Saturday 31 May 2014

മോദി മായാജാലം - സി എൻ ജയരാജൻ.


"നരേന്ദ്ര മോദിയുടെ ബിജെപി ആദ്യം ഭരിയ്ക്കട്ടെ എന്നിട്ടാവാം വിലയിരുത്തല്‍" എന്ന് ചില സുഹൃത്തുക്കള്‍ എഴുതിക്കണ്ടു. ഇത്തരം അഭിപ്രായങ്ങള്‍ ഉയര്‍ന്നു വരുന്നതില്‍ അസ്വാഭാവിതകതയൊന്നുമില്ല. ഇത്തവണ മോദി മായാജാലം കാഴ്ച വെയ്ക്കുമെന്ന് പറഞ്ഞാല്‍ അത് ജനങ്ങളുടെ എക്കലാത്തെയും പോലുള്ള പ്രത്യാശയായിട്ടു മാത്രമേ കാണാന്‍ കഴിയൂ. ചില അഭിപ്രായങ്ങള്‍ ഇത് സംബന്ധിച്ച് പറയണമെന്നു തോന്നുന്നു..

1998 മുതല്‍ 2004 വരെ ബിജെപി ആയിരുന്നു ഭരിച്ചിരുന്നത്. 2004ലെ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ബിജെപിയെ തോല്‍പ്പിച്ചു. അതായത്, 6 കൊല്ലത്തെ ബിജെപി ഭരണം കഴിഞ്ഞ് ഇന്ത്യ തിളങ്ങുന്നു എന്നു പറഞ്ഞു കൊണ്ട് മല്‍സരിച്ച ബിജെപിയെ തോല്‍പ്പിച്ചതു് ജനങ്ങളാണ്. തുടര്‍ന്ന് 2009ല്‍ നടന്ന തെരഞ്ഞെടുപ്പിലും ജനങ്ങള്‍ ബിജെപിയെ കൈവിട്ടു.

മോദി ഭരിച്ചിരുന്ന ഗുജറാത്തിനെ ഉയര്‍ത്തിക്കാട്ടിയാണ് തെരഞ്ഞെടുപ്പിന് എത്രയോ മുമ്പേ തന്നെ മോദിയെ സ്തുതിച്ചു കൊണ്ട് ആസൂത്രിതമായ പ്രചാരണം നടന്നതും മോദിയെ ദേശീയ രാഷ്ട്രീയത്തിലേയ്ക്ക് കൊണ്ടു വരുന്നതും. ഗോദ്ര സംഭവം മുതല്‍ ഗുജറാത്തിലെ മുസ്ലീങ്ങളുടെ ഗതി കെട്ട അവസ്ഥയും അവിടെയുള്ള അന്‍സാരിമാരുടെ ഭീതിയും വരെയുള്ള കാര്യങ്ങള്‍ പ്രത്യക്ഷത്തിലുയര്‍ത്തിക്കാട്ടുന്ന ഫാസിസവല്‍ക്കരണത്തെ കുറിച്ച് ജനാധിപത്യ വിശ്വാസികളും മതേതര വാദികളും ആശങ്കപ്പെടുന്നത് സ്വാഭാവികമാണ്. വികസനത്തിന്റെ സാമ്പ്രദായിക സൂചിക അനുസരിച്ച് പോലും തമിഴ് നാട് ഗുജറാത്തിന് മുന്നില്‍ നില്‍ക്കുമെന്നിരിക്കെ ജയലളിത മോദിയേക്കാള്‍ നല്ല നേതാവല്ലേ?! എന്നിട്ടും മോദി
യ്ക്ക് പ്രശസ്തി ഏറുന്നുണ്ടെങ്കില്‍ അതിന് കാരണം, കോര്‍പ്പറേറ്റ് ഭവനങ്ങളുടെയും മാദ്ധ്യമങ്ങളുടെയും ശക്തമായ പ്രചാരണത്തിന്റെ ഫലമായിട്ടാണ്. ഓഹരിക്കമ്പോളത്തില്‍ 40 ശതമാനം വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ പക്കലാണ് എന്നും അവയാണ് ഓഹരിക്കമ്പോളത്തിന്റെ മുഖ്യ ചാലക ശക്തിയെന്നും ഉള്ള കാര്യങ്ങള്‍ കൂടി നാം മറക്കരുത്.

