Friday, 27 September 2013

നരേന്ദ്ര മോഡി എന്ന ഓലപ്പാമ്പ്

നരേന്ദ്ര മോഡി ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥി ആയി തെരഞ്ഞെടുക്കപ്പെട്ടതോടെ ഒരു വൻദുരന്തം വരാൻ പോകുന്നു എന്ന അർത്ഥത്തിൽ സോഷ്യൽ നെറ്റ് വർക്കുകളിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. ഇതിനു അനുപൂരകമായി ബിജെപി ആരാധകരിൽ നിന്നും ആഹ്ളാദത്തിന്റെ അലയടികളും ഉയരുന്നു. ഇത്രമാത്രം ആനന്ദിക്കുവാനും ഭയപ്പെടുവാനും എന്താണ് മോഡിയിൽ ഉള്ളത്. നരേന്ദ്രമോഡിക്ക് ഗുജറാത്തിൽ വർഗ്ഗീയതയും ഭീകരതയും സൃഷ്ടിക്കുവാൻ കഴിഞ്ഞത് ഗുജറാത്തിന്റെ മാത്രം പ്രത്യേക പരിതസ്ഥിതിക്കുള്ളിലാണ്. കാരണം ഗുജറാത്ത് വളരെ കാലങ്ങളായി വർഗ്ഗീയമായി പുകഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. അവിടത്തെ മതേതര ശക്ത്തികൾ തീര്ത്തും ദുർബലരായിരുന്നു ഇപ്പോഴും അങ്ങനെ തന്നെ തുടരുന്നു. കോണ്ഗ്രസ് ആകട്ടെ അഴിമതിയുടേയും മൃദുല വർഗ്ഗീയതയുടെയും കൂത്തരങ്ങാണ്. തീർത്തും ദുർബലമായ പ്രതിപക്ഷമാണ് ഗുജറാത്തിൽ നരേന്ദ്ര മോഡിയെ വീണ്ടും വീണ്ടും വിജയിപ്പിക്കുന്നത്. പ്രത്യക്ഷത്തിൽ കാണാവുന്ന ചില വികസന തന്ത്രങ്ങൾ നഗരങ്ങളിൽ ആവിഷ്ക്കരിച്ചതൊഴിച്ചാൽ ഗുജറാത്തിന്റെ സ്ഥിതി മറ്റു സംസ്ഥാനങ്ങളിൽ നിന്നും വളരെ താഴെയാണെന്നാണ് കണക്കുകൾ കാണിക്കുന്നത്.

ഇനി നരേന്ദ്രമോഡി പ്രധാനമന്ത്രി ആയാൽ (അത് ഇന്നത്തെ സാഹചര്യത്തിൽ സംഭവിക്കാൻ പോകുന്നില്ല എങ്കിലും) എന്തു മാജിക്ക് ആണ് അദ്ദേഹം കാണിക്കുവാൻ പോകുന്നത്? കോണ്ഗ്രസ്സിന്റെ സാമ്പത്തിക നിലപാടിൽ നിന്നും വിരുദ്ധമായ എന്ത് നിലപാടാണ് നരേന്ദ്ര മോഡിക്ക് മുന്നോട്ടുവെക്കുവാനുള്ളത്? തകർന്നു തരിപ്പണമായ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ പിടിച്ചുയർത്താൻ ഇതുവരെ സംഘപരിവാറോ ബിജെപ്പിയോ ഒരു പദ്ധതികളും ആവിഷ്ക്കരിച്ചതായി കേട്ട് കേൾവിയില്ല. അവർ അധികാരത്തിൽ ഇരുന്ന നാളുകളിലും സംസ്ഥാങ്ങളിലും കോണ്ഗ്രസ്സ് തുടരുന്ന അതേ നയങ്ങൾ വള്ളി പുള്ളി വിടാതെ പിന്തുടരുകയാണ്.

ഇനി ഇന്ത്യയെ വർഗ്ഗീയ വത്ക്കരിക്കാൻ നരേന്ദ്രമോഡിക്ക് ആവുമോ? ഗുജറാത്ത് ആണോ ഇന്ത്യ? സംഘപരിവാർ ശക്തികൾക്ക് കഴിയാത്ത എന്ത് മന്ത്രമാണ് നരേന്ദ്ര മോഡിയിൽ ഉള്ളത്. ഇന്ത്യയിലെ ഹിന്ദുവിനെ ജാതികൾക്ക് അതീതമായി ഐക്യപ്പെടുത്താൻ സംഘപരിവാറിനു ഒരിക്കലും സാദ്ധ്യമല്ല. ബ്രാഹ്മണ മേധാവിത്തം നയിക്കുന്ന ആ പാർട്ടിക്കും പ്രസ്ഥാനത്തിനും ഹിറ്റ്ലറെപ്പോലെ അജയ്യ ശക്തിയാവുക ഇന്ത്യയെ പോലെ ജാതി ഭാഷാ വൈവിദ്ധ്യമുള്ള ഒരു രാജ്യത്ത് അസാദ്ധ്യമായ സംഭവമാണ്. ദളിതരേയും മറ്റു പിന്നോക്ക വിഭാഗങ്ങളേയും ഐക്യപ്പെടുത്താനോ അവരുടെ പ്രശ്നങ്ങൾക്ക് ചെറുതായ പരിഹാരം കാണാനോ നരേന്ദ്രമോഡിക്കോ കക്ഷികൾക്കോ കഴിയില്ലെന്ന് അവർക്ക് തന്നെ അറിയാം. അതുകൊണ്ട് തന്നെയാണ് ഭാരതമെമ്പാടും വർഗ്ഗീയ വിഷം ചീറ്റിയിട്ടും ബിജെപി ചില സംസ്ഥാനങ്ങളിൽ മാത്രം ഒതുങ്ങിപോയത്. പകരം നാം കണ്ടതുപോലെ ജാതി ഭാഷാ പാർട്ടികൾ ആണ് ഓരോ സംസ്ഥാനങ്ങളിലും അധികാരത്തിൽ വന്നത് .

