഷം എന്ന ലേഖനം അതിന്‍റെ ഉദ്ദേശശുദ്ധികൊണ്ട് പ്രസക്തമാകുമ്പോഴും കമ്യൂണിസ്റ്റുപ്രസ്ഥാനത്തിനുവന്ന ന്യൂനതകളെ അതിന്‍റെ പ്രത്യയശാസ്ത്ര തിരിച്ചു പോക്കുകളെ ശരിയായ അര്‍ത്ഥത്തില്‍ വിശകലനം ചെയ്യാന്‍ അപര്യാപ്തമാണ്. നീണ്ട എഴുപതുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കുശേഷവും ഇന്ത്യയില്‍ കമ്യൂണിസ്റ്റു പ്രസ്ഥാനം മുന്നോട്ടുപോകാതിരുന്നത് അതിനെ ഭാരതത്തിന്‍റെ പ്രത്യേക സാഹചര്യങ്ങളില്‍ പരിവര്‍ത്തിപ്പിക്കാന്‍ സാധിച്ചില്ല എന്നരീതിയിലുള്ള ഒരു അഴകുഴമ്പന്‍ സമീപനമാണ് സ്വീകരിക്കുന്നത്. സ്ത്രീ, ദളിത്, പരിസ്ഥിതി പ്രശ്നങ്ങളോട് ക്രിയാത്മകമായി സംവദിക്കാനായില്ല എന്നും ലേഖകന്‍ ചൂണ്ടികാട്ടുന്നുണ്ട്. എന്നാല്‍ മാര്‍ക്സിസത്തെ ഒരു സമഗ്ര പ്രത്യയശാസ്ത്ര പദ്ധതി എന്നരീതിയില്‍ മനസ്സിലാക്കുവാനും അത് ഇന്ത്യന്‍ സാഹചര്യങ്ങളിലും ലോകസാഹചര്യങ്ങളിലും എന്തെല്ലാം പ്രതിസന്ദ്ധികളെ നേരിട്ടു, അത് പ്രത്യേക പ്രത്യേക വിഷയങ്ങളോട് എന്തുകൊണ്ട് ക്രിയാത്മകമായി പ്രതിപ്രവര്‍ത്തിച്ചില്ല എന്നിങ്ങനെയുള്ള സമഗ്രാന്വേഷണത്തിന് മുതിര്‍ന്നുകാണുന്നില്ല.മാര്‍ക്സിസത്തെ ഒരു വിമോചന ചിന്ത മാത്രമായി ലഘൂകരിച്ചു കാണുന്ന സമീപനം ഉദ്ദേശശുദ്ധികളേയും പിടികൂടിയിരിക്കുന്നു എന്നാണീ ലേഖനം തെളിയിക്കുന്നത്. ലോകത്തെമ്പാടും അത് വിജയത്തിലേക്കു കുതിച്ചുവെന്നും ഇന്ത്യയില്‍ മാത്രം ശരിയായ നേതൃത്ത്വത്തിന്‍റെ അഭാവം മൂലം പരാജയത്തിലേക്കു ഇടറിവീണു എന്നു നിരീക്ഷിക്കുന്നത് തെറ്റായ പ്രയോഗമാണ്.