സാമ്പത്തിക രംഗത്ത് വന്‍ പരിഷ്കരണങ്ങള്‍ വരുത്തിക്കൊണ്ട് ലോക ശ്രദ്ധയാകര്‍ഷിച്ച മന്‍മോഹന്‍ സിങ്ങിനെ കുറിച്ച് 1990കളില്‍ കേട്ടിരുന്ന വാഴ്ത്തിപ്പാടലുകള്‍ നമ്മള്‍ മറന്നിട്ടില്ല. ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയായിരുന്ന ചന്ദ്രബാബു നായിഡുവിനെ ഐടി മേഖലകളുമായി ബന്ധപ്പെട്ട് ഉണ്ടായ വികസനത്തിന്റെ വക്താവായി വാനോളം പുകഴ്ത്തുന്നത് കേട്ടു തഴമ്പിച്ച ചെവികളാണ് നമുക്കുള്ളത്. എന്നിട്ടോ, പണ്ടു സോവിയറ്റ് യൂണിയനിലെ ഗോര്‍ബ്ബച്ചേവിന്റെ കാര്യത്തിലെന്ന പോലെ തിരിച്ച് വരവ് അസാദ്ധ്യമാക്കും വിധം ചരിത്രത്തിന്റെ ചവറ്റു കൊട്ടയിലേയ്ക്കാണ് ഇവരൊക്കെ പോയിരിക്കുന്നത്.

ഇവിടെയൊക്കെ പൊതുവായി കാണുന്നത് ഒന്നു മാത്രമാണ്. സാമ്രാജ്യത്വ ആഗോളീകരണ- നവ ഉദാരീകരണ നയങ്ങളിലൂടെ കോര്‍പ്പറേറ്റുകള്‍ക്ക് തടിച്ചു കൊഴുക്കാന്‍ വേണ്ടി മെനഞ്ഞെടുക്കപ്പെടുന്ന വികസന നയങ്ങളാണ് അവ. ഭാവിയില്‍ അവയുടെ തിക്തഫലം അനുഭവിച്ച് ജനങ്ങള്‍ തിരിച്ചടിയ്ക്കാന്‍ തുടങ്ങുമ്പോള്‍ അതൊരു ജനകീയ കലാപമായി ഉയര്‍ന്നു വരാതിരിക്കാന്‍ വേണ്ടി കോര്‍പ്പറേറ്റുകള്‍ തങ്ങളുടെ മാദ്ധ്യമങ്ങളിലൂടെ പുതിയൊരു നേതാവിനെ സൃഷ്ടിക്കുന്നു. അതു കൊണ്ടാണ് ജനങ്ങളുടെ ആരോഗ്യത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും അടക്കമുള്ള കാര്യങ്ങളില്‍ കേരളത്തിന്റെയും കോര്‍പ്പറേറ്റുകള്‍ തന്നെ അംഗീകരിക്കുന്ന വികസന സൂചിക പ്രകാരം തമിഴ് നാടിന്റെയും പിന്നില്‍ നില്‍ക്കുന്നതായിട്ടും ഗുജറാത്തിനെ പണ്ട് ആന്ധ്രയുടെ കാര്യത്തില്‍ ചെയ്തതു പോലെ, ഇപ്പോള്‍ അതിലും എത്രയോ ശക്തിയായി മഹത്വവല്‍ക്കരിക്കരിക്കുകയും അതിന്റെ സൂത്രധാരനെന്ന പേരില്‍ നരേന്ദ്രമോദിയെ ആസൂത്രതിതമായി കോര്‍പ്പറേറ്റുകള്‍ മാദ്ധ്യമങ്ങളിലൂടെ പ്രകീര്‍ത്തിക്കുകയും ചെയ്തത്. ചുരുക്കത്തില്‍ ഗോര്‍ബ്ബച്ചേവിനെയും ചന്ദ്രബാബു നായിഡുവിനെയും മന്‍മോഹനെയും വിഗ്രഹവല്‍ക്കിരച്ചവര്‍ തന്നെയാണ് ഇതിന്റെയും പിന്നിലുള്ളത്.