നമുക്കറിയാവുന്നതുപോലെ നരേന്ദ്ര മോഡിയല്ല സാക്ഷാൽ ശ്രീപരമേശ്വരൻ ഇറങ്ങിവന്നാലും മായാവതിയെപോലെ ജയലളിതയെപോലെ ഉള്ള പാർട്ടികളുടെ, പിന്തുണയില്ലാതെ ബിജെപിക്കോ കൊണ്ഗ്രസ്സിനോ അധികാരത്തിൽ തിരിച്ചുവരുവാൻ ആവില്ല. പിന്നെ എന്തിനാണ് നരേന്ദ്രമോഡി നരേന്ദ്രമോഡി എന്ന് നമ്മുടെ എഫ് ബിയിലേയും മാദ്ധ്യമങ്ങളിലേയും ഇടതു വലതു സുഹൃത്തുക്കൾ വിളിച്ചു കൂവുന്നത്.

ഇതിന്റെ ഒരു മറുപുറം കോണ്ഗ്രസ്സുമായി ഐക്യപ്പെടാനും കോണ്ഗ്രസ്സിനെ വീണ്ടും പിന്തുണയ്ക്കാനും ഉള്ള പ്രകാശ് കാരാട്ടിന്റെയും അവരുടെ പാർട്ടിയുടേയും ശ്രമങ്ങളാണ്. രാജ്യത്തെ രാജ്യം കണ്ട ഏറ്റവും വലിയ സാമ്പത്തീക പ്രതിസന്ധിയിൽ എത്തിച്ചിട്ടും വീണ്ടും അതേ കോണ്ഗ്രസ്സിനെ പിന്തുണച്ചുകൊണ്ട് അതിന്റെ വാലായി തുടരാനാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ശ്രമിക്കുന്നത്. നമ്മുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം സംഭവിക്കുന്നത്‌ ഇങ്ങനെയാണ്. ദേശവ്യാപകമായി ഉയര്ന്നു വന്നിട്ടുള്ള  ഭരണകൂട വിരുദ്ധതയെ മുന്നോട്ടു കൊണ്ടുപോവുകയും കോണ്ഗ്രസ്സും അതിന്റെ ഇന്നുവരേക്കുള്ള സാമ്രാജ്യത്ത ദാസ്യവും സൃഷ്ട്ടിച്ച സാമ്പത്തിക പ്രതിസദ്ധിയിൽ നിന്നും രാജ്യത്തെ രക്ഷിക്കാതെ വീണ്ടും അതേ രാഷ്ട്രീയ മേലാളന്മാരുടെ കുഴലൂത്തുകാരായി മാറുന്ന അപഹാസ്യമായ അവസ്ഥയിലേക്കാണ് ഇടതുപക്ഷങ്ങൾ എത്തിച്ചേരുന്നത്. ഇതിനു അനുപൂരകമായ മാനസീക അവസ്ഥ സംജാതമാക്കുകയാണ് നമ്മുടെ എഫ് ബി എഴുത്തു കാരായ നരേന്ദ്രമോഡി വിരുദ്ധർ ചെയ്തുകൊണ്ടിരിക്കുന്നത്. ഫലം നമ്മുടെ ചർച്ചകൾ നരേന്ദ്രമോഡി എന്ന ഓലപ്പാമ്പ്  മാത്രമായിതീർന്നിരിക്കുന്നു.

ഭരണ വര്ഗ്ഗം ആഗ്രഹിക്കുന്നതും ഇതു തന്നെയാണ്. രാഷ്ട്രീയ മായ എതിർപ്പുകളേയും ചർച്ചകളേയും വഴിതിരിച്ചുവിടുവാനും വീണ്ടും തങ്ങളുടെ ഭീകരഭരണം തുടരാനും നരേന്ദ്രമോഡി അവർക്കൊരു ആശ്വാസമായിരിക്കുന്നു.