ലാറ്റിനമേരിക്കയില്‍ ഇടതുപക്ഷമുന്നേറ്റങ്ങള്‍ ഉണ്ടാകുന്നുണ്ട് എന്നതു ശരിതന്നെ. ലോകമെമ്പാടും സാമ്രാജ്യത്ത വിരുദ്ധമുന്നേറ്റങ്ങള്‍ ഉണ്ടാകുന്നുണ്ട്. പക്ഷേ ഇവയെ ശാസ്ത്രീയമായി സോഷ്യലിസത്തിലേക്കും കമ്യൂണിസത്തിലേക്കും പടി പടിയായി ഉയര്‍ത്തുന്നതും വീണ്ടുമൊരു സോഷ്യലിസ്റ്റുലോകം സാദ്ധ്യമാക്കും വിധം അത് വികസിക്കുന്നുണ്ടോ?. ആ വിധം സോഷ്യലിസത്തിനേറ്റ തിരിച്ചടികളെ ശാസ്ത്രീയമായി അപഗ്രഥിക്കാനും പിശകുകളെ വിലയിരുത്തുവാനും പാഠങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് മുന്നോട്ടു പോകുവാനും കമ്യൂണിസ്റ്റു വിപ്ളവകാരികള്‍ തയ്യാറാവുന്നുണ്ടോ?. എന്നിങ്ങനെ ഒട്ടേറെ അടിസ്ഥാനപ്രശ്നങ്ങള്‍ക്ക് ഉത്തരം തേടുമ്പോള്‍ മത്രമാണ് മാര്‍ക്സിസം ലോകത്തെ കീഴ്മേല്‍ മറിക്കുന്ന മാനവവര്‍ഗ്ഗത്തെ സര്‍ഗ്ഗാത്മകമാക്കുന്ന പ്രയോഗത്തിന്‍റെ തത്ത്വശാസ്ത്രം എന്ന നിലയില്‍ അനുഭവമാകൂ.
നാം സോഷ്യലിസത്തിന്‍റെ തകര്‍ച്ചയുടെ കാരണങ്ങള്‍ പിണറായി വിജയനിലല്ല തിരയേണ്ടത്. പാര്‍ടി ചരിത്രത്തില്‍ നിന്നുമാണ്. കമ്യൂണിസം അന്താരാഷ്ട്ര മാനങ്ങളുള്ള തത്വചിന്താ പദ്ധതിയാണ്. അത് അന്താരാഷ്ട്രീയമായി തന്നെ വലിയ തെറ്റുകളിലേക്ക് നിപതിക്കുന്നത് മഹാനായ സ്റ്റാലിന്‍റെ കാലത്താണ് എന്നു പറയേണ്ടിവരും. മാനവ കുലത്തെ ഫാസിസത്തിന്‍റെ ക്രൂരദംഷ്ട്രകളില്‍ നിന്നു മോചിപ്പിക്കുന്നതുമുതല്‍ സോഷ്യലിസത്തിന്‍റെ ആദ്യകുഞ്ഞിന്‍റെ രക്ഷകനാകുക വഴി സ്റ്റാലിനില്‍ തുടങ്ങിയ തെറ്റുകളെ സ്റ്റാലിന്‍ എന്ന വ്യക്തിയുടെ തെറ്റല്ല മറിച്ച് പിച്ചവച്ചുതുടങ്ങിയ കമ്യൂണിസ്റ്റുപ്രസ്ഥാനത്തിന്‍റെ ബാലാരിഷ്ടതകളാണ് എന്നു തിരിച്ചറിഞ്ഞുകൊണ്ടുതന്നെ നാം നമ്മുടെ തെറ്റുകളെ തുറന്നു കാണേണ്ടതുണ്ട്.
മാര്‍ക്സും ഏംഗത്സും ലെനിനും മുന്നോട്ടുവെച്ച ലോകവ്യാപകമായ സോഷ്യലിസത്തിന്‍റെ മുന്നേറ്റം എന്നസങ്കല്‍പത്തെ നിരാകരിച്ചുകൊണ്ട് ഒരുരാജ്യത്തു മാത്രമായി സോഷ്യലിസം സാദ്ധ്യമാണ് എന്ന സ്റ്റാലിന്‍റെ നിലപാട് നാമിനിയും പരിശോധിക്കേണ്ടതുണ്ട്. ഫാസിസത്തിനെതിരായി ലോകത്തുയിര്‍ക്കൊള്ളാന്‍ പോകുന്ന മുന്നണിക്കുവേണ്ടി മൂന്നാം ഇന്‍റെര്‍ നാഷ്ണല്‍ പിരിച്ചുവിട്ടത് ശരിയോ എന്നും പരിശോധിക്കണം. നാം മനസ്സിലാക്കേണ്ടുന്ന വസ്തുത ഫാസിസത്തിനെതിരായ മുന്നണിയില്‍ അമേരിക്കയും ബ്രിട്ടനും വഞ്ചനാപരമായ നയങ്ങള്‍ സ്വീകരിക്കുകയും നാസികള്‍ക്കെതിരായ യുദ്ധമുന്നണികള്‍ മനപ്പൂര്‍വം വൈകിപ്പിക്കുകയും ചെയ്തുകൊണ്ട് വളര്‍ന്നുവന്ന പുതു സാമ്രാജ്യത്ത തന്ത്രങ്ങളെ മനസ്സിലാക്കാതെയാണ് സോഷ്യലിസത്തിന്‍റെ പിതൃഭൂമിയെ സംരക്ഷിക്കുക എന്ന ആവശ്യം മുന്നോട്ടുവച്ചുകൊണ്ട് ലോകത്ത് ഒരു ഫാസിസ്റ്റു വിരുദ്ധമുന്നണി രൂപപ്പെടുത്തുന്നതിനായി മൂന്നാം ഇന്‍റെര്‍നാഷണല്‍ പിരിച്ചുവിടുന്നത്. അതിന്‍റെ ഫലം ലോകമാസകലം സാമ്രാജ്യത്തവിരുദ്ധ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്ന ജനതക്ക് ഒരു അന്തര്‍ദ്ദേശീയ നേതൃത്വം നഷ്ടപ്പെടുകയായിരുന്നു. തൊഴിലാളിവര്‍ഗ്ഗം ഒരു അഖിലലോക വര്‍ഗ്ഗമാണെന്ന പ്രത്യയശസ്ത്ര ശരി നിരാകരിക്കപ്പെടുകയായിരുന്നു.
മറുവശത്താകട്ടെ, നാഗസാക്കിയിലും ഹിരോഷിമയിലും അണുബോംബ് വര്‍ഷിച്ചുകൊണ്ട് അമേരിക്കയുടെ നേതൃത്വത്തില്‍ പുതിയൊരു ലോകമേധാവിത്തം ഉദയം കൊണ്ടു. അത് അന്താരഷ്ട്ര നാണയ നിധി, ഐക്യരാഷ്ട്ര സംഘടന, ലോകവ്യാപാരസംഘടന എന്നിങ്ങനെ ലോകചൂഷണക്രമത്തിനായി നിരായുധമെന്നു തോന്നാമെങ്കിലും സര്‍വ്വശക്തമായ ഒരു സംവിധാനം പടുത്തുയര്‍ത്തുകയും ചെയ്തു. ഒരുവശത്ത് ലോകസോഷ്യലിസ്റ്റുപ്രസ്ഥാനം പ്രത്യേക പ്രത്യേക രാജ്യങ്ങളിലേക്ക് തനത് എന്നപേരില്‍ ഛിന്നഭിന്നമാവുകയും അതിന് ലോകവ്യാപകമായ ഒരു കാഴ്ച്ചപ്പാട് നഷ്ടമാവുകയും ചെയ്തപ്പോള്‍ ലോകമുതലാളിത്തവും സാമ്രാജ്യത്തവും പുതിയ ചൂഷണപദ്ധതികളും അന്താരാഷ്ട്ര കൂട്ടുകെട്ടുകളുമായി അവതരിച്ചു. അതുകൊണ്ടാണ് സഖാവ് മാവൊ സെ തുങ്ങ് ചൂണ്ടികാണിച്ചത് - ചെന്നായ് മുന്‍വാതിലിലൂടെ പുറത്തു പോയെങ്കിലും ഇതാ കടുവ പിന്‍വാതിലിലൂടെ അകത്തുപ്രവേശിച്ചിരിക്കുന്നു. അതായത് സൂര്യനസ്തമിക്കാത്ത ബ്രിട്ടന്‍റെയും ഫാസിസ്റ്റ് ജര്‍മ്മനിയുടെയും കാലം കഴിഞ്ഞുവെങ്കിലും ഇതാ ലോകസാമ്രാജ്യത്തം അതിനേക്കാള്‍ ഭീകരമായ ചൂഷണ പദ്ധതികളുമായി നിങ്ങളുടെ പിന്‍വാതിലിലൂടെ അകത്തു പ്രവേശിച്ചിരിക്കുന്നു എന്നു പറഞ്ഞത്.