കോര്‍പ്പറേറ്റ് മാദ്ധ്യമങ്ങളുടെ മറ്റൊരു കൃത്യം നോക്കുക. അമേരിക്കയിലെ സമ്പദ് വ്യവസ്ഥയില്‍ ആരംഭിച്ച മഞ്ഞുരുക്കം ആഗോളതലത്തില്‍ പ്രതിസന്ധി സൃഷ്ടിച്ചപ്പോള്‍ കോര്‍പ്പറേറ്റുകളുടെ പ്രതിസന്ധി പരിഹരിക്കാന്‍ വേണ്ടി കൂടുതല്‍ ഭാരം സാധാരണക്കാരുടെ മേല്‍ അടിച്ചേല്‍പ്പിക്കകുകയാണ് അമേരിക്ക ചെയ്തത്. പ്രതിസന്ധി ആരംഭിച്ചിട്ട് ഇക്കാലമത്രയും കഴിഞ്ഞിട്ടും പ്രതിസന്ധിയ്ക്ക് മുമ്പുണ്ടായിരുന്ന വളര്‍ച്ച കൈവരിക്കാന്‍ ഇന്നേ വരെ കഴിഞ്ഞിട്ടില്ല എന്ന വസ്തുത ഐഎംഎഫിന്റെ വേള്‍ഡ് ഇക്കണോമിക് റിവ്യൂവിന്റെ ഒടുവിലത്തെ എഡിഷന്‍ വെളിപ്പെടുത്തുന്നുണ്ടെങ്കിലും ഇന്ത്യയിലെ അടക്കമുള്ള കോര്‍പ്പറേറ്റ് മാദ്ധ്യമങ്ങള്‍ മൂടി വെയ്ക്കുകയാണ് ചെയ്യുന്നത്. കോര്‍പ്പറേറ്റുകളെ രക്ഷപ്പെടുത്തിക്കൊണ്ട് രാജ്യത്തെ വളര്‍ച്ച തിരിച്ചു കൊണ്ടു വരാന്‍ കഴിയില്ലെന്ന് നഗ്നസത്യമാണ് ഐഎംഎഫ് പ്രസിദ്ധീകരണം തന്നെ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇത്തരം വാര്‍ത്തകള്‍ തമസ്കരിക്കാന്‍ കോര്‍പ്പറേറ്റ് മാദ്ധ്യമങ്ങള്‍ എക്കാലത്തും നിഷ്ക്കര്‍ഷ പുലര്‍ത്തിയിട്ടുണ്ട്.

ഇനി പാര്‍ലമെന്റിലേയ്ക്ക് വരാം. 82 ശതമാനം അംഗങ്ങള്‍ക്കും ഒരു കോടിയിലേറെ ആസ്തിയുണ്ട്. ഒരു ശരാശരി ബിജെപി അംഗത്തിന് 11 കോടിയിലേറെ ആസ്തിയുണ്ട്. പുതിയ ബിജെപി എംപിമാരില്‍ മൂന്നിലൊന്നു പേരും ക്രിമിനല്‍ കേസുകളില്‍ പെടുമ്പോള്‍ അഞ്ചിലൊന്ന് പേര്‍ ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. ഇതൊന്നും ജനങ്ങളിലെത്താതിരിക്കാന്‍ വേണ്ടി കണ്ണഞ്ചിക്കുന്ന പ്രചാരണമാണ് കോര്‍പ്പറേറ്റ് മാദ്ധ്യമങ്ങള്‍ നടത്തുന്നത്.