എന്താണ് ഇന്ത്യയില്‍ സംഭവിച്ചത്? ഇന്ത്യന്‍ കമ്യൂണിസ്റ്റു പ്രസ്ഥാനം ഫാസിസ്റ്റു വിരുദ്ധമുന്നണിയുടെ ഭാഗമാവുകയും ബ്രിട്ടീഷ് വിരുദ്ധസമരം നയിച്ചുകൊണ്ട് ഇന്ത്യയിലെ ദേശീയനേതൃത്ത്വം കോണ്‍ഗ്രസ്സില്‍ നിന്നു പിടിച്ചെടുക്കുകയും ചെയ്യേണ്ടതിനു പകരം ബ്രിട്ടനെ പിന്തുണക്കുകയും അതുവഴി അതിന്‍റെ എല്ലാ ജനകീയ അടിത്തറ തകരുകയും ചെയ്തു. ഇന്ത്യയുടെ വിശാലമായ ഗ്രാമങ്ങളിലും നഗരങ്ങളിലും ഭൂസമരങ്ങള്‍, ജന്‍മിത്തവിരുദ്ധ് കൊളോണിയല്‍ വിരുദ്ധ സമരങ്ങള്‍, തൊഴില്‍ സമരങ്ങള്‍ എന്നിവ നയിച്ചുകൊണ്ട് കെട്ടിപ്പടുത്ത വിപ്ളവപ്രസ്ഥാനത്തെ ബ്രിട്ടീഷ് രാജ്ഞിയുടെ ഛത്രചുവട്ടില്‍ കെട്ടിയിട്ടു. സഖാവ് കെ ദാമോദരന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ ഇന്ത്യന്‍ വിപ്ളവ പ്രസ്ഥാനത്തെ സാമ്രാജ്യത്ത -ഇന്ത്യന്‍ ബൂര്‍ഷ്വാസിക്ക് വെള്ളിത്തളികയില്‍ സമര്‍പ്പിച്ചു. ഫലമോ ബ്രിട്ടീഷ് സേവയുടെ ശീതളിമയുടെ മറവില്‍ തൊഴിലാളിവര്‍ഗ്ഗപ്രസ്ഥാനത്തിനകത്ത് സുഖലോലുപര്‍ കയറിക്കൂടി. ദേശീയപ്രസ്ഥാനത്തില്‍ നിന്നും പാര്‍ട്ടി തഴയപ്പെട്ടു.
ഇത്തരം തിരിച്ചടികളെ മറികടക്കാനാവാത്ത വിധം ലോകസാഹചര്യങ്ങള്‍ പ്രത്യേകിച്ചും സ്റ്റാലിന്‍റെ നെഹ്രു സര്‍ക്കരിനോടുള്ള നിലപാടുകള്‍ പാര്‍ട്ടിയെ പിഴവുകളില്‍ നിന്നും പിഴവുകളിലേക്കു നയിച്ചു. അത് സ്വാഭാവികം മാത്രമായിരുന്നു. പിന്നീട് മേധാവിത്തത്തില്‍ വന്ന ക്രൂഷ്ച്ചേവിയന്‍ നേതൃത്വമാകട്ടെ (സമാധാനപരമായ സഹവര്‍ത്തിത്തവും വര്‍ഗ്ഗസമരവും) അപരിഹാര്യമായ പ്രതിവിപ്ളവത്തിന്‍റെ പാതയിലേക്ക് പ്രസ്ഥാനത്തെ തള്ളിവിടുകയായിരുന്നു.
ഏതു വിധേനയാണ് ഇന്ത്യയില്‍ കമ്യൂണിസ്റ്റു പ്രസ്ഥാനം അതിന്‍റെ വേരുകള്‍ ഉറപ്പിച്ചത്. അത് ബോംമ്പെയിലേയും കൊല്‍ക്കത്തയിലേയും തുണിമില്‍ തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ടും തെലുങ്കാനയിലും തേഭാഗയിലുംകര്‍ഷകരെ സംഘടിപ്പിചുകൊണ്ടും ആണ് വളര്‍ന്നു വന്നത്. അതായത് നഗരങ്ങളില്‍ തൊഴിലാളികളെ രാഷ്ട്രീയമായി സംഘടിപ്പിക്കുന്നതോടൊപ്പം അത് ഗ്രാമങ്ങളില്‍ കൃഷിഭൂമി കര്‍ഷകന് എന്ന മുദ്രാവാക്യം ഉയര്‍ത്തികൊണ്ട് സമഗ്രഭൂപരിഷ്കരണത്തിനായി സമരം ചെയ്തു. അതോടൊപ്പം നവോദ്ധാന പ്രസ്ഥാനങ്ങളുടെ തോള്‍ചേര്‍ന്നുകൊണ്ട് ജാതിവിരുദ്ധസമരങ്ങള്‍, തൊട്ടുകൂടായ്മക്കും തീണ്ടികൂടായ്മക്കും എതിരായ സമരങ്ങള്‍, വഴിനടക്കാനുള്ള സമരങ്ങള്‍ എന്നിങ്ങനെ സമൂഹത്തെ അടിമുടി മാറ്റിമറിക്കുന്ന എല്ലാ പ്രക്ഷോഭസമരങ്ങളിലും നിതാന്ത ജാഗ്രതയായി.
പക്ഷേ തുടര്‍ക്കാലങ്ങളില്‍ പുതിയ തിരുത്തല്‍ വാദ സിദ്ധന്തങ്ങളുടെ മറവില്‍ ഈ മുന്നോട്ടു കുതിപ്പ് തടഞ്ഞു വക്കുകയായിരുന്നു. നെഹ്രൂവിയന്‍ സര്‍ക്കരിനോടുള്ള സോവിയറ്റുയൂണിയന്‍റെ മൃദുസമീപനം അതുമല്ലെങ്കില്‍ സമാധാനപരമായ ഒരു സാമൂഹികമാറ്റം സാദ്ധ്യമാണ് എന്ന വ്യാമോഹം ഇന്ത്യന്‍ കമ്യൂണിസ്റ്റു പ്രസ്ഥാനത്തില്‍ മുന്നേ പിടിമുറുക്കിയ വലതുപക്ഷനേതൃത്വത്തിന് അനുകൂല സാഹചര്യമൊരുക്കുകയും അത് അതിന്‍റെ വിപ്ളവ ഊര്‍ജ്ജത്തെ ശോഷിപ്പിച്ചുകൊണ്ട് ഭരണവര്‍ഗ്ഗ സേവയുടെ നിലപാടുകളിലേക്ക് പിന്‍മാറുകയും ചെയ്തു. അതിന്‍റെ പ്രതിഫലനമെന്നോണം ഭൂസമരങ്ങള്‍ നിരുപാധികം നിറുത്തിവച്ചു. ഇന്നു പലരും ഭൂമിയുടേയും ജാതിയുടേയും പ്രശ്നങ്ങളെ പലകോണുകളില്‍നിന്നും ഉയര്‍ത്തുന്നുവെങ്കുലും വ്യവസ്ഥയില്‍ സാരമായ കീഴ്മേല്‍ മറിയലുകള്‍ നട്ക്കേണ്ടുന്ന ഒരു രാഷ്ട്രീയ വിഷയം എന്നരീതിയില്‍ ഈവിഷയത്തെ സമീപിക്കുന്നില്ല. സ്വത്തവകാശങ്ങളെ പുനക്രമീകരിക്കുന്നത് രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് വഴിവക്കും എന്ന കാര്യം കൈ ഒഴിഞ്ഞു.കൃഷിഭൂമി മണ്ണില്‍ പണിയെടുക്കുന്നവന് എന്ന വിപ്ളവകരമായ അടിസ്ഥാനമാറ്റം സംഭവിക്കുമ്പോള്‍ മാത്രമാണ് ഇന്ത്യന്‍ ജനത ജാതിയുടെ ചങ്ങലകള്‍ അറുത്തുമാറ്റുന്ന മഹത്തായ സാമൂഹികമാറ്റത്തിലേക്ക് കുതിക്കുകയുള്ളു. എന്നാല്‍ ഈ മാറ്റത്തിലേക്ക് ജനതയെ നയിക്കാന്‍ കെല്‍പുള്ള പാര്‍ടി അത്തരം സമരത്തെ അജണ്ടയില്‍ നിന്നും മാറ്റിക്കളഞ്ഞു. അത് തെലുങ്കാനയിലെ സമരസഖാക്കളെ തിരിച്ചു വിളിച്ചു.