കേരളത്തിലെ ചിന്തിയ്ക്കുന്ന ജനവിഭാഗങ്ങള്‍ക്കിടയില്‍ പോലും ഇത്തരത്തില്‍ സ്വാധീനം ചെലുത്താന്‍ കോര്‍പ്പറേറ്റ് മാദ്ധ്യമങ്ങള്‍ക്ക് കഴിയുന്നതിന് കാരണം കേരളത്തിലെ ഇടതു പുരോഗമന ശക്തികളുടെ അപചയ-ദൗര്‍ബ്ബല്യങ്ങളാണ്. പരനാറി പ്രയോഗത്തിന്റെ അര്‍ത്ഥ വ്യാപ്തി ചര്‍ച്ച ചെയ്തു കൊണ്ട് മലര്‍ന്നു കിടന്ന് തുപ്പുകയാണ് സമൂഹത്തോട് ഉത്തരവാദപ്പെട്ടവരെന്ന് ജനങ്ങള്‍ ഇപ്പോഴും കരുതുന്ന മുഖ്യധാരാ ഇടതു പക്ഷം ചെയ്യുന്നത്. ഇടതു സഹയാത്രികനെന്നറിയപ്പെടുന്ന ഡോ.ഇക്ബാല്‍ ബിജെപിയുടെ ആരോഗ്യമന്ത്രിയെ പ്രകീര്‍ത്തിക്കുന്നതും ഇതിന്റെ കൂടി ഫലമായി ആരോഗ്യ-വിദ്യാഭ്യാസ-വികസന മേഖലകള്‍ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ക്കതീതമാണെന്ന മദ്ധ്യവര്‍ഗ്ഗ അരാഷ്ട്രീയ സങ്കല്‍പ്പങ്ങളില്‍ നിന്നാണ്. പള്ളിയുടെയും മറ്റും വലതു ചിന്തകളോട് അടവുകളുടെ പേരില്‍ ചേര്‍ന്ന് ജയിപ്പിച്ച് പാര്‍ലമന്റിലേയ്ക്ക് വിട്ടവര്‍ ഇപ്പോഴേ പ്രയോഗിക്കുന്ന ഭാഷ മോദിയുടെ ഫാസിസത്തിനെതിരെയും കോര്‍പ്പറേറ്റ് വല്‍ക്കരണത്തിനെതിരെയും പോരാടുമെന്നതല്ല, മറിച്ച് മോദി നല്ലതു ചെയ്താല്‍ നല്ലതെന്ന് പറയുമെന്നതാണ്. തോറ്റു പോയവരാകട്ടെ പാര്‍ലമെന്റ് എന്നത് പന്നിക്കൂടല്ല എന്നും പൊളിറ്റ് ബ്യൂറോയേക്കാളും പരിപാവനമാണെന്നും മറ്റുമുള്ള മട്ടില്‍ ജയിച്ച് സ്ഥലം വിട്ടു പോകാന്‍ കഴിയാഞ്ഞതിന്റെ പേരില്‍ ചാനലുകളുടെ മുന്നിലിരുന്ന് നേതൃത്വത്തെ തള്ളിപ്പറയുന്നു.

മോദിയോ ഒബാമയോ അല്ല, സാമ്രാജ്യത്വ ഏജന്‍സികളായ കോര്‍പ്പറേറ്റുകളാണ് യഥാര്‍ത്തില്‍ ഇന്ത്യയായാലും അമേരിക്ക ആയാലും ആധിപത്യം ചെലുത്തുന്നതെന്നും ആഗോളീകരണ- നവ ഉദാരീകരണ നയങ്ങളിലൂടെ തങ്ങള്‍ക്കനുഗുണവും ജനദ്രോഹപരവുമായ വികസന പരിപാടികള്‍ ആവിഷ്ക്കരിക്കുകയാണ് അവയുടെ ലക്ഷ്യമെന്നും ആഗോള ഫൈനാന്‍സ് മൂലധനമാണ് ഇതിന്റെ ചാലക ശക്തിയെന്നും ഇതൊക്കെ പ്രതിസന്ധിയില്‍ നിന്ന് പ്രതിസന്ധിയിലേക്ക് മാത്രമാണ് പോകുന്നതെന്നും ജനകീയ ഉയിര്‍ത്തെഴുന്നേല്‍പ്പുകളില്‍ നിന്ന് ശ്രദ്ധ തിരിച്ചു വിടാന്‍ അതാത് സമയങ്ങളില്‍ ഉദയം ചെയ്യുന്ന കോര്‍പ്പറേറ്റ് അവതാരങ്ങള്‍ മാത്രമാണ് മന്‍മോഹനും മോദിയുമൊക്കെയെന്നും അടക്കമുള്ള കാര്യങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുകയെന്ന പ്രധാന ദൗത്യം മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റുകള്‍ ഏറ്റെടുക്കേണ്ടതുണ്ട്.

ചരിത്രത്തെ ലളിതവല്‍ക്കരിക്കുകയും നിരസിക്കുകയും ചെയ്തു കൊണ്ട് വര്‍ത്തമാനത്തിന്റെ പളപളപ്പില്‍ മയങ്ങുകയോ ഫാസിസത്തെ ഭയപ്പെട്ട് അരാഷ്ട്രീയത്തിന്റെ പൊത്തിലൊളിയ്ക്കുകയോ അല്ല, ചരിത്രത്തിന്റെ സമ്പന്നതയ്ക്ക്  പ്രാമുഖ്യം കല്‍പ്പിക്കണമെന്ന ലെനിന്റെ വാക്കുകള്‍ ഓര്‍ത്ത് രാഷ്ട്രീയ ഉത്തരവാദിത്തം നിറവേറ്റുകയാണ് ഇടതു ശക്തികള്‍ ചെയ്യേണ്ടത്.


കാർട്ടൂണിനു  കടപ്പാട് : http://namovsrahul.in