ഇന്ത്യയുടെ ഗ്രാമങ്ങളെ പില്‍ക്കാലത്ത് പഴയ അതേ സമരോര്‍ജ്ജത്തിലേക്ക് നയിച്ചത് നക്സല്‍ബാരിയുടെ ഉയിര്‍ത്തെഴുന്നേല്‍പായിരുന്നു. ഭൂപ്രശ്നത്തെ അതൊരിക്കല്‍കൂടി മുഖ്യ അജണ്ടയിലേക്ക് കൊണ്ടുവന്നു. എന്നാല്‍ നക്സല്‍ബാരിയുടെ ധനാല്‍മകവശങ്ങള്‍ വിസ്മൃതമാകും വിധം ഉദയം ചെയ്ത അതിതീവ്ര ഇടതുപക്ഷ ആശയങ്ങള്‍ ഒരിക്കല്‍ കൂടി ഇന്ത്യന്‍ വിമോചനത്തിന്‍റെ സമരതന്ത്രങ്ങളെ അട്ടിമറിച്ചു. അത്; ഗ്രാമങ്ങള്‍ നഗരങ്ങളെ വളയുക, തോക്കിന്‍കുഴലിലൂടെ വിപ്ളവം തുടങ്ങിയ അയഥാര്‍ത്ഥ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് പ്രസ്ഥാനത്തെ ഛിന്നഭിന്നമാക്കി. മാര്‍ക്സിസം ഒരു സമഗ്രമായ ചിന്താ പദ്ധതിയാണെന്നും അതിന്‍റെ ഭാഗീക വിശകലനങ്ങള്‍ പൂര്‍ണമായ വിശകലനത്തെ നിരാകരിക്കുകയും തെറ്റായ പ്രയോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.
പുത്തന്‍ കൊളോണിയലിസം ഇന്നതിന്‍റെ അങ്ങേയറ്റത്ത് എത്തിനില്‍കുമ്പോള്‍ കമ്യൂണിസ്റ്റുപ്റസ്ഥാനം ഒരു അഖിലലോകവര്‍ഗ്ഗവും നേതൃത്ത്വവുമായി ഉയര്‍ന്നേ മതിയാകൂ. അതിന് അതിന്‍റെ വീഴ്ച്ചകളോട് കണക്കു പറഞ്ഞുകൊണ്ട് ലോകചൂഷണവ്യ്വസ്ഥയുടെ ഭാഗം എന്ന നിലയില്‍ഇന്ത്യന്‍ ബൂര്‍ഷ്വാസിയെ വിലയിരുത്തിക്കൊണ്ട് മുന്നേറണം. സാമ്രാജ്യത്തവും അതിന്‍റെ എണ്ണമറ്റ വള്‍ണ്ടിയര്‍ സംഘടനകളും സാമ്രാജ്യത്തവിരുദ്ധസമരങ്ങളെ ശകലീകരിച്ചുകൊണ്ട് അതിന്‍റെ കുന്തമുന തകര്‍ത്തു കൊണ്ടിരിക്കുകയാണ്. ഈ കാലിക യാത്ഥാര്‍ത്ത്യത്തിനു മുന്‍പില്‍ നാം നമ്മുടെ പ്രവര്‍ത്തനങ്ങളെ പഠനങ്ങളെ കൂടുതല്‍ ശരിമയിലേക്കും സമഗ്രതയിലേക്കും നയിച്ചേ മതിയാകൂ. ആ അന്വേഷണത്തിനുള്ള ശ്രമം എന്ന നിലയില്‍ ഈ ലേഖനത്തെ കണ്ടുകൊണ്ട് സഖാക്കളും സുഹൃത്തുക്കളും ഈ പഠനത്തെ വിപുലമാക്കുക.
Tuesday, 2 March 2010
Subscribe to:
Posts (Atom)